ഇന്ത്യൻ ഉപഭോക്താക്കൾ തങ്ങളുടെ ഭക്ഷണശീലങ്ങളിൽ കൂടുതൽ ആരോഗ്യകരമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെ പാക്കേജ്ഡ് ഭക്ഷണങ്ങളുടെ വാങ്ങലിൽ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. "100% ആട്ട", "കൊളസ്ട്രോൾ ഫ്രീ", "ക്ലിനിക്കലി തെളിയിക്കപ്പെട്ടത്", "100% ഓർഗാനിക്" തുടങ്ങിയ ആകർഷകമായ പരസ്യ ലേബലുകൾ ഉപഭോക്താക്കളുടെ വാങ്ങൽ തീരുമാനങ്ങളെ കാര്യമായി സ്വാധീനിക്കുന്നതായും കണ്ടുവരുന്നു.
എന്നാൽ, ഭക്ഷണ ഉൽപ്പന്നങ്ങളിലെ വ്യാജ അവകാശവാദങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, ലേബലിംഗ് ലംഘനങ്ങൾ എന്നിവയ്‌ക്കെതിരെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നടപടികൾ കർശനമാക്കിയിരിക്കുകയാണ്. 150-ലധികം ഭക്ഷ്യ-പാനീയ കമ്പനികൾക്കാണ് FSSAI ഇതുവരെ നോട്ടീസ് നൽകിയിട്ടുള്ളത്. ഐ.ടി.സി, ഡാബർ, ഹിന്ദുസ്ഥാൻ യൂണിലിവർ, നെസ്‌ലെ, ഫോർച്യൂൺ ഓയിൽ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ തങ്ങളുടെ ലേബലിംഗ് അവകാശവാദങ്ങളുടെ പേരിൽ നിരീക്ഷണത്തിലാണ്.
കൂടാതെ, കൃത്യമായ മാനദണ്ഡങ്ങളില്ലാത്തതിനാൽ 'എനർജി ഡ്രിങ്ക്' എന്ന പദം ഉപയോഗിക്കുന്നത് തടയാൻ പെപ്സികോ, റെഡ് ബുൾ, മോൺസ്റ്റർ തുടങ്ങിയ പ്രമുഖ കമ്പനികൾക്കും നിർദ്ദേശം നൽകിയിരുന്നു.
ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾക്ക് ചില കമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രമുഖ ബിസ്‌ക്കറ്റ് നിർമ്മാതാക്കളുടെ ഉല്‍പ്പന്നത്തില്‍ കന്നുകാലി തീറ്റയ്ക്കായുള്ള തവിട് ഉപയോഗിച്ചതും, തെലങ്കാന ആസ്ഥാനമായുളള ഡയറി കമ്പനിയുടെ പാലിൽ കാസ്റ്റിക് സോഡയുടെ സാന്നിധ്യം കണ്ടെത്തിയതും, തമിഴ്നാട്ടിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയുടെ ഉണക്കമുന്തിരിയിൽ അമിത കീടനാശിനി കണ്ടെത്തിയതും നിയമനടപടികൾക്ക് കാരണമായിരുന്നു.
പാക്കേജ് ചെയ്ത ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ആകർഷകമായ പരസ്യവാചകങ്ങൾക്ക് അപ്പുറം ലേബലുകളിലെ ചേരുവകളും ഗുണനിലവാരവും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്താൻ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine