ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തിൽ തടസ്സങ്ങൾ തുടരുകയാണെങ്കിൽ, 2026-ന്റെ നാലാം പാദത്തോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിൽ എത്തിയേക്കാമെന്ന മുന്നറിയിപ്പുമായി ഗോൾഡ്മാൻ സാക്സ് ഗ്രൂപ്പ് ഇൻക്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നതും പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണ പ്രവാഹം യുദ്ധത്തിന് മുൻപുള്ളതിന്റെ 45 ശതമാനത്തിൽ താഴെയായി കുറഞ്ഞതുമാണ് ഇന്ധനവില വീണ്ടും ഉയരാൻ കാരണമായത്.
എങ്കിലും, പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ കുറയുമെന്ന പ്രതീക്ഷയിൽ നാലാം പാദത്തിൽ ബാരലിന് 80 ഡോളറും അടുത്ത വർഷം 75 ഡോളറുമാണ് ഗോൾഡ്മാൻ സാക്സിന്റെ അടിസ്ഥാന പ്രവചനം (Base Case). എന്നാൽ ഹോർമുസ് കടലിടുക്കിലെയും ചെങ്കടലിലെയും കപ്പൽ ഗതാഗത തടസങ്ങൾ കണക്കിലെടുക്കുമ്പോൾ, വില പ്രവചനത്തേക്കാൾ കൂടാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നതെന്ന് വിശകലന വിദഗ്ധർ പറയുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടവും സൗദി അറേബ്യയിൽ നിന്നുള്ള ഇന്ധന വിതരണം തടയുമെന്ന ഹൂതികളുടെ ഭീഷണിയും വിപണിയെ വല്ലാതെ ഉലച്ചിട്ടുണ്ട്. നേരത്തെ ഏപ്രിലിൽ സംഘർഷത്തിന്റെ ആദ്യ ഘട്ടത്തിൽ വില 126 ഡോളർ കടന്നിരുന്നു. ആഗോളതലത്തിൽ ഇന്ധന ശേഖരം കുറവായത് വിതരണത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ വിലയെ ബാധിക്കാൻ കാരണമാകും. എങ്കിലും ചൈനയിൽ നിന്നുള്ള ഇറക്കുമതിയിലെ കുറവ് വിലക്കയറ്റത്തിന്റെ തോത് പരിമിതപ്പെടുത്തിയേക്കാം എന്നും ഗോൾഡ്മാൻ സാക്സ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയരുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സാമ്പത്തിക ഭീഷണിയാണ് സൃഷ്ടിക്കുക. ആവശ്യമായ അസംസ്‌കൃത എണ്ണയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ, വിലവർദ്ധന നേരിട്ട് പ്രഹരമേൽപ്പിക്കുന്നത് പ്രധാനമായും നാല് മേഖലകളിലാണ്:
വ്യാപാര കമ്മിയും ഇറക്കുമതി ചെലവും: എണ്ണവില ഉയരുന്നത് രാജ്യത്തിന്റെ ഡോളർ ചെലവ് വർദ്ധിപ്പിക്കുകയും വ്യാപാര കമ്മി (Trade Deficit) കുത്തനെ കൂട്ടുകയും ചെയ്യും.
പണപ്പെരുപ്പം (Inflation): പെട്രോൾ, ഡീസൽ നിരക്കുകൾ കൂടുന്നതോടെ ചരക്കുനീക്ക ചെലവ് ഉയരും. ഇത് നിത്യോപയോഗ സാധനങ്ങൾക്കും പച്ചക്കറികൾക്കും വിലക്കയറ്റമുണ്ടാക്കും.
രൂപയുടെ മൂല്യത്തകർച്ച: ഇറക്കുമതിക്കായി ഡോളറിനുള്ള ആവശ്യകത വർദ്ധിക്കുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം വേഗത്തിൽ ഇടിയും.
സമ്പദ്‌വ്യവസ്ഥയിലെ സമ്മർദ്ദം: കമ്പനികളുടെ ഉൽപ്പാദന ചെലവ് വർദ്ധിക്കുകയും വിദേശ നിക്ഷേപകർ പണം പിൻവലിക്കുകയും ചെയ്യുന്നത് ഓഹരി വിപണിയെയും രാജ്യത്തിന്റെ ജിഡിപി (GDP) വളർച്ചയെയും മന്ദഗതിയിലാക്കും.
Read DhanamOnline in English
Subscribe to Dhanam Magazine