Industry

വിലയില്‍ സ്വര്‍ണത്തെ മറികടന്ന് പല്ലേഡിയം

Dhanam News Desk

പല്ലേഡിയം എന്ന ലോഹം താരമായത് പെട്ടെന്നാണ്. കൃത്യമായി പറഞ്ഞാല്‍ ഏകദേശം ഒരു വര്‍ഷമേ ആയിട്ടുള്ളൂ ഈ വെളുത്ത ലോഹത്തിന്റെ കുതിപ്പ് തുടങ്ങിയിട്ട്. ഇന്നിപ്പോള്‍ വിലയുടെ കാര്യത്തില്‍ സ്വര്‍ണത്തെയും മറികടന്ന് കുതിക്കുകയാണ് പല്ലേഡിയം. വാഹനങ്ങളില്‍ മലിനീകരണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന പല്ലേഡിയത്തിന് പൊടുന്നനെ ഉണ്ടായ ക്ഷാമാണ് വിലകുതിക്കാന്‍ കാരണമായത്.

ഇന്ന് വിപണിയില്‍ ഒരു ഗ്രാം പല്ലേഡിയത്തിന്റെ വില 5612.40 രൂപയാണ്. സ്വര്‍ണത്തിനാവട്ടെ കേരളത്തില്‍ ഗ്രാമിന് 3892 രൂപയും പ്ലാറ്റിനത്തിന് 3142 രൂപയുമാണ്. കമ്മോഡിറ്റി മാര്‍ക്കറ്റിലും പല്ലേഡിയത്തിന് വലിയ ഡിമാന്‍ഡാണ് ഇപ്പോഴുള്ളത്.

എന്താണ് പല്ലേഡിയം?

റുഥേനിയം, റോഡിയം, ഓസ്മിയം, ഇറിഡിയം, പ്ലാറ്റിനം എന്നിവയുടെ വിഭാഗത്തില്‍പ്പെടുന്ന വെളുത്ത ലോഹമാണിത്. പ്രധാനമായും വാഹന നിര്‍മാതാക്കളാണ് ഇതിന്റെ ഉപയോക്താക്കള്‍. വാഹനങ്ങളില്‍ നിന്നു പുറന്തള്ളപ്പെടുന്ന വിഷവാതകങ്ങളെ കാര്‍ബണ്‍ഡയോക്‌സൈഡും ജലബാഷ്പവുമായി മാറ്റുകയാണ് പല്ലേഡിയം ചെയ്യുന്നത്. ഇലക്ട്രോണിക്‌സ്, ഡെന്റിസ്ട്രി, ജൂവല്‍റി മേഖലകളിലും പല്ലേഡിയം ഉപയോഗിക്കുന്നുണ്ട്. റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ഇത് ഖനനം ചെയ്‌തെടുക്കുന്നത്. പ്ലാറ്റിനം, നിക്കല്‍ എന്നിവയുടെ ഉപോല്‍പ്പന്നമാണ് പല്ലേഡിയം എന്നതാണ് സത്യം.

എന്തു കൊണ്ട് വിലക്കയറ്റം?

ഡിമാന്‍ഡ് അനുസരിച്ച് കിട്ടാനില്ല എന്നതു തന്നെയാണ് മുഖ്യ കാരണം. ഉപയോഗമാവട്ടെ പ്രതിദിനം വര്‍ധിച്ചു വരുന്നു. വാഹനങ്ങള്‍ മൂലമുള്ള മലിനീകരണം കുറച്ചു കൊണ്ടുവരാനായി രാജ്യങ്ങള്‍ കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ പല്ലേഡിയത്തിന്റെ ആവശ്യവും അതിനനുസരിച്ച് കൂടുന്നു.

പ്ലാറ്റിനം, നിക്കല്‍ എന്നിവയുടെ ഉപോല്‍പ്പന്നമായതു കൊണ്ടു തന്നെ വേണ്ടത്ര അളവില്‍ ലഭ്യമാകുന്നില്ല. മാത്രമല്ല കഴിഞ്ഞ എട്ടു വര്‍ഷമായി ആവശ്യം വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു.

എങ്ങനെ ബാധിക്കും?

റഷ്യയുടെ എംഎംസി നോറില്‍സ്‌ക് നിക്കല്‍ പിജെഎസ്‌സിയാണ് ലോകത്തിലെ ഏറ്റവും വലിയ പല്ലേഡിയം ഉല്‍പ്പാദകര്‍. ഇവര്‍ക്ക്് പുറമേ ദക്ഷിണാഫ്രിക്കയിലെ പ്ലാറ്റിനം ഖനിയുടമകള്‍ക്കും ഇതിന്റെ നേട്ടം ലഭിക്കും. എന്നാല്‍ കാര്‍ നിര്‍മാതാക്കള്‍ ഇതിനായി കൂടുതല്‍ പണം മുടക്കേണ്ടി വരും. അത് ഉപഭോക്താവിലേക്കാകും ആത്യന്തികമായി എത്തുക എന്നതാണ് സത്യം.

ഇലക്ട്രിക് കാറിന് പല്ലേഡിയം വേണ്ട

വൈദ്യുതി വാഹനങ്ങളില്‍ പുക പുറന്തള്ളാത്തതു കൊണ്ടു തന്നെ പല്ലേഡിയത്തിന്റെ ആവശ്യമില്ല. എന്നാല്‍ വൈദ്യുതി വാഹനങ്ങള്‍ നിരത്തില്‍ കൂടുതലിറങ്ങാന്‍ സമയമെടുക്കും. അതു വരെ പല്ലേഡിയം അതിന്റെ കുതിപ്പ് തുടരുക തന്നെ ചെയ്യും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT