Industry

ഫാക്ടിന്റെ വിപണി മൂല്യം ₹52,000 കോടി കടന്നു, ഇന്ന് ഓഹരി 10% കുതിച്ചു

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത് 2053% നേട്ടം

Dhanam News Desk

കൊച്ചി ആസ്ഥാനമായ പൊതുമേഖലാ വളം നിര്‍മാണക്കമ്പനിയായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെ (ഫാക്റ്റ്/FACT) ഓഹരികളില്‍ കുതിപ്പ്. ഇന്ന് 10 ശതമാനത്തോളം ഉയര്‍ന്ന ഓഹരി 813.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനിയുടെ വിപണിമൂല്യം ആദ്യമായി 52,000 കോടി രൂപ ഭേദിച്ചു.

വളം കമ്പനികള്‍ക്കുള്‍പ്പെടെയുള്ള സബ്‌സിഡിക്കായി 58,000 കോടിയുടെ പാക്കേജിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റിന്റെ അനുമതി നേടിയതാണ് ഫാക്ട് ഉള്‍പ്പെടെയുള്ള ഓഹരികളുടെ കുതിപ്പിന് സഹായകമായത്.

ഇന്ന് 744.45 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരി ഒരുവേള 739 രൂപവരെ താഴ്‌ന്നെങ്കിലും പിന്നീട് 813.10 രൂപയിലേക്ക് കുതിച്ചതാണ് വിപണി മൂല്യം ഉയര്‍ത്തിയത്. 52,000 കോടി രൂപ ഭേദിക്കുന്ന രണ്ടാമത്തെ കേരള കമ്പനിയാണ് ഫാക്ട്. മുത്തൂറ്റ് ഫിനാന്‍സാണ് കേരളത്തില്‍ നിന്ന് ആദ്യം ഈ നേട്ടം പിന്നിട്ടത്. നിലവില്‍ 57,496.82 കോടി രൂപയാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണി മൂല്യം. നിലവിലെ ട്രെന്‍ഡുമായി നോക്കിയാല്‍ അധികം വൈകാതെ മുത്തൂറ്റ് ഫിനാന്‍സിനെ ഫാക്ട് ഉടന്‍ മറികടന്നേക്കുമോ എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.

കുതിപ്പിന്റെ ഫാക്ട്

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഫാക്ട് ഓഹരികള്‍ കുതിപ്പിലാണ്. 2018 നവംബര്‍ ഒന്നിന് വെറും 36.85 രൂപയായിരുന്ന ഓഹരിയാണ് ഇന്ന് 813 രൂപയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയ നേട്ടം 2053.91 ശതമാനമാണ്. ഒരു വര്‍ഷകണക്കില്‍ ഇത് 451 ശതമാനവും മൂന്നു മാസത്തില്‍ 48.85 ശതമാനവുമാണ്.

ഇക്കഴിഞ്ഞ നവംബര്‍ ഒന്നിനാണ് ഫാക്ടിന്റെ വിപണി മൂല്യം 50,000 കോടി കടക്കുന്നത്. ഒരു മാസം പിന്നിടുമ്പോള്‍ 2,000 കോടി രൂപയാണ് ഫാക്ട് ഓഹരികള്‍ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT