ആഗോളതലത്തില് കേന്ദ്ര ബാങ്കുകള് സ്വര്ണം വാങ്ങിക്കൂട്ടുന്നത് ശക്തമാക്കിയതോടെ വരുന്ന ഏതാനും വര്ഷങ്ങള്ക്കുള്ളില് സ്വര്ണവില പുതിയ ചരിത്ര ഉയരങ്ങളിലേക്ക് കുതിച്ചേക്കാമെന്ന് റിപ്പോര്ട്ട്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും തുടരുന്ന സാഹചര്യത്തില് 2028-ഓടെ സ്വര്ണവില സര്വകാല റെക്കോര്ഡുകള് ഭേദിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്.
ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള് കരുതല് ശേഖരത്തില് സ്വര്ണത്തിന്റെ അളവ് ഗണ്യമായി വര്ധിപ്പിക്കുകയാണ്. മുന്വര്ഷങ്ങളെ അപേക്ഷിച്ച് സെപ്റ്റംബര് മാസത്തില് മാത്രം വന്തോതിലുള്ള സ്വര്ണം വാങ്ങലാണ് രേഖപ്പെടുത്തിയത്.
സെന്ട്രല് ബാങ്കുകള് സെപ്റ്റംബറില് ഏകദേശം 63 ടണ് സ്വര്ണമാണ് വാങ്ങിയത്. 2024 നവംബറിനു ശേഷമുള്ള ഏറ്റവും ഉയര്ന്ന പ്രതിമാസ നിരക്കാണിത്.
ശക്തമായ കുതിച്ചുചാട്ടത്തെത്തുടര്ന്ന് ജനുവരിയില് സ്വര്ണ വില ഔണ്സിന് 5,500 ഡോളര് കടന്നിരുന്നുവെങ്കിലും പിന്നീട് വില താഴേക്ക് വന്നു. എങ്കിലും ഇപ്പോഴും ചരിത്രപരമായ ഉയര്ന്ന നിലവാരത്തില് തന്നെ തുടരുന്നു.
ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളില് നിന്ന് തദ്ദേശീയ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായാണ് കരുതല് ശേഖരം വൈവിധ്യവത്കരിക്കാന് (Diversification) കേന്ദ്ര ബാങ്കുകള് മുന്ഗണന നല്കുന്നത്.
അന്താരാഷ്ട്ര തലത്തില് നിലനില്ക്കുന്ന സംഘര്ഷങ്ങളും വിപണിയിലെ ആശങ്കകളും സുരക്ഷിത നിക്ഷേപമെന്ന നിലയില് (Safe-haven asset) സ്വര്ണത്തോടുള്ള ആകർഷകത വര്ധിപ്പിച്ചിട്ടുണ്ട്.
യുഎസ് ഫെഡറല് റിസര്വ് ഉള്പ്പെടെയുള്ള പ്രമുഖ കേന്ദ്ര ബാങ്കുകളുടെ പലിശനിരക്ക് നയങ്ങളിലെ മാറ്റങ്ങളും ആഗോള പണപ്പെരുപ്പ ആശങ്കകളും വില വര്ധനയ്ക്ക് കാരണമാകുന്നു.
വര്ദ്ധിച്ചുവരുന്ന യുഎസ് സര്ക്കാര് കടവും, ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെങ്കില് സെന്ട്രല് ബാങ്കുകള് പണത്തിന്റെ ലഭ്യത വിപുലീകരിക്കാനുള്ള സാധ്യതയും നിരീക്ഷകര് ചൂണ്ടിക്കാട്ടുന്നുണ്ട്.
യുഎസ് പണപ്പെരുപ്പവും ഫെഡറല് റിസര്വ് നയ പ്രതീക്ഷകളും അനുസരിച്ചായിരിക്കും ഹ്രസ്വകാല വിലക്കയറ്റങ്ങള് ഉണ്ടാകുക. സെപ്റ്റംബറിലെ യുഎസ് ഉപഭോക്തൃ പണപ്പെരുപ്പം പ്രതീക്ഷിച്ച 3.6% നേക്കാള് ഉയര്ന്ന്, 3.7% ആയി വര്ദ്ധിച്ചു. ഇത് പലിശനിരക്ക് ദീര്ഘകാലത്തേക്ക് ഉയര്ന്നേക്കുമെന്ന ആശങ്കകള്ക്ക് കാരണമായിട്ടുണ്ട്.
ഉയര്ന്ന പലിശനിരക്കും ബോണ്ട് ആദായവരുമാനവും സ്വര്ണത്തിന്റെയും വെള്ളിയുടെയും വിലയെ പ്രതികൂലമായി ബാധിക്കാറുണ്ട്, കാരണം ഈ ലോഹങ്ങള് പലിശ വരുമാനം നല്കുന്നില്ല. ശക്തമായ ഡോളര് മറ്റ് കറന്സികള് ഉപയോഗിച്ച് വാങ്ങുന്നവര്ക്ക് വാങ്ങുന്നവര്ക്ക് ബുള്ളിയൻ വില കൂടുതല് ചെലവേറിയതാക്കി മാറ്റും.
റീറ്റെയ്ല് ഉപഭോക്താക്കള്ക്ക് പുറമെ വന്കിട ഫണ്ട് മാനേജര്മാരും സ്ഥാപന നിക്ഷേപകരും സ്വര്ണത്തിലേക്കും അനുബന്ധ ഇടിഎഫുകളിലേക്കും (ETFs) വ്യാപകമായി തിരിയുന്നത് സ്വര്ണ വിലയക്ക് അനുകൂലമായ ഘടകങ്ങളാണ്.
Read DhanamOnline in English
Subscribe to Dhanam Magazine