ഭക്ഷ്യ ഉല്‍പന്ന പാക്കറ്റുകളില്‍ 'നൂറു ശതമാനം സംശുദ്ധം, സമ്പൂര്‍ണ പ്രകൃതിദത്തം, 100 ശതമാനം ഓര്‍ഗാനിക്, പൂര്‍ണ ശുദ്ധത ഗാരന്റി, 100 ശതമാനവും കരിക്കിന്‍ വെള്ളം' തുടങ്ങിയ അവകാശവാദങ്ങള്‍ ഉപയോഗിച്ചതിനെതിരെ പ്രമുഖ എഫ്എംസിജി കമ്പനിയായ ഡാബറിനെ (Dabur)തിരെ ശക്തമായ നടപടിയുമായി ഭക്ഷ്യസുരക്ഷ ഗുണനിലവാര അതോറിട്ടി (FSSAI). ഇത്തരം '100%' അവകാശവാദങ്ങളുള്ള ചില ഉല്‍പന്നങ്ങളുടെ വില്‍പ്പന ഉടന്‍ നിര്‍ത്താന്‍ കമ്പനിക്ക് നിര്‍ദേശം. ഇത്തരം അവകാശവാദങ്ങള്‍ ഭക്ഷ്യ സുരക്ഷ ഗുണനിലവാര പരസ്യ-അവകാശവാദ നിയന്ത്രണ ചട്ടങ്ങള്‍ക്ക് (Food Safety and Standards -Advertising & Claims- Regulations, 2018) വിരുദ്ധമാണെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.
സമ്പൂര്‍ണമായും ശുദ്ധമെന്ന അവകാശവാദം ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ശരിയല്ലെന്നാണ് അതോറിട്ടിയുടെ നിലപാട്. സംശുദ്ധത സംബന്ധിച്ച ഈ അവകാശ വാദം ശരിക്കു പറഞ്ഞാല്‍ അവ്യക്തമാണ്. ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പാക്കാന്‍ കഴിയാത്തതാണ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളതുമാണ്.
പാക്കറ്റിലാക്കിയ തേന്‍, നെയ്യ്, ഭക്ഷ്യഎണ്ണ തുടങ്ങിയവയ്ക്ക് വ്യക്തമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ ഇതിനകം തന്നെ നിലവിലുണ്ട്. അത്തരം ഉല്‍പന്നത്തില്‍ വീണ്ടും 100% Pure എന്ന് രേഖപ്പെടുത്തുന്നത്, മറ്റുള്ള ഉല്‍പ്പന്നങ്ങള്‍ അത്ര ശുദ്ധമല്ലെന്ന തെറ്റായ ധാരണ ഉപഭോക്താവില്‍ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നാണ് നിയന്ത്രണ ഏജന്‍സിയുടെ വിലയിരുത്തല്‍. അതുപോലെ 100% Natural എന്ന അവകാശവാദത്തിനും വ്യക്തമായ നിയമപരമായ നിര്‍വചനം ഇല്ല. അത് ശാസ്ത്രീയമായി തെളിയിക്കാനും പ്രയാസമാണ്.
ഓര്‍ഗാനിക് ഉല്‍പന്നങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ പ്രത്യേകം നിയമങ്ങളും സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങളും അനുസരിച്ചായിരിക്കണം. അതിനാല്‍ 100% Organic എന്ന പൊതുവായ അവകാശവാദവും മതിയായ തെളിവുകളും നിയമപരമായ അടിസ്ഥാനവും ഇല്ലാതെ ഉപയോഗിക്കാനാവില്ല. ഉല്‍പന്നത്തില്‍ ഇളനീര്‍ മാത്രമാണെങ്കിലും 100% Tender Coconut Water എന്ന തരത്തിലുള്ള സമ്പൂര്‍ണ അവകാശവാദവും നിയമവിരുദ്ധമാണ്. പ്രശ്‌നം ഉല്‍പന്നത്തിന്റെ ഘടകമല്ല; 'നൂറു ശതമാനം' എന്ന പരസ്യവാദമാണ്.
ഇന്ത്യയിലെ ഭക്ഷ്യസാധന പരസ്യങ്ങളും ഉല്‍പന്ന അവകാശവാദങ്ങളും നിയന്ത്രിക്കുന്നത് Food Safety and Standards (Advertising & Claims) Regulations, 2018 ആണ്. ഈ ചട്ടങ്ങള്‍ പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ അനുവദനീയമല്ല. തെളിയിക്കാന്‍ കഴിയാത്ത അവകാശവാദങ്ങള്‍ പാടില്ല. ഒപ്പം വിപണിയില്‍ മത്‌സരിക്കുന്ന ഉല്‍പന്നങ്ങളെ അടിസ്ഥാനരഹിതമായി താഴ്ത്തിക്കാണിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും നിരോധിച്ചിരിക്കുന്നു. ഓരോ അവകാശവാദത്തിനും ശാസ്ത്രീയമായ തെളിവോ നിയമപരമായ അടിസ്ഥാനമോ ഉണ്ടായിരിക്കണം.
100% എന്ന അവകാശവാദങ്ങളുള്ള ചില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ ഡാബറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകൃതിദത്തമായ തേന്‍, പശുവിന്‍ നെയ്യ്, ശുദ്ധമായ ഇളനീര്, ഓര്‍ഗാനിക് ആപ്പിള്‍ വിനാഗിരി, തേങ്ങാപ്പാല്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇത് ഇത്തരത്തിലുള്ള ആദ്യ നടപടിയല്ല. സമീപ വര്‍ഷങ്ങളില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലെ അതിശയോക്തിപരമായ പരസ്യവാദങ്ങള്‍ക്കെതിരെ എഫ്എസ്എസ്എഐ നടപടി ശക്തമാക്കിയിട്ടുണ്ട്. മുമ്പ് 100% Fruit Juice എന്ന അവകാശവാദവും ചില സാഹചര്യങ്ങളില്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
നിയന്ത്രണ ഏജന്‍സിയുടെ പുതിയ സമീപനം വ്യക്തമാക്കുന്നത്, ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളിലും പരസ്യങ്ങളിലും ഉപയോഗിക്കുന്ന എല്ലാ അവകാശവാദങ്ങള്‍ക്കും നിയമപരമായ അടിസ്ഥാനവും ശാസ്ത്രീയമായ തെളിവും ഉണ്ടായിരിക്കണമെന്നാണ്. പ്രത്യേകിച്ച് '100%', 'Pure', 'Natural', 'Organic', 'Guaranteed'തുടങ്ങിയ വലിയ അവകാശവാദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കമ്പനികള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിവരും.
ഉപഭോക്തൃ സംരക്ഷണവും പരസ്യങ്ങളിലെ സുതാര്യതയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എഫ്എസ്എസ്എഐ ഈ നടപടികള്‍ ശക്തമാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine