ജിഎസ്ടി നിരക്കുകളിൽ കുറവ് വരുത്തിയിട്ടും 2025 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള ഉത്സവകാലയളവിൽ ഉപഭോഗവസ്തുക്കളുടെ വിൽപനയിൽ (Consumer durables) കാര്യമായ മുന്നേറ്റം ഉണ്ടായില്ല. നിത്യോപയോഗ സാധനങ്ങളുടെ ഉൽപ്പാദനം മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോൾ ഇലക്ട്രോണിക്സ്, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളുടെ (Consumer durables) ഉൽപ്പാദനം രണ്ട് വർഷത്തെ താഴ്ന്ന നിലയിലേക്ക് പതിച്ചു.
സോപ്പ്, ഷാംപൂ പോലുളള നിത്യോപയോഗ സാധനങ്ങളുടെ ഉൽപ്പാദനം ഈ ഉത്സവകാലത്ത് വെറും 0.6 ശതമാനം മാത്രമാണ് വളർന്നത്. മുൻവർഷങ്ങളിൽ ഇത് 1.9 ശതമാനം മുതൽ 3 ശതമാനം വരെയായിരുന്നു. ഉപഭോക്താക്കൾ ഇപ്പോഴും അത്യാവശ്യ സാധനങ്ങൾക്ക് മാത്രം മുൻഗണന നൽകുന്നതും ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കാൻ മടിക്കുന്നതുമാണ് ഇതിന് പ്രധാന കാരണമായി കരുതപ്പെടുന്നത്.
വൻകിട വീട്ടുപകരണങ്ങളുടെ മേഖലയിലും ഇടിവ് പ്രകടമാണ്. കഴിഞ്ഞ വർഷം ഉത്സവകാലത്ത് 8.7 ശതമാനം വളർച്ച രേഖപ്പെടുത്തിയ ഈ മേഖലയിൽ ഇത്തവണ 6.3 ശതമാനം വളർച്ച മാത്രമാണ് ഉണ്ടായത്. കടകളിലും ഷോറൂമുകളിലും ജനത്തിരക്ക് അനുഭവപ്പെട്ടെങ്കിലും ഉൽപ്പാദന ചക്രത്തിൽ വലിയൊരു കുതിച്ചുചാട്ടം ഉണ്ടായില്ല. ഒക്ടോബർ-നവംബർ മാസങ്ങളിലെ വ്യവസായ ഉൽപ്പാദന വളർച്ച (IIP) രണ്ടാം പാദത്തേക്കാൾ കുറഞ്ഞതായും (3.6%) കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം വരും മാസങ്ങളിൽ പലിശ നിരക്കിലെ കുറവും ആദായനികുതിയിളവുകളും ഉപഭോഗം വർദ്ധിപ്പിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധർ. മെച്ചപ്പെട്ട കാർഷിക വിളവെടുപ്പും സേവന മേഖലയിലെ വളർച്ചയും സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്.
Despite GST cuts, India's festive season fails to boost consumer durables sales as production hits lows.
Read DhanamOnline in English
Subscribe to Dhanam Magazine