Nirmala Sitharaman Canva
Industry

സെബി ആക്ട് ഇനി ഇല്ല, പുതിയ സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് കോഡ് 2025 പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; റദ്ദാകുക മൂന്ന് നിയമങ്ങള്‍, വിശദമായി അറിയാം

ദശകങ്ങള്‍ പഴക്കമുള്ള മൂന്ന് പ്രധാന നിയമങ്ങള്‍ക്ക് പകരമായാണ് ഈ പുതിയ ബില്ല് വരുന്നത്

Dhanam News Desk

ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഏകീകരിക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമായുള്ള പുതിയ നിയമസംഹിത സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് കോഡ് ബില്‍ 2025 (Securities Markets Code Bill, 2025) ലോകസഭയില്‍ അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍.

ദശകങ്ങള്‍ പഴക്കമുള്ള മൂന്ന് പ്രധാന നിയമങ്ങള്‍ക്ക് പകരമായാണ് ഈ പുതിയ ബില്ല് വരുന്നത്. 1992ലെ ആക്ട്(SEBI Act, 1992), 1996ലെ ഡെപ്പോസിറ്ററീസ് ആക്ട്(Depositories Act, 1996), 1956ലെ സെക്യൂരിറ്റീസ് കോണ്‍ട്രാക്ട്‌സ് (റെഗുലേഷന്‍) ആക്ട്(SCRA, 1956) എന്നിവയെ ലയിപ്പിച്ച് ഒരൊറ്റ നിയമസംഹിതയാക്കുന്നതിലൂടെ ഇന്ത്യന്‍ സെക്യൂരിറ്റീസ് നിയമങ്ങള്‍ ലളിതമാക്കാനാണ് ബില്ല് ലക്ഷ്യമിടുന്നത്.

കൂടുതല്‍ ലളിതം, സുതാര്യം

അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്, നിക്ഷേപക സംരക്ഷണത്തിനും മൂലധന സമാഹരണത്തിനും മുന്‍ഗണന നല്‍കുന്ന ഒരു 'ആധുനിക നിയന്ത്രണ ചട്ടക്കൂട്' (Modern Regulatory Framework) പ്രദാനം ചെയ്യാന്‍ ഈ നിയമം വിഭാവനം ചെയ്യുന്നു. ബില്ല് കൂടുതല്‍ പഠനത്തിനായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

കാലഹരണപ്പെട്ടതും അനാവശ്യവുമായ നിയമങ്ങള്‍ ഒഴിവാക്കി വിപണി നിയമങ്ങളെ ലളിതമാക്കിയിട്ടുണ്ട്.

സെബി ബോര്‍ഡ് അംഗങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അവര്‍ക്ക് നേരിട്ടോ അല്ലാതെയോ ഉള്ള താല്‍പ്പര്യങ്ങള്‍ (Conflict of Interest) ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമാക്കി.

അന്വേഷണങ്ങളും (Investigation) വിധിനിര്‍ണയവും (Adjudication) തമ്മില്‍ കൃത്യമായ അകലം പാലിക്കണമെന്നും, അന്വേഷണങ്ങള്‍ക്കും ഇടക്കാല ഉത്തരവുകള്‍ക്കും കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്'

ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന്റെ ഭാഗമായി, ചെറിയ സാങ്കേതിക പിഴവുകളെ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കി സിവില്‍ പിഴകളുടെ (Civil Penalties) പരിധിയില്‍ കൊണ്ടുവന്നു. നിയമവിരുദ്ധമായി നേടിയ ലാഭത്തിന്റെയോ ഉണ്ടാക്കിയ നഷ്ടത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും പിഴ നിശ്ചയിക്കുക. അതേസമയം, വിപണിയിലെ ഗുരുതരമായ കൃത്രിമങ്ങള്‍ക്കും ദുരുപയോഗങ്ങള്‍ക്കും കടുത്ത ശിക്ഷാനടപടികള്‍ തുടരും.

പുതിയ പരീക്ഷണങ്ങള്‍ക്ക് അവസരം

സാമ്പത്തിക സേവനങ്ങളിലും ഉല്‍പ്പന്നങ്ങളിലും പുതിയ പരീക്ഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സെബിക്ക് ഒരു റെഗുലേറ്ററി സാന്‍ഡ്ബോക്‌സ്' (Regulatory Sandbox) സ്ഥാപിക്കാന്‍ പുതിയ നിയമം അനുമതി നല്‍കുന്നു. കൂടാതെ, വ്യത്യസ്ത നിയന്ത്രണ ഏജന്‍സികള്‍ക്ക് കീഴില്‍ വരുന്ന പുതിയ നിക്ഷേപ ഉപകരണങ്ങളുടെ ലിസ്റ്റിംഗ് എളുപ്പമാക്കുന്നതിന് വിവിധ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനവും ബില്ല് ഉറപ്പാക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT