സ്വര്‍ണവിലയിലുണ്ടായ അഭൂതപൂർവമായ തകർച്ച കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ സൃഷ്ടിക്കുന്ന ആഘാതം കേവലം ജ്വല്ലറി വ്യാപാരത്തിൽ ഒതുങ്ങുന്നതല്ല. സാധാരണക്കാരുടെ ജീവിതകാല സമ്പാദ്യം മുതൽ സ്വര്‍ണവ്യാപാരികളുടെ പ്രവർത്തനമൂലധനം വരെയുള്ള വിശാലമായ സാമ്പത്തിക മേഖലയെയാണ് ഈ വിലയിടിവ് പിടിച്ചുലയ്ക്കുന്നത്.
2026 ജനുവരി 29-ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവൻ വില 1,31,160 രൂപയായിരുന്നു. നവംബർ 21-ന് ഇത് 91,721 രൂപയിലേക്ക് താഴ്ന്നു. എട്ട് ഗ്രാം വരുന്ന ഒരു പവൻ സ്വർണത്തിന് 39,440 രൂപയുടെ (ഏകദേശം 40,000 രൂപ) ഇടിവാണ് ഈ കാലയളവിലുണ്ടായത്; അതായത് ഏകദേശം 29.4 ശതമാനത്തിന്റെ മൂല്യത്തകർച്ച.
കേരളത്തിലെ കുടുംബങ്ങളുടെ കൈവശം ഏകദേശം 2,000 ടൺ സ്വര്ണമുണ്ടെന്നാണ് വ്യവസായ മേഖലയിലെ കണക്ക് (ഇന്ത്യയിലെ കുടുംബങ്ങളുടെ കൈവശം ഏകദേശം 30,000 ടൺ സ്വര്‍ണമുണ്ടെന്ന പൊതുവായ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണിത്). ഇത് ഔദ്യോഗിക സെൻസസ് കണക്കല്ലെങ്കിലും സംസ്ഥാനത്തെ സ്വര്ണസമ്പാദ്യത്തിന്റെ വലുപ്പം വ്യക്തമാക്കുന്നതാണ്.
2,000 ടൺ സ്വര്‍ണം 22 കാരറ്റ് അടിസ്ഥാനത്തിൽ കണക്കാക്കി, ഗ്രാമിന് 4,930 രൂപയുടെ ഇടിവ് പരിഗണിച്ചാൽ കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ വിപണിമൂല്യത്തിൽ ഏകദേശം 9.86 ലക്ഷം കോടി രൂപയുടെ കുറവുണ്ടാകുന്നു. സ്വര്‍ണം വിൽക്കാത്ത കുടുംബങ്ങൾക്ക് ഇത്രയും തുകയുടെ നേരിട്ടുള്ള പണനഷ്ടം സംഭവിച്ചുവെന്നല്ല ഇതിനർത്ഥം; മറിച്ച് സമ്പാദ്യമായി സൂക്ഷിച്ച ആസ്തിയുടെ വിപണിമൂല്യത്തിലുണ്ടായ ഇടിവിന്റെ വ്യാപ്തിയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
കേരളത്തിൽ ഏകദേശം 12,000 സ്വര്ണവ്യാപാരികളുണ്ടെന്നും ഇതിൽ 7,000-ത്തോളം സ്ഥാപനങ്ങൾ വലിയ തോതിൽ സ്റ്റോക്ക് നിലനിർത്തി പ്രവർത്തിക്കുന്നവരാണെന്നുമാണ് KGSMAയുടെ കണക്ക്. ഉയർന്ന വിലയിൽ വാങ്ങി സൂക്ഷിച്ച സ്വര്‍ണത്തിന്റെ മൂല്യം പെട്ടെന്ന് കുറയുമ്പോൾ വ്യാപാരികൾക്ക് കനത്ത മൂലധന സമ്മർദം നേരിടേണ്ടിവരുന്നു.
ഉദാഹരണത്തിന്, ഒരു സ്ഥാപനം അഞ്ച് കിലോ സ്വര്‍ണം സ്റ്റോക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഗ്രാമിന് 4,930 രൂപയുടെ വിലയിടിവിൽ ആ സ്റ്റോക്കിന്റെ വിപണിമൂല്യത്തിൽ ഏകദേശം 2.47 കോടി രൂപയുടെ കുറവുണ്ടാകും. 7,000 സ്ഥാപനങ്ങളിലും ഇതേ അളവിൽ സ്റ്റോക്കുണ്ടെന്ന് സങ്കൽപ്പിച്ചാൽ മൊത്തം മൂല്യക്കുറവ് ഏകദേശം 17,255 കോടി രൂപയാകും. യഥാർത്ഥ സ്റ്റോക്ക് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള കണക്കല്ലെങ്കിലും, വിലയിടിവിന്റെ ആഘാതം വ്യക്തമാക്കുന്ന ഉദാഹരണമാണിത്. ഓരോ സ്ഥാപനത്തിന്റെയും സ്റ്റോക്ക് അളവിലും സ്വര്‍ണം വാങ്ങിയ സമയത്തിലും വലിയ വ്യത്യാസമുണ്ടാകും.
ബാങ്ക് വായ്പകളും മറ്റ് സാമ്പത്തിക സൗകര്യങ്ങളും ഉപയോഗിച്ച് സ്റ്റോക്ക് നിലനിർത്തുന്ന സ്ഥാപനങ്ങൾക്ക് ഇത് പ്രവർത്തനമൂലധന പ്രതിസന്ധി സൃഷ്ടിക്കക്കുമെന്ന് എകെജിഎസ്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ നാസര്‍ ചൂണ്ടിക്കാട്ടുന്നു.
പഴയ സ്റ്റോക്ക് വിറ്റഴിക്കൽ, പുതിയ സ്റ്റോക്ക് ശേഖരിക്കൽ, വിലയിലെ അനിശ്ചിതത്വം എന്നിവ വ്യാപാരത്തിന്റെ സ്വാഭാവിക താളത്തെ ബാധിക്കുന്നു. പരമ്പരാഗത സ്വര്‍ണപ്പണിക്കാർ, നിർമ്മാണ യൂണിറ്റുകൾ, ഡിസൈനർമാർ, മൊത്ത-ചില്ലറ വ്യാപാരികൾ, വിതരണക്കാർ തുടങ്ങി വലിയൊരു തൊഴിൽ ശൃംഖലയെയും വ്യാപാര മാന്ദ്യം ബാധിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം സ്വര്‍ണം കേവലം ആഭരണമല്ല; വിവാഹം, വിദ്യാഭ്യാസം, ചികിത്സ, ഭവനനിർമാണം, മറ്റ് അടിയന്തര ഘട്ടങ്ങൾ എന്നിവയ്ക്കുള്ള സാമ്പത്തിക സുരക്ഷാ കവചം കൂടിയാണ്. ഉയർന്ന വിലയിൽ സ്വര്‍ണ വാങ്ങിയവരുടെ ആസ്തിമൂല്യം കുറയുന്നതിനൊപ്പം, സ്വര്‍ണം വിൽക്കുകയോ പണയംവെക്കുകയോ ചെയ്യുമ്പോൾ ലഭിക്കുന്ന തുകയിലും ഇടിവുണ്ടാകാം.
പണയസ്വര്‍ണത്തിന്റെ വിപണിമൂല്യം കുറയുന്നതിനനുസരിച്ച് സ്വര്‍ണവായ്പാ മേഖലയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും; ലഭിക്കാവുന്ന വായ്പാ തുക കുറയാൻ സാധ്യതയുണ്ട്. വാർഷിക വിറ്റുവരവ് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണെന്ന് കണക്കാക്കപ്പെടുന്ന കേരളത്തിലെ സ്വര്‍ണവ്യാപാര മേഖലയിലെ തളർച്ച സംസ്ഥാനത്തിന്റെ വ്യാപാര സമ്പദ്വ്യവസ്ഥയെയും ബാധിക്കും.
വില കുറഞ്ഞിട്ടും കൂടുതൽ ഇടിവ് പ്രതീക്ഷിച്ച് ഉപഭോക്താക്കൾ വാങ്ങൽ മാറ്റിവെക്കുന്ന പ്രവണതയും വ്യാപാരത്തിന് വെല്ലുവിളിയാണ്. വിലക്കയറ്റ കാലത്ത് ആസ്തിമൂല്യത്തിലുണ്ടാകുന്ന ഉയർച്ച പോലെ വിലത്തകർച്ചയിൽ മൂല്യക്കുറവും സ്വാഭാവികമാണെങ്കിലും, കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിൽ ഈ മാറ്റം കൂടുതൽ ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine