Image courtesy:HLL Lifecare 
Industry

എതിര്‍പ്പിനിടയിലും ഈ കേരള കമ്പനി വില്‍ക്കാന്‍ കേന്ദ്രം

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം തടയാനുള്ള അഭ്യര്‍ത്ഥന സര്‍ക്കാര്‍ പരിഗണിക്കില്ലെന്ന് കേന്ദ്രം

Dhanam News Desk

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ (HLL Lifecare Limited) സ്വകാര്യ വത്കരണത്തിനായി സെപ്റ്റംബറില്‍ ധനമന്ത്രാലയം സാമ്പത്തിക ബിഡ്ഡുകള്‍ ക്ഷണിക്കാന്‍ സാധ്യതയുണ്ടെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഓഹരി വാങ്ങല്‍ കരാറില്‍ (share purchase agreement) ബദല്‍ സംവിധാനത്തിന്റെ (Alternative Mechanism) അംഗീകാരത്തിന് കാത്തിരിക്കുകയാണ്.

വില്‍പനയുടെ നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍, ആരോഗ്യ കുടുംബക്ഷേമ മന്ത്രി എന്നിവരടങ്ങുന്ന സമിതിയാണ് ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട ബദല്‍ സംവിധാനം. ഓഹരി വാങ്ങല്‍ കരാറിന് വൈകാതെ ബദല്‍ സംവിധാനത്തിന്റെ അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കെ.എസ്.ഐ.ഡി.സിക്ക് യോഗ്യത നേടാനായില്ല

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) 2022-ല്‍ എച്ച്.എല്‍.എല്‍ ലൈഫ്കെയറിലെ സര്‍ക്കാരിന്റെ 100 ശതമാനം ഓഹരികളും വില്‍ക്കുന്നതിനുള്ള പ്രാഥമിക ബിഡ്ഡുകള്‍ ക്ഷണിച്ചതിന് പിന്നാലെ, ലേലത്തില്‍ പങ്കെടുക്കാന്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും (കെ.എസ്.ഐ.ഡി.സി) അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ യോഗ്യത നേടാനായില്ല.

എതിര്‍പ്പിനിടയിലും മാറ്റമില്ലാതെ

നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം തടയാനുള്ള അഭ്യര്‍ത്ഥന സര്‍ക്കാര്‍ പരിഗണിക്കില്ലെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കിഷൻറാവു കരാഡ് അടുത്തിടെ പാര്‍ലമെന്റിനെ അറിയിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ എച്ച്.എല്‍.എല്‍ ലൈഫ് കെയറിന്റെ ഓഹരി വിറ്റഴിക്കല്‍ കാര്യം വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. 

കമ്പനി സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തെ സംസ്ഥാന സര്‍ക്കാരും തൊഴിലാളികളും എതിര്‍ത്തിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചാണ് എതിര്‍പ്പിനിടയിലും മാറ്റമില്ലാതെ സ്വകാര്യവല്‍ക്കരണം എന്ന തീരുമാനവുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്. സ്വകാര്യവല്‍ക്കരണത്തിന് ശേഷം ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമത, ലാഭക്ഷമത എന്നിവയിലെ വളര്‍ച്ചയോടെ ജീവനക്കാരുടെ സാധ്യതകളും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഓഹരി വിറ്റഴിക്കുമ്പോള്‍ ജീവനക്കാരെ സംരക്ഷിക്കുന്ന വിഷയത്തില്‍ കേന്ദ്രം അവകാശപ്പെടുന്നു

മികച്ച വളര്‍ച്ച

ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങള്‍, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍, ആശുപത്രിയിലേക്ക് വേണ്ട ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍, മറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ (ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്). ആരോഗ്യ പരിപാലന മേഖലയില്‍ രാജ്യത്തിനു മികച്ച സംഭാവന നല്‍കുകയും തുടര്‍ച്ചയായി ലാഭമുണ്ടാക്കുകയും ചെയ്യുന്ന പൊതുമേഖലാ സ്ഥാപനം.

കോവിഡ് സമയത്ത് വാക്‌സിൻ ഉൾപ്പെടെ  അടിയന്തര ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ (emergency medical supplies) വാങ്ങുന്നതിലും അവയുടെ വിതരണത്തിലും പ്രധാന പങ്ക് വഹിച്ച കമ്പനിയാണിത്. ഇത് കമ്പനിയുടെ പ്രവര്‍ത്തന വരുമാനത്തില്‍ ഗണ്യമായ വളര്‍ച്ചയ്ക്ക് കാരണമായി.കമ്പനിയുടെ വരുമാനം 2019-20 സാമ്പത്തിക വര്‍ഷത്തിലെ 1,677.6 കോടി രൂപയില്‍ നിന്ന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 35,668.7 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ കോവിഡ് കുറഞ്ഞതോടെ 2023 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ വരുമാനം ഇടിഞ്ഞ് 2,412.1കോടി രൂപ രേഖപ്പെടുത്തി. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT