Image courtesy: Canva
Industry

വൻ ഡിസ്കൗണ്ട് കണ്ടാൽ ചാടിവീഴല്ലേ! ഫെസ്റ്റീവ് സെയിലിലെ ജെന്‍സികളെ വീഴ്ത്തുന്ന ഓഫർ വില പരിശോധിക്കേണ്ടത് ഇങ്ങനെ

ആവശ്യമില്ലാത്ത സാധനങ്ങൾ ഡിസ്കൗണ്ട് ഉണ്ടെന്ന ഒറ്റ കാരണത്താൽ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക

Dhanam News Desk

ഓണം, ദീപാവലി, ബിഗ് ബില്യൺ ഡേയ്‌സ് തുടങ്ങിയ ഫെസ്റ്റീവ് സെയിലുകളിൽ വൻതോതിലുള്ള ഡിസ്കൗണ്ടുകൾ കണ്ടാണ് ഭൂരിഭാഗം ആളുകളും ഓൺലൈൻ-ഓഫ്‌ലൈൻ ഷോപ്പിംഗിനായി ഇറങ്ങിപ്പുറപ്പെടുന്നത്. എന്നാൽ ഈ ആനുകൂല്യങ്ങൾക്ക് പിന്നിൽ ഉപഭോക്താക്കളെ കൊണ്ട് കൂടുതൽ പണം ചെലവഴിപ്പിക്കാൻ കമ്പനികൾ ഒരുക്കുന്ന തന്ത്രപരമായ കെണികളും ഡാർക്ക് പാറ്റേണുകളും (Dark Patterns) നിലനിൽക്കുന്നുണ്ട്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 8 ന് ആരംഭിച്ചു, ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് ഇന്ന് (ഒക്ടോബർ 9) മുതല്‍ തുടങ്ങുകയാണ്. കൂടുതലും ജെന്‍ സി തലമുറയും (1997 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ ജനിച്ചവര്‍) മില്ലേനിയം ചെറുപ്പക്കാരുമാണ് ( 1981-നും 1996-നും ഇടയിൽ ജനിച്ചവര്‍) ഇത്തരം ഓഫറുകളുടെ പിന്നാലെ പായുന്നത്.

തന്ത്രപരമായ കെണികള്‍

ഇത്തരത്തിൽ ഉപഭോക്താക്കളെ വീഴ്ത്താൻ കമ്പനികൾ ഉപയോഗിക്കുന്ന പ്രധാന അഞ്ച് വിദ്യകൾ താഴെ പറയുന്നവയാണ്:

ഫേക്ക് ഡിസ്കൗണ്ട് (Fake Discounts): യഥാർത്ഥത്തിൽ വില കുറയ്ക്കാതെ എം.ആർ.പി (MRP) കൃത്രിമമായി ഉയർത്തിക്കാട്ടി വലിയ ശതമാനം ഡിസ്കൗണ്ട് തോന്നിപ്പിക്കുന്ന രീതിയാണിത്. ഉദാഹരണത്തിന്, മാസങ്ങളായി ₹49,999-ന് വിൽക്കുന്ന ഒരു ഫോൺ ₹74,999-ൽ നിന്ന് 33% വില കുറച്ച് വിൽക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് ഉപഭോക്താക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കാനുള്ള ആങ്കറിംഗ് (Anchoring) തന്ത്രമാണ്.

കൂടുതൽ ചെലവഴിപ്പിക്കുന്ന ട്രാപ്പ് (Spend More Trap): "₹2,000 തുകയ്ക്ക് കൂടി സാധനങ്ങൾ വാങ്ങിയാൽ ₹500 ഇളവ്" എന്ന രീതിയിലുള്ള ബാനറുകൾ കണ്ട് ആകൃഷ്ടരായി ആസൂത്രണം ചെയ്യാത്ത സാധനങ്ങൾ വാങ്ങി ഉപഭോക്താക്കൾ കൂടുതൽ പണം നഷ്ടപ്പെടുത്തുന്നു.

ഫേക്ക് പ്രൈസ് & ഡ്രിപ്പ് പ്രൈസിംഗ് (Fake Price & Drip Pricing): പ്രോഡക്റ്റ് പേജിൽ കാണിക്കുന്ന കുറഞ്ഞ വില ഏതെങ്കിലും പ്രത്യേക ബാങ്ക് കാർഡിന് മാത്രമായിരിക്കും. കൂടാതെ, ചെക്ക്ഔട്ട് ഘട്ടത്തിൽ എത്തുമ്പോൾ ഹാൻഡ്‌ലിംഗ് ഫീ, കൺവീനിയൻസ് ഫീ തുടങ്ങിയ പേരിൽ അധിക തുക ചേർക്കുന്ന ഡ്രിപ്പ് പ്രൈസിംഗ് രീതിയും കാണാം.

നോ-കോസ്റ്റ് ഇഎംഐ ട്രാപ്പ് (No-Cost EMI Trap): പൂർണ തുക നൽകി വാങ്ങുന്നവരേക്കാൾ കൂടുതൽ ഇളവ് ക്രെഡിറ്റ് കാർഡ് ഇഎംഐയിലൂടെ വാങ്ങുന്നവർക്ക് നൽകി ഉപഭോക്താക്കളെ കടമെടുക്കാൻ പ്രേരിപ്പിക്കുന്നു. ഇന്ത്യയിലെ ഗാർഹിക കടം ജി.ഡി.പിയുടെ 47.8 ശതമാനമായി ഉയർന്നത് ഇത്തരത്തിൽ ആളുകൾ വായ്പകളിലേക്ക് ആകർഷിക്കപ്പെടുന്നതുകൊണ്ടാണ്.

ധൃതിപിടിപ്പിക്കല്‍ (False Urgency): "ഡീൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ അവസാനിക്കും" അല്ലെങ്കിൽ "2 എണ്ണം മാത്രം ബാക്കി" എന്ന് കാണിക്കുന്ന ടൈമറുകളിലൂടെ ഉപഭോക്താവിന് ചിന്തിക്കാൻ സമയം നൽകാതെ ധൃതിപിടിച്ച് സാധനങ്ങൾ വാങ്ങിപ്പിക്കുന്നു.

എങ്ങനെ ജാഗ്രത പാലിക്കാം?

ഓഫർ പ്രൈസുകളെ കണ്ണടച്ച് വിശ്വസിക്കാതെ പ്രൈസ് ഹിസ്റ്ററി ചെക്കറുകൾ ഉപയോഗിച്ച് മുൻ മാസങ്ങളിലെ യഥാർത്ഥ വില പരിശോധിക്കുക. ഷോപ്പിംഗിന് മുൻപ് വ്യക്തമായ ബഡ്ജറ്റ് തയ്യാറാക്കുകയും, ചെക്ക്ഔട്ട് പേജിലെ അവസാന തുക മാത്രം കണക്കിലെടുക്കുകയും ചെയ്യുക. ആവശ്യമില്ലാത്ത സാധനങ്ങൾ ഡിസ്കൗണ്ട് ഉണ്ടെന്ന ഒറ്റ കാരണത്താൽ വാങ്ങാതിരിക്കുകയാണ് സാമ്പത്തിക ഭദ്രതയ്ക്ക് പ്രധാനം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT