Industry

പലചരക്ക് കടകള്‍ കൂടി, മാര്‍ച്ചില്‍ ഗ്രാമീണ മേഖലകളില്‍ വില്‍പ്പന ഉയര്‍ന്നു

നഗരങ്ങളില്‍ 6.1 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്

Dhanam News Desk

രാജ്യത്ത് ഗ്രാമപ്രദേശങ്ങളില്‍ വേഗത്തില്‍ വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കളുടെ (എഫ്.എം.സി.ജി) വില്‍പ്പന മാര്‍ച്ച് മാസത്തില്‍ 17.5 ശതമാനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. അതേസമയം നഗരങ്ങളില്‍ 6.1 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. റീറ്റെയ്ല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ബിസോം പുറത്തിറക്കിയ പ്രതിമാസ റിപ്പോര്‍ട്ട് അനുസരിച്ച് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ മാര്‍ച്ചില്‍ എഫ്.എം.സി.ജി മൊത്ത വില്‍പ്പന 14.1 ശതമാനം വര്‍ധിച്ചു.

പലചരക്ക് കടകളുടെ എണ്ണം കൂടി

പാക്ക് ചെയ്ത ഭക്ഷണങ്ങള്‍, ഭവന പരിചരണ വസ്തുക്കള്‍, മിഠായി എന്നീ വിഭാഗങ്ങള്‍ മികച്ച വളര്‍ച്ച കൈവരിച്ചു. അതേസമയം പാനീയങ്ങള്‍, വ്യക്തിഗത പരിചരണ വസ്തുക്കള്‍ എന്നിവയുടെ വളര്‍ച്ച യാഥാക്രമം 1.5 ശതമാനവും 9.5 ശതമാനവുമായി കുറഞ്ഞാതായും ബിസോം റിപ്പോര്‍ട്ട് പറയുന്നു. ഗ്രാമീണ മേഖലയിലെ പലചരക്ക് കടകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത് മാര്‍ച്ചില്‍ എഫ്.എം.സി.ജി വില്‍പ്പനയില്‍ ശക്തമായ വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചതായി ബിസോം മേധാവി അക്ഷയ് ഡിസൂസ പറഞ്ഞു.

ഇടിവിനുശേഷം ഉയര്‍ന്ന്

ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും ഭക്ഷ്യ എണ്ണകളുടെയും വിലയിലെ ഉയര്‍ന്ന ഏറ്റക്കുറച്ചിലുകള്‍ കാരണം കഴിഞ്ഞ മാസം എഫ്.എം.സി.ജി ഉല്‍പന്നങ്ങളുടെ ഡിമാന്‍ഡ് അല്‍പ്പം കുറവായിരുന്നു. എന്നാല്‍ ഇപ്പോൾ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി കമ്പനികള്‍ അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ലോകമെമ്പാടും ഭക്ഷ്യവിലപ്പെരുപ്പം കുറയുമെന്നും  രാജ്യത്ത് എഫ്.എം.സി.ജി ഉല്‍പന്നങ്ങളുടെ ഉപയോഗം വര്‍ധിക്കുമെന്നും  പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT