പരമ്പരാഗത ഓഫീസ് കെട്ടിടങ്ങളും വലിയ തുക അഡ്വാന്‍സ് നല്‍കിയുള്ള ലോങ്-ടേം ലീസ് വ്യവസ്ഥകളും ഒഴിവാക്കി, കമ്പനികള്‍ വ്യാപകമായി റെഡിമെയ്ഡ് കോവര്‍ക്കിംഗ് സ്പേസുകളിലേക്ക് മാറുന്ന പ്രവണത ഇന്ന് ശക്തമാണ്. കേരളത്തിലും മെട്രോ നഗരങ്ങളിലും വലിയ കോര്‍പ്പറേറ്റുകള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ ഈ മാറ്റത്തിന്റെ വഴിയെയാണ്.
മുമ്പ് കണ്ടുശീലിച്ച ഓഫീസ് സെറ്റപ്പില്‍ ജോലി ചെയ്യാന്‍ പുതുതലമുറ ബിസിനസുകാര്‍ക്കും സംരംഭകര്‍ക്കും താല്പര്യം കുറവാണ്. ഒരു ഓഫീസ് എടുത്ത് അവിടെ എല്ലാവിധത്തിലുമുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി വലിയൊരു തുക നിക്ഷേപിക്കാന്‍ പലരും മടിക്കുകയാണ്. ദേശീയതലത്തിലുള്ള വന്‍കിട കോവര്‍ക്കിംഗ് സ്‌പേസ് നല്കുന്ന കമ്പനികളുടെ കേരളത്തിലേക്കുള്ള വരവ് ട്രെന്റ് മാറ്റം വേഗത്തിലാക്കുന്നു.
പരമ്പരാഗത ഓഫീസ് സംവിധാനങ്ങളില്‍ വാടകയ്ക്ക് പുറമേ ഇന്റീരിയര്‍ ഡിസൈന്‍, ഫര്‍ണിച്ചര്‍, വൈദ്യുതി കണക്ഷന്‍, ഹൈ-സ്പീഡ് ഇന്റര്‍നെറ്റ്, സുരക്ഷാ സംവിധാനങ്ങള്‍, ഹൗസ്‌കീപ്പിംഗ്, പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ക്കായി ലക്ഷക്കണക്കിന് രൂപയുടെ പ്രാരംഭ നിക്ഷേപം ആവശ്യമാണ്. എന്നാല്‍ കോവര്‍ക്കിംഗ് സ്‌പേസുകളില്‍ ഈ സൗകര്യങ്ങളെല്ലാം മുന്‍കൂട്ടി ഒരുക്കിയ നിലയിലാണ് ലഭിക്കുക. അതിനാല്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വേണ്ട സമയവും ചെലവും ഗണ്യമായി കുറയ്ക്കാനാകുന്നു.
ഹൈബ്രിഡ് വര്‍ക്ക് കള്‍ച്ചറിന്റെ വളര്‍ച്ചയും കോവര്‍ക്കിംഗ് മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണമാണ്. ജീവനക്കാരില്‍ എല്ലാവരും എല്ലാ ദിവസവും ഓഫീസിലെത്തേണ്ട സാഹചര്യം പല കമ്പനികളിലുമില്ല. ഇതോടെ വലിയ ഓഫീസ് വിസ്തീര്‍ണം നിലനിര്‍ത്തേണ്ട ആവശ്യം പല സ്ഥാപനങ്ങള്‍ക്കും ഇല്ലാതായി. ആവശ്യത്തിന് അനുസരിച്ച് സീറ്റുകള്‍ കൂട്ടാനോ കുറയ്ക്കാനോ കഴിയുന്ന ഫ്ളെക്സിബിള്‍ ഓഫീസ് മോഡലാണ് ഇപ്പോള്‍ കമ്പനികള്‍ തിരഞ്ഞെടുക്കുന്നത്.
മുമ്പ് സാധാരണ ഓഫീസിലായിരുന്നു കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. കോവര്‍ക്കിംഗ് സെന്ററുകളിലേക്ക് മാറുന്നത് മൂന്നുമാസം മുമ്പാണ്. നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇവിടെ കിട്ടുന്നുണ്ട്. ഞങ്ങളുടേത് സ്റ്റാര്‍ട്ടപ്പ് ആയതിനാല്‍ ടീം മെംബേഴ്‌സ് കുറവാണ്. ഇവിടെ മറ്റ് കമ്പനികളും ഉള്ളതിനാല്‍ ഒപ്പം വര്‍ക്ക് ചെയ്യുന്നവര്‍ ഹാപ്പിയാണ്. എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്നതിനാല്‍ കോര്‍പറേറ്റ് അന്തരീക്ഷം ലഭിക്കുന്നു.ജോണ്‍ കുര്യാക്കോസ്, ഫോക്‌സ്‌ലൈന്‍ എംസി, സ്റ്റാര്‍ട്ടപ്പ് സ്ഥാപകന്‍
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലാണ് കോവര്‍ക്കിംഗ് സ്‌പേസുകള്‍ക്ക് ഡിമാന്‍ഡ് കൂടുതല്‍. ഐടി, ഫിന്‍ടെക്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കണ്‍സള്‍ട്ടിംഗ്, ഇ-കൊമേഴ്സ്, ക്രിയേറ്റീവ് സര്‍വീസ് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളും ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുമാണ് പ്രധാന ഉപഭോക്താക്കള്‍. അതേസമയം, ദേശീയ-അന്തര്‍ദേശീയ കമ്പനികളും പ്രാദേശിക സാന്നിധ്യം ഉറപ്പാക്കുന്നതിനായി കോവര്‍ക്കിംഗ് സൗകര്യങ്ങളെ ആശ്രയിക്കുന്ന പ്രവണത ശക്തമാകുകയാണ്.
ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമസ്ഥാപനം അവരുടെ പ്രധാന നഗരങ്ങളിലെ ഓഫീസുകള്‍ ഇപ്പോള്‍ ഇത്തരം കോവര്‍ക്കിംഗ് സെന്ററുകളിലാണ് തുറക്കുന്നത്. അനുബന്ധ പരിപാലന ചെലവുകള്‍ താരതമ്യേന കുറവാണെന്നതും കൂടുതല്‍ സൗകൗര്യങ്ങള്‍ ലഭിക്കുമെന്നതുമാണ് ഇതിന് കാരണം. കൊച്ചിയോ തിരുവനന്തപുരമോ പോലുള്ള നഗരങ്ങളില്‍ ഓഫീസിനായി ഒരു കെട്ടിടം വാടകയ്ക്ക് എടുക്കണമെങ്കില്‍ ലക്ഷങ്ങള്‍ സെക്യൂരിറ്റി നല്കണം. മാത്രമല്ല അനുബന്ധ സൗകര്യങ്ങള്‍ ക്രമീകരിക്കാന്‍ വേറെയും ചെലവുണ്ട്. എന്നാല്‍, കോവര്‍ക്കിംഗ് സ്‌പേസില്‍ എല്ലാ സൗകര്യങ്ങളും എളുപ്പത്തില്‍ ലഭിക്കുമെന്ന് മാത്രമല്ല സാമ്പത്തികചെലവും കുറവാണ്.
രാജ്യത്തെ പ്രധാന കോവര്‍ക്കിംഗ് ബ്രാന്‍ഡുകളായ Awfis, Smartworks, WeWork India തുടങ്ങിയ കമ്പനികള്‍ കേരള വിപണിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു കഴിഞ്ഞു. Awfis, smartworks കമ്പനികള്‍ക്ക് കൊച്ചിയില്‍ ഇതിനകം തന്നെ കോവര്‍ക്കിംഗ് സെന്ററുകളുണ്ട്. ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള wework india കേരളത്തിലേക്കുള്ള വരവ് വൈകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഐടി പാര്‍ക്കുകള്‍ക്കും ബിസിനസ് കേന്ദ്രങ്ങള്‍ക്കും സമീപമുള്ള പ്രീമിയം ലൊക്കേഷനുകളിലാണ് ഇത്തരം കമ്പനികള്‍ കൂടുതലായി സെന്ററുകള്‍ തുടങ്ങുന്നത്.
കോവര്‍ക്കിംഗ് സെന്ററുകളില്‍ ഓഫീസ് തുടങ്ങുന്നത് കൂടുതല്‍ അവസരങ്ങള്‍ക്ക് ഗുണംചെയ്യുമെന്നാണ് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ പറയുന്നത്. ഒരേ കെട്ടിടത്തില്‍ വിവിധ മേഖലകളിലുള്ള സംരംഭകരും സ്റ്റാര്‍ട്ടപ്പുകളും പ്രവര്‍ത്തിക്കുന്നതിനാല്‍ പുതിയ ബിസിനസ് അവസരങ്ങളും പങ്കാളിത്തവും രൂപപ്പെടുന്നു. ആദ്യഘട്ട സംരംഭകര്‍ക്ക് ഉപയോക്താക്കളെയും നിക്ഷേപക പങ്കാളികളെയും കണ്ടെത്താന്‍ ഇത് സഹായകമാകുന്നുവെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
പ്രതിമാസ ചിലവുകള്‍ കുറയുന്നു: കറന്റ് ബില്‍, വൈഫൈ, സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ് എന്നിവയ്ക്കായി പ്രത്യേകം പണം നല്‍കേണ്ടതില്ല. എല്ലാം ഉള്‍പ്പെടുന്ന ഒറ്റ പ്രതിമാസ വാടക.
ആവശ്യത്തിനനുസരിച്ച് ക്രമീകരണം: പരമ്പരാഗത ഓഫീസുകളില്‍ 3 മുതല്‍ 5 വര്‍ഷം വരെയുള്ള ലോക്ക്-ഇന്‍ പിരീഡും വലിയ തുക അഡ്വാന്‍സും നല്‍കേണ്ടി വരാറുണ്ട്. എന്നാല്‍ കോവര്‍ക്കിംഗ് സ്‌പേസുകളില്‍ കമ്പനിയുടെ ആവശ്യാനുസരണം സീറ്റുകളുടെ എണ്ണം കൂട്ടാനോ കുറയ്ക്കാനോ സാധിക്കും.
മികച്ച തൊഴില്‍ അന്തരീക്ഷം: ഹൈ-സ്പീഡ് ഇന്റര്‍നെറ്റ്, കോണ്‍ഫറന്‍സ് റൂമുകള്‍, കഫറ്റീരിയ, പവര്‍ ബാക്കപ്പ്, ഓഫീസ് പോഡുകള്‍ എന്നിവയെല്ലാം ഇത്തരം സ്‌പേസുകളില്‍ ലഭ്യമാണ്.
ജീവനക്കാരുടെ സുരക്ഷ: ആഭ്യന്തര സുരക്ഷ കാര്യങ്ങളില്‍ കമ്പനികള്‍ക്ക് കൂടുതലായി തലപുകയ്‌ക്കേണ്ട. എല്ലാ കോവര്‍ക്കിംഗ് സെന്ററുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine