Image : fly91.in 
Industry

മലയാളിയുടെ വിമാനക്കമ്പനിക്ക് പറക്കാന്‍ അനുമതി; ഫ്‌ളൈ91 ആകാശത്തേക്ക്, ടിക്കറ്റ് വില്‍പന ഉടന്‍

ഉഡാന്‍ പദ്ധതിയുടെ ഭാഗമായി സര്‍വീസുകള്‍; ഗോവയും ബംഗളൂരുവുമടക്കം സര്‍വീസ് പട്ടികയില്‍

Dhanam News Desk

തൃശൂര്‍ സ്വദേശിയും വ്യോമയാന രംഗത്ത് മൂന്ന് പതിറ്റാണ്ടിലധികം പ്രവര്‍ത്തന പരിചയസമ്പത്തുമുള്ള മനോജ് ചാക്കോ നയിക്കുന്ന 'ഫ്‌ളൈ91' (Fly91) വിമാനക്കമ്പനിക്ക് സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (DGCA) നിന്ന് എയര്‍ ഓപ്പറേറ്റേഴ്‌സ് സര്‍ട്ടിഫിക്കറ്റാണ് (AOC) സ്വന്തമാക്കിയത്.

ഇന്ത്യന്‍ വംശജനായ കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേംവത്സ നയിക്കുന്ന ഫെയര്‍ഫാക്സിന്റെ ഇന്ത്യാ വിഭാഗം മേധാവിയായിരുന്ന ഹര്‍ഷ രാഘവനുമായി ചേര്‍ന്ന് മനോജ് സ്ഥാപിച്ച ജസ്റ്റ് ഉഡോ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ഫ്‌ളൈ91 പ്രവര്‍ത്തിക്കുക. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ മുന്‍ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്നു മനോജ്. ഹര്‍ഷയുടെ കണ്‍വെര്‍ജന്റ് ഫിനാന്‍സ് ആണ് മുഖ്യ നിക്ഷേപകര്‍. അവര്‍ 200 കോടി രൂപ പ്രാഥമിക മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.

ഫ്‌ളൈ91 മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ മനോജ് ചാക്കോ. തൃശൂര്‍ സ്വദേശിയാണ് മനോജ്

കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ ചെറുപട്ടണങ്ങള്‍ കോര്‍ത്തിണക്കി സര്‍വീസ് നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ 'ഉഡാന്‍' പദ്ധതിയുടെ ഭാഗാമായാണ് ഫ്‌ളൈ91 സര്‍വീസുകള്‍ നടത്തുക. ഇന്ത്യയുടെ ടെലഫോണ്‍ കോഡ് സൂചിപ്പിച്ചുകൊണ്ടാണ് പേരില്‍ 91 ചേര്‍ത്തിട്ടുള്ളത്. 'അതിരുകളില്ലാത്ത ആകാശം' (Bharat Unbound) എന്ന ടാഗ് ലൈനോടുകൂടിയതാണ് കമ്പനിയുടെ ലോഗോ. വര്‍ണാഭമായ ലോഗോയില്‍ പറക്കുന്ന ചിത്രശലഭത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹര്‍ഷ ഫ്‌ളൈ91 ചെയര്‍മാനും മനോജ് എം.ഡി ആന്‍ഡ് സി.ഇ.ഒയുമാണ്.

ടിക്കറ്റ് വില്‍പന ഉടന്‍

ഗോവ, ബംഗളൂരു, ഹൈദരാബാദ്, പൂനെ, ലക്ഷദ്വീപിലെ അഗത്തി, മഹാരാഷ്ട്രയിലെ നന്ദേഡ്, സിന്ദുദുര്‍ഗ്, ജല്‍ഗാവ് തുടങ്ങിയ നഗരങ്ങളാകും ഫ്‌ളൈ91ന്റെ പട്ടികയിലുണ്ടാവുക. 45-92 മിനിട്ട് ദൈര്‍ഘ്യമുള്ളതായിരിക്കും സര്‍വീസുകള്‍. ടിക്കറ്റ് വില്‍പന വൈകാതെ ആരംഭിക്കും. ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും ഫ്‌ളൈ91 പ്രവര്‍ത്തിക്കുക. ഐ.സി (IC) എന്നായിരിക്കും ഫ്‌ളൈ91ന്റെ കോഡ്.

വിമാനങ്ങള്‍ ഇങ്ങനെ

70 യാത്രക്കാരെ വഹിക്കുന്ന എ.ടി.ആര്‍ 72-600 വിമാനങ്ങളാണ് ഫ്‌ളൈ91 ഉപയോഗിക്കുക. സര്‍വീസ് ആരംഭിച്ച് ആദ്യ ഒരുവര്‍ഷത്തിനകം തന്നെ ആറ് വിമാനങ്ങള്‍ പാട്ടത്തിനെടുത്ത് സര്‍വീസ് നടത്തുമെന്ന് കമ്പനി നേരത്തേ വ്യക്തമാക്കിയിരുന്നു. അഞ്ചുവര്‍ഷത്തിനകം വിമാനങ്ങളുടെ എണ്ണം 40ലേക്ക് ഉയര്‍ത്തുമെന്നും കമ്പനി സൂചിപ്പിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT