ഡിജിറ്റൽ ഇടപാടുകളുടെ ചെലവ് ഉയരുന്ന സാഹചര്യത്തിൽ, വൻകിട വ്യാപാരികൾക്ക് മാത്രം യുപിഐ ഇടപാടുകളിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ചാർജ് ഈടാക്കാൻ കേന്ദ്ര സർക്കാർ പരിഗണനയിൽ. 1 മുതൽ 1.5 കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളെയാണ് ലക്ഷ്യമിടുന്നത്. സാധാരണ ഉപഭോക്താക്കളുടെ പിയർ ടു പിയർ ഇടപാടുകൾക്കും ചെറിയ കടകളിലെ പേയ്‌മെന്റുകൾക്കും ഇപ്പോഴും സൗജന്യം തുടരുമെന്ന സൂചനയുണ്ട്.
ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) പേയ്‌മെന്റുകൾക്ക് ഇനി മുതൽ ചാർജ് ഈടാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. വൻകിട വ്യാപാരികളിൽ നിന്ന് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഈടാക്കാനുള്ള നിർദ്ദേശമാണ് ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലുള്ളത്. സാമ്പത്തിക മാധ്യമമായ ഇക്കണോമിക് ടൈംസ് ആണ് ഈ വാർത്ത പുറത്തുവിട്ടത്.
ബാങ്കുകൾക്കും ഗൂഗിൾ പേ, ഫോൺപെ പോലുള്ള പേയ്‌മെന്റ് സേവന ദാതാക്കൾക്കും യുപിഐ ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് വർദ്ധിച്ച പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം. നിലവിൽ ഇത്തരത്തിലുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് ഈടാക്കുന്ന ചാർജ് പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ് (Zero MDR).
എന്താണ് ഈ നിർദ്ദേശത്തിലുള്ളത്?
വ്യവസായ രംഗത്തുനിന്നുള്ള നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഈ നീക്കമെന്നാണ് സൂചന. 1 കോടി മുതൽ 1.5 കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ള വലിയ ബിസിനസുകളെയും സ്ഥാപനങ്ങളെയും മാത്രമായിരിക്കും ഈ ചാർജിന്റെ പരിധിയിൽ കൊണ്ടുവരിക. ചെറിയ കച്ചവടക്കാരെയും കുറഞ്ഞ തുകയുടെ സാധാരണ ഇടപാടുകളെയും ഈ ഫീസിൽ നിന്ന് ഒഴിവാക്കിയേക്കും. വ്യവസ്ഥകൾക്ക് കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്.
ഇത് ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും?
സാധാരണക്കാർ പരസ്പരം പണം അയക്കുന്നതിനും (Peer-to-Peer) ചെറിയ കടകളിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം നൽകുന്നതിനും നിലവിലുള്ളതുപോലെ ചാർജ് ഈടാക്കില്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ വലിയ പർച്ചേസുകളെ ഇത് ബാധിച്ചേക്കാം.
വൻകിട മാളുകൾ, ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ (Amazon, Flipkart), വലിയ സൂപ്പർ മാർക്കറ്റുകൾ, ട്രാവൽ ഏജൻസികൾ, ഫുഡ് ഡെലിവറി ആപ്പുകൾ എന്നിവയിൽ യുപിഐ വഴി പണം നൽകുമ്പോൾ വ്യാപാരികൾക്ക് അധിക ബാധ്യത വരും.
ബിസിനസ്സ് സ്ഥാപനങ്ങൾക്ക് വരുന്ന ഈ അധിക ചെലവ് (MDR ചാർജ്) അവർ സാധനങ്ങളുടെയോ സേവനങ്ങളുടെയോ വില വർദ്ധിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളുടെ തലയിലേക്ക് തന്നെ കെട്ടിവെക്കാൻ സാധ്യതയുണ്ട്. വലിയ തുകയുടെ പർച്ചേസുകൾക്ക് യുപിഐ ഉപയോഗിക്കുന്നത് ഭാവിയിൽ നിങ്ങൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയേക്കാം.
ബാങ്കുകൾക്കും ഫിൻടെക് കമ്പനികൾക്കും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സുരക്ഷ ഉറപ്പാക്കാനും ഈ തുക അത്യാവശ്യമാണെന്നാണ് കമ്പനികളുടെ വാദം. സർക്കാരിന്റെ അന്തിമ തീരുമാനം വന്നതിന് ശേഷം മാത്രമേ ചാർജ് എത്ര ശതമാനമായിരിക്കും എന്നതിൽ വ്യക്തത വരികയുള്ളൂ.
Digital payment service providers and banks seek revenue to sustain UPI infrastructure, pushing the government to consider a Merchant Discount Rate for big businesses.
Read DhanamOnline in English
Subscribe to Dhanam Magazine