അദാനി ഗ്രൂപ്പിന്റെ അഞ്ച് പ്രമുഖ കമ്പനികളില്‍ വീണ്ടും ഓഹരികള്‍ വാങ്ങി യുഎസ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌ണേഴ്സ് (GQG Partners).ബ്ലോക്ക് ഡീല്‍ വഴിയാണ് രാജീവ് ജെയിന്റെ നേതൃത്വത്തിലുള്ള ജിക്യുജി 5,094 കോടി രൂപയുടെ നിക്ഷേപം നടത്തിയത്.
എന്‍.എസ്.യില്‍ നിന്ന് ലഭ്യമാകുന്ന ബ്ലോക്ക് ഡീല്‍ വിവരങ്ങള്‍ അനുസരിച്ച്, നവംബര്‍ 18-നാണ് ജി.ക്യു.ജി അഞ്ച് കമ്പനികളിലായി വന്‍തോതില്‍ ഓഹരികള്‍ വാങ്ങിയത്.
അദാനി എന്റര്‍പ്രൈസസില്‍ 53.42 ലക്ഷം ഓഹരികള്‍ സ്വന്തമാക്കാനായി 1,315.20 കോടി രൂപയാണ് നിക്ഷേപിച്ചത്. അദാനി പോര്‍ട്സ് & സെസില്‍ 73.17 ലക്ഷം ഓഹരികള്‍ 1,103.14 കോടി രൂപയ്ക്ക് സ്വന്തമാക്കി. അദാനി പവറിലെ 83.61 ലക്ഷം ഓഹരികള്‍ക്കായി 1,281.57 കോടി രൂപയും അദാനി ഗ്രീന്‍ എനര്‍ജിയിലെ 77.39 ലക്ഷം ഓഹരികള്‍ക്കായി 842.53 കോടി രൂപയും മുടക്കി. അദാനി എനര്‍ജി സൊല്യൂഷന്‍സില്‍ 551.08 കോടി രൂപയ്ക്ക് 53.94 ലക്ഷം ഓഹരികളും സ്വന്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് മൊത്തം 5,093.52 കോടിരൂപയുടെ നിക്ഷേപമാണ് ജി.ക്യു.ജി നടത്തുന്നത്.
2023ല്‍ അദാനി കമ്പനികള്‍ക്കതിരെ ഓഹരി കൃത്രിമത്വം ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായി അമേരിക്കന്‍ ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വിട്ടതിനെ തുടര്‍ന്ന് അദാനി ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു. തുടര്‍ന്ന് 2023 മാര്‍ച്ചില്‍ ഏകദേശം 15,446 കോടി രൂപയുടെ നിക്ഷേപം നടത്തിക്കൊണ്ടാണ് ജി.ക്യു.ജി വാര്‍ത്തകളില്‍ നിറയുന്നത്. അതിനു ശേഷം പല അദാനി കമ്പനികളിലും ഓഹരി ഇടപാടുകള്‍ നടത്തിയെങ്കിലും ഇത്രയും വലിയ നിക്ഷേപം നടത്തുന്നത് ആദ്യമായാണ്.
ഇന്ത്യന്‍ വംശജനായ രാജീവ് ജെയിനിന്റെ ഉടമസ്ഥതയിലുള്ളതാണ് അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ്. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന രാജീവ് ജെയിന്‍, 1990-കളിലാണ് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് ചേക്കേറിയത്. വോണ്‍ടോബെല്‍ അസറ്റ് മാനേജ്മെന്റില്‍ 22 വര്‍ഷത്തെ സേവനത്തിന് ശേഷം 2016-ല്‍ സ്വന്തമായി ജിക്യുജി പാര്‍ട്‌ണേഴ്സ് എന്ന സ്ഥാപനം സ്ഥാപിച്ചു.
ഫ്‌ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ആഗോള നിക്ഷേപ സ്ഥാപനം 163.7 ബില്യണ്‍ യുഎസ് ഡോളറിലധികം (ഏകദേശം 13.5 ലക്ഷം കോടി രൂപ) ആസ്തികള്‍ കൈകാര്യം ചെയ്യുന്നു. ഓസ്ട്രേലിയന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനമാണിത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എല്ലാ നിക്ഷേപകരും അദാനിയെ കൈവിട്ടപ്പോഴും, ഇന്ത്യന്‍ വളര്‍ച്ചാ സാധ്യതകളില്‍ വിശ്വാസമര്‍പ്പിച്ച് ഗൗതം അദാനി ഒരു മികച്ച സംരംഭകനാണെന്ന് പ്രഖ്യാപിച്ച് ജെയിന്‍ ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയത് ലോകശ്രദ്ധ നേടിയിരുന്നു. പരമ്പരാഗത നിക്ഷേപകര്‍ അധികം ശ്രദ്ധകൊടുക്കാത്ത എണ്ണ, പുകയില, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലാണ് ജെയിനിന് കൂടുതല്‍ താല്‍പ്പര്യം.
ഹിന്‍ഡന്‍ ബെര്‍ഗ് റിപ്പോര്‍ട്ടിനു ശേഷം ഇതു വരെ അദാനി ഓഹരികളുടെ വിപണി മൂല്യം പഴയ നിലയിലായിട്ടില്ല. എന്നാല്‍ ജി.ക്യു.ജി പോലുള്ളവരുടെ നിക്ഷേപവും സെബിയില്‍ നിന്നുള്ള ക്ലീന്‍ ചീട്ടും അദാനി ഓഹരികളെ ഒരു പരിധി വരെ ഉയര്‍ത്തിയിട്ടുണ്ട്. 2023ലെ താഴ്ചയില്‍ നിന്ന് അദാനി പവര്‍ 155 ശതമാനത്തിനടുത്തും, അദാനി എന്റര്‍പ്രൈസസ് 164 ശതമാനത്തിനടുത്തും അദാനി ഗ്രീന്‍ എനര്‍ജി 132 ശതമാനത്തിനടുത്തും അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ 90 ശതമാനത്തിനടുത്തും ഉയര്‍ന്നിട്ടുണ്ട്.
ഇന്ന് രാവിലെ നേരിയ ഉയര്‍ച്ച കാണിച്ചെങ്കിലും ഭൂരിഭാഗം അദാനി ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine