Image : Canva 
Industry

10 ഗ്രാമിന് ഒരു ലക്ഷത്തിന് മുകളില്‍, നിക്ഷേപകര്‍ക്ക്‌ മികച്ച നേട്ടം അറിയാം, സ്വര്‍ണത്തിലെ നിക്ഷേപ സാധ്യതകള്‍

സ്വര്‍ണത്തില്‍ ഇപ്പോള്‍ നിക്ഷേപിക്കാമോ, എങ്ങനെ നിക്ഷേപിക്കാം?

Hareesh V

'ആഭ്യന്തര വിപണിയിലെ സ്വര്‍ണ വില 10 ഗ്രാമിന് ഒരുലക്ഷം രൂപ കടന്നു'. ഒരു ശരാശരി മലയാളിക്ക് ഞെട്ടലോടെയല്ലാതെ  ഈ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അത് ഒരുപക്ഷേ നേരത്തെ കയ്യില്‍ ഉണ്ടായിരുന്ന സ്വര്‍ണം വിറ്റുമാറിയതിന്റെയോ, അല്ലെങ്കില്‍ സ്വര്‍ണത്തില്‍ ഉണ്ടായിരുന്ന ഈ വമ്പന്‍ നിക്ഷേപ അവസരം വിനിയോഗിക്കാന്‍ സാധിക്കാത്തതിന്റെയോ കുറ്റബോധം ആകാം.

ആഭരണങ്ങളുടെ രൂപത്തില്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ചിരുന്ന ശരാശരി മലയാളിക്ക് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കേണ്ട നിര്‍മാണ ചെലവുകള്‍, നികുതി, വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അധിക ചെലവുകള്‍ എന്നിവ മൂലം സ്വര്‍ണത്തില്‍ നിന്നും ഉണ്ടായിരുന്ന യഥാര്‍ത്ഥ നേട്ടം പലപ്പോഴും ലഭ്യമായിരുന്നില്ല എന്നതാണ് സത്യം. യഥാര്‍ത്ഥത്തില്‍ സ്വര്‍ണം എന്ന നിക്ഷേപം ഓഹരി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ ആസ്തികളേക്കാളും സുരക്ഷിതമായതും തുടര്‍ച്ചയായി മൂല്യവര്‍ധന ഉണ്ടാകുന്നതുമാണെന്ന് കാണാം. താഴെ കൊടുത്തിരിക്കുന്നത് 2005 മുതല്‍ 2025 വരെ സ്വര്‍ണ വിലയില്‍ ഉണ്ടായ വര്‍ധനവിന്റെ ശതമാനക്കണക്കാണ്.

ഇതില്‍ നിന്നും മനസിലാകുന്നത് 2010-15 കാലഘട്ടത്തില്‍ ഒഴികെ എല്ലാ അഞ്ച് വര്‍ഷക്കാലയളവിലും സ്വര്‍ണ വില ഇരട്ടിയായിട്ടുണ്ട് എന്നതാണ്. ആഗോള സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന യുദ്ധം, രാഷ്ട്രീയ അനിശ്ചിതാവസ്ഥകള്‍, പലിശ നിരക്കിലെ മാറ്റം എന്നിവ പല രാജ്യങ്ങളിലും കേന്ദ്ര ബാങ്കുകളെയും വന്‍കിട നിക്ഷേപകരെയും സ്വര്‍ണത്തിന്റെ സുരക്ഷിതത്വത്തിലേക്ക് ആകര്‍ഷിക്കുകയും വിലകള്‍ വന്‍തോതില്‍ ഉയരാന്‍ കാരണമാവുകയും ചെയ്തു.

ആഭ്യന്തര വിലകളിലെ ഈ വന്‍ വര്‍ധന ഫിസിക്കല്‍ രൂപത്തിലുള്ള സ്വര്‍ണ വാങ്ങലുകളില്‍ കുറവ് വരുത്തിയിട്ടുണ്ട്. എങ്കിലും മറ്റ് രീതികളിലുള്ള സ്വര്‍ണ നിക്ഷേപം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുന്നേറിയിട്ടുണ്ട് എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വര്‍ണം ആഭരണ രൂപത്തിലൂടെ അല്ലാതെ മറ്റേതെല്ലാം മാര്‍ഗത്തിലൂടെ വാങ്ങിക്കാം എന്ന് പരിശോധിക്കാം.

ഡിജിറ്റല്‍ രൂപത്തില്‍

യുപിഐ ആപ്പുകള്‍ വഴി- പേടിഎം, ഫോണ്‍പേ തുടങ്ങിയവയിലൂടെ ഓണ്‍ലൈന്‍ ആയി വെറും ഒരു രൂപ മുതല്‍ യഥാര്‍ത്ഥ മാര്‍ക്കറ്റ് വിലകളില്‍ സ്വര്‍ണം വാങ്ങാം. മൂന്ന് ശതമാനം ജിഎസ്ടി ബാധകമാണെങ്കിലും സ്റ്റോറേജ് ചെലവുകള്‍ ഒന്നുമില്ല. എന്നിരുന്നാലും ഇത്തരം ആപ്പുകളില്‍ സംഭവിക്കാന്‍ സാധ്യതയുള്ള നിയമപരമായ വെല്ലുവിളികള്‍ നിക്ഷേപ സുരക്ഷിതത്വത്തെ ആശങ്കപ്പെടുത്തിയേക്കാം.

ഗോള്‍ഡ് ഇടിഎഫ്

ഓഹരികളെപ്പോലെ ഡീമാറ്റ് അക്കൗണ്ട് ഉള്ളവര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റിലൂടെ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും സാധിക്കുന്ന ഒരു മാര്‍ഗമാണ് സ്വര്‍ണ ഇടിഎഫുകള്‍. കുറഞ്ഞ ചെലവുകളും സ്വര്‍ണം ഭൗതികമായി തന്നെ സൂക്ഷിക്കപ്പെടുന്നു എന്നതും ഇതിനെ ആകര്‍ഷകമാക്കുന്നു. യഥാര്‍ത്ഥ മാര്‍ക്കറ്റ് വിലകളാണ് ഇടിഎഫുകള്‍ പിന്തുടരുന്നത് എന്നതിനാല്‍ വിലകളിലെ കയറ്റിറക്കങ്ങള്‍ എല്ലാം തന്നെ ഇടിഎഫുകളിലും ദൃശ്യമാണ്.

ഇപ്പോള്‍ നിക്ഷേപം നടത്താമോ?

ഇപ്പോഴത്തെ വിലകളിലും നിക്ഷേപം തുടരാമോ എന്ന ചോദ്യം ഇനിയും ബാക്കിയാണ്. സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പ്രത്യേക സമയം കാത്തിരിക്കുന്നതിനേക്കാള്‍ നല്ലത് സ്വര്‍ണ എസ്‌ഐപി പോലുള്ള മ്യൂച്വല്‍ ഫണ്ടുകളിലും മറ്റും ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുക എന്നതാണ്.

ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൗമ രാഷ്ട്രീയ അനിശ്ചിത അവസ്ഥകളും നാണയ വിപണികളിലെ വ്യതിയാനങ്ങളും കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള ഉയര്‍ന്ന ആവശ്യകതയും മൂലം വലിയ തോതിലുള്ള വില്‍പ്പന സമ്മര്‍ദ്ദം ഉണ്ടാവാനുള്ള സാധ്യതകള്‍ വിരളമാണ്. ദീര്‍ഘകാലത്തേക്ക്, അതായത് അഞ്ച് വര്‍ഷത്തിന് മുകളിലേക്ക്, മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ വളര്‍ച്ച പരിഗണിച്ചാല്‍ സ്വര്‍ണത്തോളം സുരക്ഷിതമായതും അതേസമയം ലാഭസാധ്യത നല്‍കുന്നതുമായ മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ ഒന്നും ഇപ്പോള്‍ ലഭ്യമല്ല എന്നുതന്നെ പറയാം. 

ഗോള്‍ഡ് മ്യൂച്ചല്‍ ഫണ്ടുകള്‍

വിവിധ ഫï് ഹൗസുകള്‍ ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപിച്ച് നിയന്ത്രിക്കുന്നതിനാണ് ഗോള്‍ഡ് മ്യൂച്ചല്‍ ഫണ്ടുകള്‍ എന്ന് പറയുന്നത്. ഡീമാറ്റ് അക്കൗണ്ട്‌ ആവശ്യമില്ല എന്നതും എസ്‌ഐപി പോലെ ചെറിയ തുകയായി നിക്ഷേ പിക്കാം എന്നതും ചെറുകിട നിക്ഷേപകരെ സംബന്ധിച്ച് ആകര്‍ഷകമാണ്. എപ്പോള്‍ വേണമെങ്കിലും വിറ്റു മാറാം, എന്നാല്‍ ഫണ്ട്‌ മാനേജിംഗ് ചെലവുകള്‍ ഈടാക്കുന്നതായിരിക്കും.

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ എന്ന പേരില്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയ്ക്കുവേണ്ടി ആര്‍ബിഐ 2.5 ശതമാനം പലിശ നിരക്കില്‍ ബോണ്ടുകള്‍ ഇറക്കിയിരുന്നു. സ്വര്‍ണ നിക്ഷേപത്തിന് ഏറ്റവും സുരക്ഷിതമായി പരിഗണിച്ചിരുന്ന ഈ ബോണ്ടുകള്‍ നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ലഭ്യമല്ല. സ്വര്‍ണക്കടകളും മറ്റും നല്‍കിവരുന്ന സ്വര്‍ണ ബുക്കിംഗ് മാര്‍ഗങ്ങളും മറ്റും അതിന്റെ വിശ്വാസ്യതയും സുരക്ഷിതത്വവും വിശകലനം ചെയ്തു മാത്രം സ്വീകരിക്കുന്നതായിരിക്കും ഉചിതം.

(ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് കമ്മോഡിറ്റി റിസര്‍ച്ച് ഹെഡ്ഡാണ് ലേഖകന്‍)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT