image: @foxconn- facebook 
Industry

'ചൈന പ്ലസ് വൺ' തന്ത്രവുമായി ഫോക്‌സ്‌കോൺ; കേരളത്തിന്റെ അയല്‍ സംസ്ഥാനത്ത് 15,000 കോടിയുടെ നിക്ഷേപം, 14,000 പുതിയ തൊഴിലവസരങ്ങൾ

സംസ്ഥാനത്തെ അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയ്ക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ മുന്നേറ്റമുണ്ടാകും

Dhanam News Desk

ബഹുരാഷ്ട്ര ഇലക്ട്രോണിക്സ് നിർമ്മാണ കമ്പനിയായ ഫോക്‌സ്‌കോൺ (Foxconn) തമിഴ്‌നാട്ടിൽ 15,000 കോടി രൂപയുടെ വൻ നിക്ഷേപം നടത്തും. സംസ്ഥാനത്തിന്റെ വ്യവസായ മേഖലക്ക് പുതിയ ഉണർവ് നൽകുന്നതാണ് നടപടി. തായ്‌വാന്‍ ആസ്ഥാനമായുള്ള കമ്പനി, തങ്ങളുടെ മൊബൈൽ ഫോൺ ഘടകങ്ങളുടെ ഉത്പാദന ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന നീക്കം നടത്തുന്നത്.

യുവജനങ്ങൾക്ക് വലിയ അവസരങ്ങള്‍

14,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നതാണ് നിക്ഷേപത്തിന്റെ ഏറ്റവും വലിയ നേട്ടം. ഇത് പ്രാദേശിക യുവജനങ്ങൾക്കും സാങ്കേതിക വിദഗ്ദ്ധർക്കും വലിയ ആശ്വാസമാകും. പുതിയ പദ്ധതിയുടെ ഭാഗമായി ഫോക്‌സ്‌കോൺ ചെന്നൈക്ക് സമീപമുള്ള കാഞ്ചീപുരം ജില്ലയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാനാണ് സാധ്യത. ചൈനയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് വിതരണ ശൃംഖലകൾ വൈവിധ്യവത്കരിക്കുന്ന 'ചൈന പ്ലസ് വൺ' (China Plus One) തന്ത്രത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. പ്രധാനമായും ഐഫോണുകളും മറ്റ് ഡിവൈസുകളും അടക്കം ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ കരാർ അടിസ്ഥാനത്തില്‍ നിർമ്മിക്കുന്ന കമ്പനിയാണ് ഫോക്സ്കോൺ.

വേഗത്തിലുള്ള അനുമതി

സംസ്ഥാനത്തിന്റെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യവും ശക്തമായ വ്യാവസായിക അടിത്തറയും കമ്പനിയുടെ തീരുമാനത്തിന് പിന്നിലുളളതായി തമിഴ്‌നാട് വ്യവസായ മന്ത്രി ടി.ആർ.ബി. രാജ പറഞ്ഞു. നിക്ഷേപകരെ ആകർഷിക്കുന്നതിനായി തമിഴ്‌നാട് സർക്കാർ ഒരുക്കിയ അനുകൂല സാഹചര്യങ്ങളും വേഗത്തിലുള്ള അനുമതികളും കരാർ യാഥാർത്ഥ്യമാക്കുന്നതിൽ നിർണായകമായി.

തമിഴ്‌നാടിനെ രാജ്യത്തെ പ്രധാന ഇലക്ട്രോണിക്സ് നിർമ്മാണ കേന്ദ്രമായി കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുന്നതാണ് നിക്ഷേപം. കൂടാതെ, അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയ്ക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് വലിയ ഉത്തേജനം നൽകും.

Foxconn's ₹15,000 crore investment in Tamil Nadu under the China Plus One strategy promises 14,000 new jobs and manufacturing expansion.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT