Image courtesy: Canva
Industry

ദസറ, ദീപാവലി ഉത്സവ സീസണിന് തൊട്ടുമുമ്പ് ഗോള്‍ഡ് ഇടിഎഫ് നിക്ഷേപങ്ങള്‍ക്ക് സെബിയുടെ 'മാസ്റ്റര്‍ സ്‌ട്രോക്ക്', നിക്ഷേപകരെ എങ്ങനെ ബാധിക്കും?

പുതിയ ലംപ്സം നിക്ഷേപങ്ങളും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളും ഇന്നു മുതല്‍ സ്വീകരിക്കില്ല

Dhanam News Desk

ഉത്സവ സീസണ്‍ പടിവാതിലില്‍ എത്തി നില്‍ക്കെ രാജ്യത്തെ പ്രമുഖ മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ ഗോള്‍ഡ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടുകളിലെ (Gold ETF FoFs) പുതിയ നിക്ഷേപങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു (ഒക്ടോബര്‍ 16) മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ നിയന്ത്രണം അനുസരിച്ച് പുതിയ ലംപ്സം (Lump-sum) നിക്ഷേപങ്ങളും പുതിയ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളും (SIP) സ്വീകരിക്കില്ല.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട്, ആദിത്യ ബിര്‍ള സണ്‍ ലൈഫ്, ഇന്‍വെസ്‌കോ ഇന്ത്യ, ഡിഎസ്പി, ടാറ്റ മ്യൂച്വല്‍ ഫണ്ട്, ശ്രീറാം മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ പ്രമുഖ ഫണ്ട് ഹൗസുകളാണ് ഇത് സംബന്ധിച്ച് നിക്ഷേപകര്‍ക്ക് അറിയിപ്പ് നല്‍കിയത്.

നിയന്ത്രണങ്ങള്‍ ഇവയ്‌ക്കൊക്കെ

അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (AMFI) വഴി സെബി (SEBI) നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ നടപടിയെന്ന് ശ്രീറാം മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരെ അറിയിച്ചു. പുതിയ നിക്ഷേപ നിയന്ത്രണങ്ങള്‍ പ്രധാനമായും താഴെ പറയുന്നവയ്ക്കാണ് ബാധകമാകുന്നത്:

  • പുതിയ ലംപ്സം നിക്ഷേപങ്ങള്‍

  • പുതിയ എസ്ഐപി (SIP) രജിസ്ട്രേഷനുകള്‍

  • നിലവിലുള്ള എസ്ഐപികളിലെ ടോപ്പ്-അപ്പ് / സ്റ്റെപ്പ്-അപ്പ് തുകകള്‍

  • പുതിയ എസ്ടിപി (STP) രജിസ്ട്രേഷനുകളും സ്വിച്ച്-ഇന്‍ ട്രാന്‍സാക്ഷനുകളും (ചില ഫണ്ടുകളില്‍)

ഡിഎസ്പി മ്യൂച്വല്‍ ഫണ്ട് നല്‍കിയ അറിയിപ്പ് പ്രകാരം ഒക്ടോബര്‍ 15 ഉച്ചയ്ക്ക് 3 മണിക്ക് ശേഷം ലഭിച്ച അപേക്ഷകള്‍ നിരസിക്കപ്പെടുകയും തുക നിക്ഷേപകര്‍ക്ക് തിരിച്ച നല്‍കുകയും ചെയ്യും.

നിലവിലുള്ള നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ല

ഈ നിയന്ത്രണങ്ങള്‍ പുതിയ നിക്ഷേപകര്‍ക്ക് മാത്രമാണ് ബാധകം. ഒക്ടോബര്‍ 15-ന് മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിലവിലുള്ള എസ്ഐപി, എസ്ടിപി തവണകള്‍ തടസമില്ലാതെ തുടരും. കൂടാതെ, നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുന്നതിനോ (Redemption) സ്വിച്ച്-ഔട്ട് ചെയ്യുന്നതിനോ യാതൊരു തടസവുമുണ്ടാകില്ല.

കൂടാതെ, ഫിസിക്കല്‍ ഗോള്‍ഡ് വാങ്ങുന്നതിനോ നേരിട്ട് ഗോള്‍ഡ് ഇടിഎഫുകളില്‍ (Gold ETFs) നിക്ഷേപിക്കുന്നതിനോ ഈ വിലക്ക് ബാധകമല്ലെന്നും ഫണ്ട് ഹൗസുകള്‍ വ്യക്തമാക്കുന്നു.

നിയന്ത്രണത്തിന് പിന്നിലെ കാരണം

ദസറ, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ സ്വര്‍ണത്തിന് വന്‍ ഡിമാന്‍ഡ് ഉയരാറുണ്ട്. ഇന്ത്യ സ്വര്‍ണാവശ്യങ്ങള്‍ക്കായി പ്രധാനമായും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍, ഉയര്‍ന്ന തോതിലുള്ള സ്വര്‍ണ ഇറക്കുമതി രാജ്യത്തിന്റെ വ്യാപാര കമ്മിക്കും (Trade Deficit) രൂപയുടെ മൂല്യത്തിനും വെല്ലുവിളിയാകാറുണ്ട്. സെപ്റ്റംബറില്‍ സ്വര്‍ണ ഇറക്കുമതി 1.8 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നെങ്കിലും, ഉത്സവ സീസണില്‍ ഇടിഎഫുകളിലേക്ക് വന്‍തോതില്‍ പണമൊഴുകാന്‍ സാധ്യതയുള്ളതിനാലാണ് സെബി മുന്‍കരുതല്‍ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Several major Indian fund houses temporarily suspend fresh lumpsum and SIP investments in Gold ETF Fund of Funds following SEBI instructions.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT