ഡോക്ടറാകാനായിരുന്നു ആഗ്രഹം. വിദേശത്ത് മെഡിസിന്‍ പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചില്ല. യുണൈറ്റഡ് ബ്രൂവറീസിലെ ഹെഡ് ബ്രൂമാസ്റ്ററുടെ മകള്‍ പിതാവിന്റെ പാത പിന്തുടരാന്‍ തീരുമാനിച്ചു. പെണ്‍കുട്ടികള്‍ അധികം കടന്നുവരാത്ത ബ്രൂമാസ്റ്റര്‍ മേഖലയില്‍ കിടയറ്റ പ്രൊഫഷണലാകാന്‍ മെല്‍ബണ്‍ യൂണിവേഴ്സിറ്റിയില്‍ പോയി മാള്‍ട്ടിങ്ങും ബ്രൂവിങ്ങും പഠിച്ചു. 1974ലെ ആ ബാച്ചിലെ ഏക പെണ്‍കുട്ടിയായി. കോഴ്‌സ് നല്ല നിലയില്‍ പാസായി. വിദേശത്ത് സമാന മേഖലയില്‍ ജോലി ചെയ്ത ശേഷം മാതൃരാജ്യത്തേക്ക് തിരിച്ചെത്തി. ബംഗളൂരുവിലോ, ഡല്‍ഹിയിലോ നല്ലൊരു പ്രൊഫഷന്‍; അതായിരുന്നു സ്വപ്നം. പക്ഷേ എപ്പോഴും ഫൈനല്‍ ഇന്റര്‍വ്യൂ ആകുമ്പോള്‍ ജോലി നഷ്ടമാകും.
അവിടെയൊക്കെ യോഗ്യതയായിരുന്നില്ല പ്രശ്നം; ജെന്‍ഡറായിരുന്നു. ഒരു വനിത തങ്ങളുടെ മേധാവിയായി വരുന്നത് ബ്രൂവറികളിലെ പുരുഷ സഹപ്രവര്‍ത്തകര്‍ എങ്ങനെ സ്വീകരിക്കുമെന്നറിയാതെ കമ്പനികള്‍ തിരസ്‌കരിച്ചുകൊണ്ടേയിരുന്നു. വീണ്ടും വിദേശത്തേക്ക് ജോലി തേടിപ്പോകാന്‍ തന്നെ ആ പെണ്‍കുട്ടി തീരുമാനിച്ചു. ഇതിനിടെ ബ്രൂവിങ്, ഫുഡ് പാക്കേജിങ്, ടെക്സ്‌റ്റൈല്‍ ഇന്‍ഡസ്ട്രികള്‍ക്ക് വേണ്ട എന്‍സൈമുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന അയര്‍ലന്റ് കമ്പനിയുടെ സ്ഥാപകനുമായുള്ള ചര്‍ച്ച വഴിത്തിരിവായി.
ആ കമ്പനിയില്‍ മാനേജര്‍ ട്രെയ്നിയായി കുറച്ചുനാള്‍ ചെലവിട്ട ശേഷം ബംഗളൂരുവില്‍ തിരിച്ചെത്തി, വാടക വീടിന്റെ ഗരേജില്‍ ആ പെണ്‍കുട്ടി 10,000 രൂപ നിക്ഷേപത്തില്‍ ഒരു കമ്പനിക്ക് തുടക്കമിട്ടു.
ഇന്ന് ആ കമ്പനിയെയും അതിന്റെ സ്ഥാപകയായ പെണ്‍കുട്ടിയെയും ലോകമറിയും; ഇന്ത്യയുടെ അഭിമാനതാരങ്ങളായി.
ആ പെണ്‍കുട്ടിയാണ് കിരണ്‍ മജുംദാര്‍ ഷാ. ബയോടെക് രംഗത്തെ ഇന്ത്യയില്‍ നിന്നുള്ള ആഗോള വമ്പന്‍, ബയോകോണിന്റെ സ്ഥാപക. 1978ല്‍ 25 വയസുള്ളപ്പോള്‍ കിരണ്‍ മജുംദാര്‍ ഷാ തുടക്കമിട്ട ബയോകോണ്‍ ഇന്ന് വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. കഴിഞ്ഞ ഒരു ദശകക്കാലമായി ബയോസിമിലേഴ്സിന്റെ ഗവേഷണ - വികസനത്തിനായി 10,000 കോടി രൂപയാണ് കമ്പനി നിക്ഷേപിച്ചത്.
മറ്റൊരു 10,000 കോടി രൂപ മാനുഫാക്ചറിങ് കപ്പാസിറ്റി കൂട്ടാനും നിക്ഷേപിച്ചു. ഈ നിക്ഷേപത്തിന്മേലുള്ള നേട്ടം കമ്പനിക്ക് ലഭിച്ചുതുടങ്ങാന്‍ പോകുന്നു. മാത്രമല്ല, 73കാരിയായ കിരണ്‍ മജുംദാര്‍ ഷാ തന്റെ പിന്‍ഗാമിയെയും പ്രഖ്യാപിച്ചു. എഐ പോലുള്ള എമര്‍ജിങ് ടെക്നോളജിയുടെ പിന്‍ബലത്തില്‍ ഹൈ വാല്യു ബയോടെക് ഇന്നവേഷനാണ് കമ്പനിയുടെ അടുത്തഘട്ടത്തെ രൂപകല്‍പന ചെയ്യുകയെന്ന് കിരണ്‍ മജുംദാര്‍ ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം കമ്പനിയുടെ കോര്‍പറേറ്റ് ഘടനയിലെ സങ്കീര്‍ണതകള്‍ ലഘൂകരിച്ച്, കടം കുറച്ച് കുതിപ്പിനൊരുങ്ങുന്നു. ഇന്ന് വിജയക്കൊടുമുടി കയറി നില്‍ക്കുന്ന കിരണ്‍ മജുംദാര്‍ ഷാ തന്റെ തുടക്കകാലത്തെ ഓര്‍ത്തുകൊണ്ട് പറഞ്ഞുവെച്ചിരിക്കുന്നഒരു കാര്യമുണ്ട്; ''ഞാന്‍ വിജയിക്കും വരെ ആരുമെന്നെ പിന്തുണക്കാന്‍ ഉണ്ടായിരുന്നില്ല.''
മൂലധനമില്ല, മതിയായ പ്രവൃത്തിപരിചയമില്ല, വിശ്വസ്തരായ ഇടപാടുകാരുമില്ല. ഒരു സ്റ്റാര്‍ട്ടപ്പ് തകരാന്‍ വേണ്ട എല്ലാ ചേരുവകളും ബയോകോണിന്റെ തുടക്കത്തില്‍ കൃത്യമായി ഉണ്ടായിരുന്നു. എന്നിട്ടും ബയോകോണും കിരണും പിടിച്ചുകയറി. ബിസിനസ് എന്താണെന്ന് കൃത്യമായി ധാരണയില്ലാത്തതുകൊണ്ട് ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിച്ചു. കമ്പനിയിലേക്ക് നല്ല ജീവനക്കാരെ കണ്ടെത്താനും ആദ്യഘട്ടത്തില്‍ ബുദ്ധിമുട്ടി. എല്ലാ പരിമിതികള്‍ക്കുള്ളില്‍ നിന്നും ബയോകോണ്‍ എന്‍സൈമുകള്‍ നിര്‍മിച്ചു. മാത്രമല്ല, അമേരിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റിയയച്ചു. അതുവരെ മറ്റൊരു ഇന്ത്യന്‍ കമ്പനിയും ചെയ്യാത്തതായിരുന്നു അത്. ബയോകോണിന്റെ ആദ്യ പത്ത് വര്‍ഷം കിരണ്‍ മജുംദാര്‍ കമ്പനി കെട്ടിപ്പടുക്കാനാണ് ശ്രമിച്ചത്. എന്‍സൈം രംഗത്ത് മുന്‍നിരയിലെത്തുകയും ചെയ്തു. ഒപ്പം കമ്പനിക്ക് വേണ്ട ആസ്തികള്‍, ഫാക്ടറി സ്ഥാപിക്കാനുള്ള സ്ഥലമുള്‍പ്പെടെ ഇക്കാലത്ത് വാങ്ങി.
ഒരു കമ്പനി സ്ഥാപിച്ച് അതില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ കിരണ്‍ മജുംദാര്‍ ഷാ തയാറായിരുന്നില്ല. 2007ല്‍ ഇന്‍ഡസ്ട്രിയല്‍ എന്‍സൈം രംഗത്തുനിന്ന് ബയോകോണ്‍ ഏതാണ്ട് പൂര്‍ണമായി തന്നെ പിന്മാറി. കാരണം, അതിലേറെ നൂതന ഉല്‍പന്നശ്രേണിയും പുതിയ മേഖലകളും കമ്പനി കണ്ടെത്തിയിരുന്നു. ഹ്രസ്വകാല ലക്ഷ്യങ്ങളേക്കാളുപരി ദീര്‍ഘകാല നേട്ടങ്ങള്‍ മുന്നില്‍ക്കണ്ട് കിരണ്‍ നടത്തിയ നീക്കങ്ങളാണ് ബയോകോണിനെ വ്യത്യസ്തമാക്കുന്നത്. ഇന്നവേഷന് പിന്നാലെ മടുക്കാതെ കിരണ്‍ നടത്തുന്ന ഓട്ടം ബയോകോണിനെ മാത്രമല്ല വളര്‍ത്തിയത്. ഇന്ത്യയെ ആഗോളതലത്തില്‍ തന്നെ തലയെടുപ്പുള്ള ലൈഫ് സയന്‍സ് ഹബ്ബാക്കി മാറ്റുകയും ചെയ്തു.
തന്ത്രപരമായ ബിസിനസ് ചിന്തകളാണ് കിരണ്‍ മജുംദാറിന്റെ കരുത്ത്. വിജയം നേടിയ ഒരുകാര്യം തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്ന ശീലം അവര്‍ക്കില്ല. ''ഓരോ പത്ത് വര്‍ഷത്തിലും ഞാന്‍ എന്നോടുതന്നെ ചോദിക്കുന്ന ചില കാര്യങ്ങളുണ്ട്. ഞാന്‍ ചെയ്യുന്നത് ശരിയായ കാര്യങ്ങള്‍ തന്നെയാണോ? ഇതില്‍ നിന്ന് മാറി, ഞാനെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? അല്ലെങ്കില്‍ വ്യത്യ സ്തമായി ഒന്നും ചെയ്യേണ്ടതില്ലേ?'' തന്റെ ശൈലിയെ കുറിച്ച് ഇതുപോലെ തുറന്നുപറയുന്നുണ്ട് കിരണ്‍ മജുംദാര്‍ ഷാ. ഓരോ പത്ത് വര്‍ഷത്തെ ഈ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ബയോകോണിനെ വേറിട്ട മേഖ ലകളിലേക്ക് വളര്‍ത്തിയത്. ആദ്യ പത്ത് വര്‍ഷം ഇന്‍ഡസ്ട്രിയല്‍ എന്‍സൈം രംഗത്തായിരുന്നു. പിന്നീടുള്ള പത്ത് വര്‍ഷം ഊന്നല്‍ നല്‍കിയത് ഇന്‍സുലിന്‍ നിര്‍മാണത്തിന്. പിന്നീടുള്ള പത്ത് വര്‍ഷം ബയോസിമിലേഴ്‌സിന്.
ഈ വളര്‍ച്ചയില്‍ പല ആഗോള വമ്പന്മാരുമായും ബയോകോണ്‍ പങ്കാളിത്തത്തിലും ഏര്‍പ്പെട്ടു; ഫൈസര്‍, ങ്യഹമി പോലുള്ള കമ്പനികളുമായി. ''പങ്കാളിത്തങ്ങളാണ് മൂലധന സമാഹരണത്തിനും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ചുള്ള യാത്രക്കും ഏറെ നല്ലത്. ഓഹരി നിക്ഷേപകര്‍ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ ഉള്ളവരാണ്,'' കിരണ്‍ മജുംദാര്‍ ഷാ പറയുന്നു. ഗവേഷണത്തിനും ഇന്നവേഷനും പിന്നാലെ കിരണ്‍ മജുംദാര്‍ പായുമ്പോള്‍ ബയോകോണിനെ കെട്ടുറപ്പുള്ള കമ്പനിയായി വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് ജീവിതപങ്കാളി ജോണ്‍ ഷാ കൂടെനിന്നു.
സ്‌കോട്ടിഷ് പൗരനായ ജോണ്‍ ഷാ, ടെക്‌സ്‌റ്റൈല്‍ കമ്പനിയായ മധുര കോട്സിന്റെ ചെയര്‍മാനും എംഡിയുമായിരുന്നു. 1998ല്‍ കിരണ്‍ മജുംദാറിന്റെ ജീവിതപങ്കാളിയായതോടെ മധുര കോട്സിലെ പദവി രാജിവെച്ച് 1999ല്‍ ബയോകോണിന്റെ വൈസ് ചെയര്‍മാന്‍ പദവി ഏറ്റെടുത്തു. 22 വര്‍ഷത്തോളം ജോണ്‍ ഷാ ആ പദവി വഹിച്ചു. 2022ല്‍ ജോണ്‍ ഷാ അന്തരിച്ചു. ഈ ദമ്പതികള്‍ക്ക് മക്കളില്ല. പല ആഗോള കമ്പനികളുമായി പങ്കാളിത്തങ്ങളും അവയില്‍നിന്നുള്ള പിന്മാറ്റവുമെല്ലാം ഇക്കാലത്ത് നടന്നിട്ടുണ്ട്.
1994ല്‍ സിന്‍ജീന്‍ എന്ന ആര്‍ & ഡി സര്‍വീസ് കമ്പനിക്കും ബയോകോണ്‍ തുടക്കമിട്ടു. ആഗോളതലത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക് കമ്പനികള്‍ക്കുവേണ്ട ആര്‍ & ഡി സേവനങ്ങളാണ് ഈ കമ്പനി നല്‍കുന്നത്. ബയോകോണിന്റെ മൊത്തം വരുമാനത്തില്‍ 58% ബയോസിമിലര്‍ രംഗത്തുനിന്നാണ്. 23% ആര്‍ & ഡി സര്‍വീസ് രംഗത്തുനിന്നും 19% ജനറിക്സില്‍ നിന്നുമാണ്. 2025 സാമ്പത്തിക വര്‍ഷം അവസാനത്തിലെ കണക്കെടുത്താല്‍ സ്മോള്‍ മോളിക്യൂളുകളില്‍ 326 പേറ്റന്റുകളും ബയോളജിക്സില്‍ 400 പേറ്റന്റുകളും കമ്പനിയുടെ പേരിലുണ്ട്. ബയോകോണിന്റെയും സിന്‍ജീനിന്റെയും എക്സിക്യൂട്ടിവ് ചെയര്‍പേഴ്സണ്‍ പദവി കിരണ്‍ മജുംദാര്‍ ഷാ വഹിക്കുമ്പോള്‍, ബയോകോണിന്റെ എംഡിയും സിഇഒയുമായി കമ്പനിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുന്നത് ബയോകോണില്‍ നിന്നുതന്നെ വളര്‍ന്നുവന്ന ടെക്നോക്രാറ്റായ ശ്രീഹാസ് താംബെയാണ്. ബയോകോണിന്റെ രൂപാന്തരീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച താംബെയ്ക്ക് 60 പേറ്റന്റുകളുമുണ്ട്.
സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നില്ലെങ്കില്‍ ഇന്നവേഷന്‍ കൊണ്ട് എന്ത് പ്രയോജനം എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് കിരണ്‍ മജുംദാര്‍ ഷാ. ബയോകോണിന്റെ കാന്‍സര്‍ മരുന്ന് ഗവേഷണത്തെ ലോകം ഉറ്റുനോക്കുന്നതും അതുകൊണ്ടാണ്. പ്രീമിയം തെറാപ്പിക്ക് പിന്നാലെ മാത്രം പോകുന്ന കമ്പനിയല്ല ബയോകോണ്‍. അത്യാധുനിക ചികിത്സകള്‍ സാധാരണക്കാരിലേക്കു കൂടി എത്തിക്കാനുള്ള ശ്രമമാണ് എന്നും നടത്തുന്നത്. ഇതാണ് ബയോകോണിന്റെ ബിസിനസ് മോഡലിന്റെ പ്രത്യേകതയും. വാണിജ്യ വിജയം നേടുമ്പോള്‍ തന്നെ സമൂഹത്തിന് ഗുണകരമാകണമെന്ന ഉദാത്തമായ ലക്ഷ്യവും ബയോകോണിനുണ്ട്.
ബയോകോണില്‍ കരിയര്‍ ആരംഭിച്ചവരടക്കം ബയോടെക്നോളജി രംഗത്ത് രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതാണ്ട് നൂറോളം സ്റ്റാര്‍ട്ടപ്പുകളുണ്ട്. ബയോകോണിനെ മദര്‍ ഇന്‍ ക്യുബേറ്ററെന്ന് കിരണ്‍ മജുംദാര്‍ വിളിക്കുന്നതും അതുകൊണ്ടാണ്. ഇതുകൂടാതെ ഒട്ടനേകം സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപവും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് മെന്ററിങ്ങും കിരണ്‍ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ബയോടെക്നോളജി കമ്പനികള്‍ ആഗോളതലത്തില്‍ ആര്‍ക്കും പിന്നിലല്ല എന്ന് ബയോകോണ്‍ തെളിയിച്ചപ്പോള്‍, അത് രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ തന്നെ മാറ്റി. ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതിയുടെ വളര്‍ച്ചക്ക് ഇതും ഒരു കാരണമായിട്ടുണ്ട്. ഇന്ത്യയില്‍ ഗവേഷണത്തിന് ശക്തിപകര്‍ന്നതില്‍ നിര്‍ണായക പങ്കുണ്ട് ബയോകോണിന്. അതുപോലെ തന്നെ ഈ രംഗത്തെ ഉയര്‍ന്ന ജോലികളും ഇന്ത്യയില്‍ തന്നെ സൃഷ്ടിക്കപ്പെട്ടു.
അതിശക്തമായ തന്ത്രങ്ങള്‍, അതിവിപുലമായ ഗവേഷണ - ഉല്‍പാദന ശേഷി, ഇന്നവേഷനുള്ള ഊന്നല്‍ ഇവയെല്ലാം ബയോകോണിന്റെ മുന്നോട്ടുള്ള യാത്രക്ക് കരുത്ത് പകരും. എല്ലാത്തിനുമുപരിയായി അത്യാധുനിക തെറാപ്പികള്‍ ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് താങ്ങാവുന്ന തരത്തില്‍ ബയോകോണ്‍ എത്തിക്കുകയും ചെയ്യും. അതാകും കിരണ്‍ മജുംദാര്‍ ഷായെ ഏറ്റവും ആനന്ദിപ്പിക്കുന്ന കാര്യവും. ബയോടെക്‌നോളജി രംഗത്തിന് നല്‍കിയ അമൂല്യമായ സംഭാവനകളെ മുന്‍നിര്‍ത്തി രാജ്യം പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി അവരെ ആദരിച്ചിട്ടുമുണ്ട്.
ബയോകോണില്‍ കിരണ്‍ മജുംദാര്‍ ഷാ തലമുറമാറ്റം പ്രഖ്യാപിച്ചുകഴിഞ്ഞു. സഹോദരന്‍ രവി മജുംദാറിന്റെ മകള്‍ ക്ലെയര്‍ മജുംദാറിനാണ് കിരണ്‍ ബാറ്റണ്‍ കൈമാറുന്നത്. 37കാരിയായ ക്ലെയറിനെ പിന്‍ഗാമിയായി നിശ്ചയിച്ചത് ഒട്ടേറെ കാര്യങ്ങള്‍ പരിഗണിച്ച ശേഷമാണ്. തന്റെ പിന്‍ഗാമിയില്‍ മൂന്ന് ഗുണങ്ങള്‍ ഒത്തുവരണമെന്ന നിര്‍ബന്ധം കിരണിനുണ്ടായിരുന്നു.
റിസ്‌കെടുക്കാനുള്ള കഴിവ്, തന്ത്രപരമായ ചിന്താശേഷി, മൂല്യം സൃഷ്ടിക്കാനുള്ള മികവ്. ക്ലെയറില്‍ ഇതെല്ലാം ഒത്തുചേരുന്നതുകൊണ്ടുകൂടിയാണ് പിന്‍ഗാമിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതും. ക്ലെയറിനെ തിരഞ്ഞെടുത്തതും കിരണിന്റേതായ ശൈലിയിലാണ്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബയോകോണ്‍ ഒരു ബയോ സ്പെസിഫിക് ആന്റിബോഡിക്ക് വേണ്ട ഗവേഷണത്തിന് തുടക്കമിട്ടിരുന്നു. കാന്‍സര്‍ ട്യൂമറുകളെ ചുരുക്കുകയും, അതേസമയം തന്നെ കാന്‍സറായ കോശങ്ങളെ കൊല്ലുകയും ചെയ്യാന്‍ കഴിവുള്ളതായിരുന്നു ഇത്. രാസസംയുക്തം പൂര്‍ണമായും വികസിപ്പിച്ചെടുത്തെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ തുടര്‍ ഗവേഷണം ബുദ്ധിമുട്ടായി. അതുകൊണ്ട് യുഎസില്‍ ഇതിന്റെ ഗവേഷണം തുടരാന്‍ കിരണ്‍ തീരുമാനിച്ചു.
ബികാര തെറാപ്യൂട്ടിക്സ് എന്ന ബയോടെക് സ്റ്റാര്‍ട്ടപ്പിന് ബോസ്റ്റണില്‍ തുടക്കമിട്ടു. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ ടീം തന്നെ ബികാരക്ക് മേല്‍നോട്ടം വഹിച്ചെങ്കിലും പിന്നീട് ഈ സ്റ്റാര്‍ട്ടപ്പിന് ഒരു പൂര്‍ണസമയ സിഇഒ വേണമെന്ന് കിരണിന് തോന്നി. ആ അന്വേഷണം ചെന്നെത്തിയത് ക്ലെയറിലാണ്. എംഐടിയില്‍ നിന്ന് ബയോളജിക്കല്‍ എന്‍ജിനീയറിങ് ബിരുദവും സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് എംബിഎയും സ്റ്റാന്‍ഫോര്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്ന് പിഎച്ച്ഡിയും നേടിതേര്‍ഡ് റോക്ക് വെഞ്ച്വേഴ്സ് എന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു അപ്പോള്‍ ക്ലെയര്‍. ആദ്യം ബികാരയിലെ റോള്‍ ഏറ്റെടുക്കാന്‍ ക്ലെയര്‍ വിസമ്മതം പ്രകടിപ്പിച്ചെങ്കിലും ബയോകോണ്‍ തുടങ്ങുമ്പോള്‍ ക്ലെയറിന്റെ പ്രായം പോലും തനിക്കുണ്ടായിരുന്നില്ലെന്ന കിരണിന്റെ വാദത്തിന് മുന്നില്‍ തീരുമാനം മാറ്റി. അങ്ങനെ ക്ലെയര്‍ ബികാരയുടെ സ്ഥാപക സിഇഒയായി.
യുഎസിലെ വെഞ്ച്വര്‍ ക്യാപിറ്റര്‍ കമ്യൂണിറ്റിയുമായി അടുത്ത് പ്രവര്‍ത്തിച്ച പരിചയസമ്പത്ത് ക്ലെയറിന് തുണയായി. മൂലധനം ആകര്‍ഷിക്കാന്‍ സാധിച്ചു. 2024ല്‍ ബികാര നാസ്ഡാക്കില്‍ ലിസ്റ്റിങ് നടത്തി. അന്ന് കമ്പനിയുടെ മൂല്യം 800 മില്യണ്‍ യുഎസ് ഡോളറായിരുന്നു. ഇന്നത് 1.6 ബില്യണ്‍ യുഎസ് ഡോളറും. തലയിലെയും കഴുത്തിലെയും കാന്‍സര്‍ ചികിത്സക്കുള്ള മരുന്നിനുള്ള ഗവേഷണത്തിലാണ് ബികാരയിപ്പോള്‍. ബയോടെക് രംഗത്ത് വിജയം വരിച്ചൊരു സംരംഭകയായി ക്ലെയര്‍ മാറിക്കഴിഞ്ഞു.
ക്ലെയറിന് പുറമെ ബയോകോണിന്റെ ബോര്‍ഡില്‍ യുവമുഖങ്ങള്‍ വേറെയുമുണ്ട്. 'എനിക്കൊരു കുടം നിറയെ സ്വര്‍ണനാണയങ്ങള്‍ കിട്ടിയാല്‍ അത് ആന്റിക്ക് നല്‍കും' എന്ന് ആറാം വയസില്‍ കുറിച്ചിട്ട, ക്ലെയറിന്റെ സഹോദരന്‍ എറിക്കാണ് മറ്റൊരാള്‍. പിതൃസഹോദരിയുടെ ഗവേഷണ പ്രവര്‍ത്തനങ്ങളെ ചെറുപ്രായം മുതല്‍ ശ്രദ്ധിച്ചിരുന്ന എറിക് ഇപ്പോള്‍ എഐ വിദഗ്ധനാണ്. മറ്റൊരാള്‍ ക്ലെയറിന്റെ ഭര്‍ത്താവ് തോമസ് റോബര്‍ട്സാണ്. യുഎസില്‍ മസാച്യുസെറ്റ്സ് ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ രോഗ ചികിത്സാവിദഗ്ധന്‍. പ്രായം 30കളിലുള്ള ഈ മൂവരുമാകും ഭാവിയില്‍ ബയോകോണിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുക.
How India’s biotech pioneer turned initial rejections into a global empire—and why her strategic succession marks the beginning of an ambitious new chapter.
(Originally published in Dhanam Magazine July 15 , 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine