Industry

വാള്‍മാര്‍ട്ടിന്റെ ഫ്‌ളിപ്കാര്‍ട്ട്‌ കൂടുതല്‍ സ്മാര്‍ട്ടായി, ഓണ്‍ലൈനില്‍ സാധനം വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഇനി നേരിട്ട് വായ്പ; ബാങ്കുകള്‍ ഔട്ട്

രാജ്യത്ത് ആദ്യമായി ഇ-കൊമേഴ്‌സ് കമ്പനിക്ക് റിസര്‍വ് ബാങ്കിന്റെ ധനകാര്യ സ്ഥാപന ലൈസന്‍സ്

Dhanam News Desk

അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാര്‍ട്ടിന് ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായി (NBFC) പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി. ഫ്‌ളിപ്കാര്‍ട്ട് പ്ലാറ്റ്‌ഫോമിലെ കസ്റ്റമേഴ്‌സിനും വില്‍പ്പനക്കാര്‍ക്കും നേരിട്ട് വായ്പ അനുവദിക്കാന്‍ ഇത് വഴി സാധിക്കും. ബാങ്കുകളുമായും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായും പങ്കാളിത്തത്തിലേര്‍പ്പെട്ടുകൊണ്ടാണ് ഇതുവരെ ഫ്‌ളിപ്കാര്‍ട്ട് വായ്പകള്‍ അനുവദിച്ചിരുന്നത്.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയും ഫിന്‍ടെക് ആപ്പായ സൂപ്പര്‍ ഡോട്ട് മണി വഴിയുമാണ് വായ്പ സേവനങ്ങള്‍ നല്‍കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇ-കൊമേഴ്‌സ് കമ്പനിക്ക് ലൈസന്‍സ് ലഭിക്കുന്നത്. മത്സരാത്മകമായ വായ്പാ പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് കമ്പനിയുടെ ലഭക്ഷമത വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കുമെന്നാണ് കരുതുന്നത്.

ആക്‌സിസ് ബാങ്ക്, ഐ.ഡി.എഫ്.സി ബാങ്ക്, ക്രെഡിറ്റ് സെയ്‌സണ്‍ എന്നിവരുമായുള്ള പങ്കാളിത്തത്തിലൂടെയാണ് നിലവില്‍ ഫ്‌ളിപ് കാര്‍ട്ട് വായ്പകള്‍ നല്‍കുന്നത്. ലൈസന്‍സ് ലഭിച്ചതോടെ വരും മാസങ്ങളില്‍ തന്നെ സ്വന്തം വായ്പാ പദ്ധതികള്‍ ആരംഭിക്കാനാകും.

ഐ.പി.ഒയ്ക്ക് മുന്നോടിയായി

സിംഗപ്പൂരില്‍ നിന്ന് കമ്പനിയുടെ ആസ്ഥാനം ഇന്ത്യയിലേക്ക് മാറ്റുന്നതിന്റെയും പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തയാറെടുക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. അതേസമയം, ഇ-കൊമേഴ്‌സ് രംഗത്തെ കമ്പനിയുടെ മുഖ്യ എതിരാളിയായ ആമസോണ്‍ ബാംഗളൂര്‍ ആസ്ഥാനമായ ബാങ്ക് ഇതര സ്ഥാപനമായ ആക്‌സിയോയെ ഏറ്റെടുത്തിരുന്നെങ്കിലും ആര്‍.ബി.ഐയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.

വാള്‍മാര്‍ട്ടിന് 80 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഫ്‌ളിപ്കാര്‍ട്ട് 2022ലാണ് ലൈസന്‍സിന് അപേക്ഷിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ ആഭ്യന്തര തലത്തിലുള്ള അനുമതികള്‍ക്കും മറ്റും ശേഷമായിരിക്കും വായ്പാ പദ്ധതികള്‍ ആരംഭിക്കുക.

വാള്‍മാര്‍ട്ട് 2024ല്‍ നടത്തിയ ഫണ്ടിംഗ് റൗണ്ട് പ്രകാരം 37 ബില്യണ്‍ ഡോളറാണ് ഫ്‌ളിപ് കാര്‍ട്ടിന്റെ ആസ്തി. അന്ന് ഒരു ബില്യണ്‍ ഡോളറിന്റെ ധനസമാഹരണമാണ് നേടിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT