Image : myvi.in/vodafone-idea and Canva canva
Industry

എ.ജി.ആര്‍ കുടിശികയില്‍ വോഡഫോണ്‍ ഐഡിയയ്ക്ക് കേന്ദ്രത്തിന്റെ തലോടല്‍, ഓഹരിയില്‍ വന്‍ മുന്നേറ്റം

എ.ജി.ആര്‍ കുടിശിക തിരിച്ചടവ് 2041 വരെ നീട്ടിയത് നിക്ഷേപകരിലും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്

Dhanam News Desk

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ടെലികോം സേവന കമ്പനിയായ വോഡഫോണ്‍ ഐഡിയയ്ക്ക് (Vi) കേന്ദ്ര സര്‍ക്കാരിന്റെ കൈത്താങ്ങ്. കമ്പനി നല്‍കാനുള്ള എ.ജി.ആര്‍ കുടിശിക ടെലികോം വകുപ്പ് (DoT) മരവിപ്പിച്ചു. ഡിസംബര്‍ അവസാനം വരെയുള്ള എജിആര്‍ കുടിശിക, പലിശ, പിഴ എന്നിവയുള്‍പ്പെടെയുള്ള ബാധ്യതയ്ക്കാണ് ഇപ്പോള്‍ ആശ്വാസം ലഭിച്ചിരിക്കുന്നത്.

സമയപരിധി ഇങ്ങനെ

പുതിയ ക്രമീകരണമനുസരിച്ച് വോഡഫോണ്‍ ഐഡിയയുടെ വാര്‍ഷിക ബാധ്യതകളില്‍ വലിയ കുറവുണ്ടാകും. 2026 മാര്‍ച്ച് മുതല്‍ 2031 മാര്‍ച്ച് വരെയുള്ള ആറ് വര്‍ഷത്തേക്ക് പ്രതിവര്‍ഷം പരമാവധി 124 കോടി രൂപ വീതം ആകെ 744 കോടി രൂപ നല്‍കിയാല്‍ മതിയാകും. 2032 - 2035 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം 100 കോടി രൂപ വീതം കമ്പനി അടയ്ക്കണം. ബാക്കിയുള്ള വലിയൊരു തുക 2036 മാര്‍ച്ച് മുതല്‍ 2041 വരെയുള്ള 6 വര്‍ഷത്തിനുള്ളില്‍ തുല്യ ഗഡുക്കളായി അടച്ചുതീര്‍ത്താല്‍ മതി.

2006-07 മുതല്‍ 2018-19 വരെയുള്ള കാലയളവിലെ കമ്പനിയുടെ ആകെ എജിആര്‍ കുടിശ്ശിക 87,695 കോടി രൂപയായിരുന്നു (ഡിസംബര്‍ 31-ലെ കണക്ക് പ്രകാരം). ഇതിന്റെ തിരിച്ചടവിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ദീര്‍ഘകാല ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്.

ഏകദേശം 2 ലക്ഷം കോടി രൂപയോളം വരുന്ന ബാധ്യതകളില്‍ വലിയൊരു ഭാഗം ഇക്വിറ്റി രൂപത്തില്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കി കമ്പനി നേരത്തെ ബാധ്യത കുറച്ചിരുന്നു. ബാക്കിയുള്ള തുക നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കാനാണ് പുതിയ നീക്കം.

ഓഹരിക്ക് മുന്നേറ്റം

സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വോഡഫോണ്‍ ഐഡിയ ഓഹരികളില്‍ വന്‍ കുതിപ്പ്. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ കമ്പനിയുടെ ഓഹരി വില 8 ശതമാനത്തോളം ഉയര്‍ന്ന് 12.40 രൂപയിലെത്തി. പിന്നീട് പക്ഷേ ഓഹരി വില താഴേക്ക് പോയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ടെലികോം കമ്പനിക്ക് സര്‍ക്കാരിന്റെ ഈ നീക്കം പുതിയ ജീവന്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.

പ്രവര്‍ത്തന മൂലധനം കണ്ടെത്താനും 5G സേവനങ്ങള്‍ക്കായി പണം നിക്ഷേപിക്കാനും കമ്പനിക്ക് ഇത് കൂടുതല്‍ സൗകര്യമൊരുക്കും. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നീ വമ്പന്മാരുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ പുതിയ മൂലധന നിക്ഷേപം വോഡഫോണ്‍ ഐഡിയയ്ക്ക് അനിവാര്യമാണ്. തിരിച്ചടവ് കാലാവധി നീട്ടിക്കിട്ടിയതോടെ നിക്ഷേപകര്‍ക്കും കമ്പനിയിലുള്ള വിശ്വാസം വര്‍ധിച്ചിട്ടുണ്ട്. ടെലികോം മേഖലയില്‍ ആരോഗ്യകരമായ മത്സരം നിലനിര്‍ത്താന്‍ വോഡഫോണ്‍ ഐഡിയയുടെ പിടിച്ചുനില്‍പ്പ് അനിവാര്യമാണെന്ന കേന്ദ്ര നിലപാടാണ് കമ്പനിക്ക് തുണയായത്.

Government relief to Vodafone Idea eases AGR dues till 2041, boosting investor confidence

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT