ഇന്ത്യയിലെ ക്വിക്ക് കൊമേഴ്സ്, ഹോം സര്‍വീസ് മേഖലകള്‍ കടുത്ത തൊഴിലാളി ക്ഷാമത്തിലേക്ക്. വിളവെടുപ്പ് കാലവും തിരഞ്ഞെടുപ്പും പ്രമാണിച്ചു ഗിഗ് തൊഴിലാളികള്‍ കൂട്ടത്തോടെ അവരവരുടെ നാട്ടിലേക്ക് മടങ്ങുന്നതാണ് ഡെലിവറി ശൃംഖലകളെ പ്രതിസന്ധിയിലാക്കുന്നത്. 2026-ന്റെ തുടക്കത്തെ അപേക്ഷിച്ച് തൊഴിലാളികളുടെ എണ്ണത്തില്‍ 10% മുതല്‍ 12% വരെ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
ഐപിഎല്‍ സീസണ്‍ പ്രമാണിച്ചു ഓര്‍ഡറുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഡല്‍ഹി-എന്‍സിആര്‍, ബംഗളൂരു, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് പ്രതിസന്ധി കൂടുതല്‍ പ്രകടമാകുന്നത്.
നഗരങ്ങളിലെ സജീവ തൊഴിലാളികളുടെ എണ്ണത്തില്‍ 12 ശതമാനത്തോളം കുറവ് ഉണ്ടായിട്ടുണ്ടെന്ന് പ്ലാറ്റ്‌ഫോമുകള്‍ പറയുന്നു. 10 മിനിറ്റ് 'ഇന്‍സ്റ്റന്റ് ഡെലിവറി' ഓപ്ഷനുകള്‍ പല പ്ലാറ്റ്ഫോമുകളും പരിമിതപ്പെടുത്തി. പകരം ഷെഡ്യൂള്‍ഡ് സ്ലോട്ടുകളിലേക്ക് ഉപഭോക്താക്കളെ മാറ്റുകയാണ്. തൊഴിലാളികളെ ആകര്‍ഷിക്കാന്‍ പ്ലാറ്റ്ഫോമുകള്‍ ബോണസുകളും പേഔട്ടുകളും വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും ഇന്ധനവില വര്‍ധന തിരിച്ചടിയാകുകയാണ്. വരും മാസങ്ങളില്‍ ഗിഗ് തൊഴിലാളികള്‍ക്കായുള്ള ആവശ്യം 25% വരെ വര്‍ധിക്കുമെന്ന് ഹയറിംഗ് ഏജന്‍സികള്‍ കണക്കാക്കുന്നു.
പ്രതിസന്ധി കേവലം സീസണല്‍ മാത്രമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗിഗ് തൊഴിലാളികള്‍ നേരിടുന്ന കുറഞ്ഞ വേതനവും സുരക്ഷാ പ്രശ്‌നങ്ങളുമാണ് യഥാര്‍ത്ഥ വെല്ലുവിളി. ഹൈദരാബാദ് പോലുള്ള നഗരങ്ങളില്‍ രാത്രി മുഴുവന്‍ ജോലി ചെയ്യുന്ന ഡെലിവറി പങ്കാളികള്‍ക്ക് ഇന്ധനച്ചെലവും വാഹന പരിപാലനവും കഴിഞ്ഞ് മാസം ഏകദേശം 20,000 രൂപ മാത്രമാണ് ലഭിക്കുന്നത്.
പലപ്പോഴും ഒരു ട്രിപ്പിന് 30 രൂപ വരെ മാത്രം ലഭിക്കുന്ന സാഹചര്യത്തില്‍, പ്രതിദിനം 500 - 700 രൂപ സമ്പാദിക്കാന്‍ 12 മണിക്കൂര്‍ വരെ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളുടെയും ശമ്പളത്തോടു കൂടിയ അവധിയുടെയും അഭാവം തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മെച്ചപ്പെട്ട വേതനവും സുരക്ഷിത സാഹചര്യങ്ങളും ആവശ്യപ്പെട്ട് രണ്ട് ലക്ഷത്തോളം ഗിഗ് തൊഴിലാളികളാണ് അടുത്തിടെ സമരരംഗത്തിറങ്ങിയത്.
തൊഴിലാളികളെ നിലനിര്‍ത്താന്‍ ഇന്‍സെന്റീവുകള്‍ 5-10% വരെ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ ഇത് മുന്‍കാലങ്ങളിലെ 15% വര്‍ധനയേക്കാള്‍ കുറവാണ്. വര്‍ധിച്ചുവരുന്ന പ്രവര്‍ത്തനച്ചെലവ് 10 മിനിറ്റ് ഡെലിവറി മോഡലുകളുടെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചേക്കാം. നിലവിലെ സാഹചര്യത്തില്‍ ക്വിക്ക് കൊമേഴ്‌സ് കമ്പനികള്‍ ബിസിനസ് തന്ത്രങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുമെന്നാണ് സൂചന.
35-50% വരെ പ്ലാറ്റ്ഫോം ഫീസായി നല്‍കുന്ന D2C ബ്രാന്‍ഡുകളെ സംബന്ധിച്ചിടത്തോളം, ഡെലിവറിയിലുണ്ടാകുന്ന കാലതാമസം ഉപഭോക്താക്കളുടെ വിശ്വസ്തതയെയും വില്‍പ്പനയെയും കാര്യമായി ബാധിക്കും. 2024-ലെ കണക്കനുസരിച്ച് ഇ-ഗ്രോസറി ഓര്‍ഡറുകളുടെ മൂന്നില്‍ രണ്ട് ഭാഗവും ക്വിക്ക് കൊമേഴ്സ് വഴി നടന്നതിനാല്‍, നിലവിലെ തടസങ്ങള്‍ ഇത്തരം പ്ലാറ്റ്ഫോമുകളെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും വിതരണ ശൃംഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും ബ്രാന്‍ഡുകളെ പ്രേരിപ്പിച്ചേക്കാം.
പാചകവാതക പ്രശ്‌നം നീണ്ടുനിന്നാല്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളുടെ ത്രൈമാസ വരുമാനത്തില്‍ 3% വരെ ഇടിവുണ്ടാകുമെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.
റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധി ബാധിച്ചതോടെ ഫുഡ് ഡെലിവറി രംഗത്തെ വളര്‍ച്ചാ വേഗത കുറയുമെന്നാണ് ആശങ്ക.
കഴിഞ്ഞ ദിവസങ്ങളില്‍ ഡെലിവറി ഓര്‍ഡറുകളില്‍ 10-15% ഇടിവുണ്ടായതായി ഗിഗ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. റസ്റ്റോറന്റുകളില്‍ ഗ്യാസ് ലഭ്യമല്ലാത്തതിനെത്തുടര്‍ന്ന് പല സ്ഥാപനങ്ങളും ഓര്‍ഡറുകള്‍ എടുക്കുന്നത് പരിമിതപ്പെടുത്തുകയും മെനുവിലെ വിഭവങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഡെലിവറി പങ്കാളികളുടെ വരുമാനത്തെയും നേരിട്ട് ബാധിക്കുന്നു.
സ്വിഗ്ഗി, സൊമാറ്റോ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര റസ്റ്റോറന്റുകളില്‍ 85 ശതമാനവും വാണിജ്യ എല്‍പിജി സിലിണ്ടറുകളെയാണ് ആശ്രയിക്കുന്നത്.
നിലവിലെ വിതരണ തടസം തുടര്‍ന്നാല്‍ നടപ്പ് പാദത്തിലെ വരുമാനത്തില്‍ 3% വരെ നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ മുംബൈ അടക്കമുള്ള നഗരങ്ങളില്‍ എല്‍പിജി സെന്ററുകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൈപ്പ്ഡ് ഗ്യാസ് (PNG) സൗകര്യമില്ലാത്ത ചെറുകിട, ഇടത്തരം ഹോട്ടലുകളാണ് നിലവില്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. പ്ലാറ്റ്ഫോമുകളില്‍ കൂടുതല്‍ റസ്റ്റോറന്റുകള്‍ പങ്കാളികളാകുന്നതിലൂടെ ലഭിച്ച വളര്‍ച്ചാ വേഗതയ്ക്ക് ഈ ഗ്യാസ് ക്ഷാമം മങ്ങലേല്‍പ്പിക്കും.
Gig worker shortages in India are disrupting quick commerce and food delivery platforms, impacting operations and revenue growth
Read DhanamOnline in English
Subscribe to Dhanam Magazine