ഹെല്‍ത്ത്‌കെയര്‍ രംഗത്തേക്ക് പ്രവേശിച്ച് അദാനി ഗ്രൂപ്പ് (Adani Group). ഇതിന്റെ ഭാഗമായി ഉപസ്ഥാപനമായ അദാനി ഹെല്‍ത്ത് വെഞ്ചേഴ്‌സ് ലിമിറ്റഡിനെ (എവിഎച്ച്എല്‍) അദാനി എന്റര്‍പ്രൈസസില്‍ ലയിപ്പിച്ചു. എവിഎച്ചില്ലിന്റെ കീഴില്‍ മെഡിക്കല്‍ ഡൈഗ്നോസിറ്റിക് സൗകര്യങ്ങള്‍, റിസര്‍ച്ച് സെന്ററുകള്‍ മുതലായവ അദാനി ഗ്രൂപ്പ് ആരംഭിക്കും.
ഹെല്‍ത്ത്‌കെയര്‍ രംഗത്തെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍ ഉള്‍പ്പടെ മെഡിക്കല്‍ രംഗത്തെ ആസ്തികള്‍ ഏറ്റെടുക്കാനും എവിഎച്ച്എല്‍ ഏറ്റെടുക്കും. മരുന്ന് വില്‍പ്പന ലക്ഷ്യമിടുന്ന എവിഎച്ച്എല്‍ ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ ഫാര്‍മസികളും സ്ഥാപിക്കും.
2016 മുതല്‍ 22 ശതമാനം നിരക്കിലാണ് രാജ്യത്തെ ഹെല്‍ത്ത്‌കെയര്‍ രംഗം വളരുന്നത്. നീതി ആയോഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2022ല്‍ 372 ബില്യണ്‍ ഡോളറിന്റെ വിപണിയാണ് ഈ രംഗത്ത് പ്രതീക്ഷിക്കുന്നത്. നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ പറയുന്നത് ഓരോ വര്‍ഷവും 500,000 തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടുന്നത്.
ബിസിനസ് രംഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2014 മുതല്‍ മുപ്പതോളം സ്ഥാപനങ്ങളെയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. ഡാറ്റാ സെന്റര്‍, ഡിജിറ്റല്‍ സേവനങ്ങള്‍, സിമന്റ്, മാധ്യമരംഗം തുടങ്ങിയ മേഖലകളിലെല്ലാം അദാനി ഗ്രൂപ്പ് സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്ന സൂപ്പര്‍ ആപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് 2021 മുതല്‍ അദാനി ഗ്രൂപ്പ്.
Read DhanamOnline in English
Subscribe to Dhanam Magazine