ഇന്ത്യൻ സ്നാക്ക്സ് വിപണിയിലെ അതികായന്മാരായ ഹാൽദിറാംസ് (Haldiram's) പാശ്ചാത്യ ഫാസ്റ്റ് ഫുഡ് രംഗത്തേക്ക് കടക്കാൻ ഒരുങ്ങുന്നു. യുഎസ് ആസ്ഥാനമായുള്ള പ്രശസ്ത സാൻഡ്‌വിച്ച് ശൃംഖലയായ ജിമ്മി ജോൺസിനെ (Jimmy John's) ഇന്ത്യയിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, ഹാൽദിറാംസ് യുഎസ് കമ്പനിയായ ഇൻസ്പയർ ബ്രാൻഡ്‌സുമായി (Inspire Brands) ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പരമ്പരാഗത പലഹാരങ്ങളുടെയും ലഘുഭക്ഷണങ്ങളുടെയും വിഭാഗത്തിൽ നിന്ന് മാറി, പാശ്ചാത്യ ശൈലിയിലുള്ള ക്വിക്ക് സർവീസ് റെസ്റ്റോറന്റ് (QSR) മേഖലയിലേക്ക് കടക്കാനുള്ള ഹാൽദിറാംസിന്റെ ആദ്യത്തെ വലിയ നീക്കമാണിത്. ഇന്ത്യയിലെ യുവതലമുറയെ ലക്ഷ്യമിട്ട്, സബ്‌വേ (Subway), ടിം ഹോർട്ടൺസ് (Tim Hortons) തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ ഈ നീക്കത്തിലൂടെ ഹാൽദിറാംസ് ലക്ഷ്യമിടുന്നു.
ചർച്ചകൾ വിജയകരമായാൽ, ഇന്ത്യയിലുടനീളം ജിമ്മി ജോൺസിന്റെ ഔട്ട്ലെറ്റുകൾ തുറക്കുന്നതിനുള്ള എക്സ്ക്ലൂസീവ് ഫ്രാഞ്ചൈസി പങ്കാളിത്തം ഹാൽദിറാംസിന് ലഭിക്കും. നിലവിൽ 2000 കോടി രൂപ മൂല്യമുള്ള ഹാൽദിറാംസിന്റെ റെസ്റ്റോറന്റ് വിഭാഗത്തിന് കീഴിലായിരിക്കും ഈ പുതിയ സംരംഭം. രാജ്യത്തുടനീളമായി 150-ലധികം ഔട്ട്‌ലെറ്റുകളാണ് കമ്പനിക്കുളളത്.
1983-ൽ സ്ഥാപിതമായ ജിമ്മി ജോൺസ്, യുഎസ്, കാനഡ, ദക്ഷിണ കൊറിയ, യുഎഇ എന്നിവിടങ്ങളിലായി 2,600-ൽ അധികം സാൻഡ്‌വിച്ച്, റാപ്പ് റെസ്റ്റോറന്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ജിമ്മി ജോൺസിന്റെ മാതൃ കമ്പനിയായ ഇൻസ്പയർ ബ്രാൻഡ്സ്, ഡൺകിൻ, ബാസ്‌കിൻ-റോബിൻസ് തുടങ്ങിയ മറ്റ് നിരവധി പ്രമുഖ റെസ്റ്റോറന്റ് ശൃംഖലകളുടെ ഉടമകളാണ്.
ജിമ്മി ജോൺസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലൂടെ, വേഗത്തിലുള്ള അന്താരാഷ്ട്ര വളർച്ചയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഇൻസ്പയർ ബ്രാൻഡ്‌സും വ്യക്തമാക്കിയിട്ടുണ്ട്. ഈ പുതിയ നീക്കം, അതിവേഗം വളരുന്ന ഇന്ത്യൻ ഫുഡ് സർവീസ് മാർക്കറ്റിൽ ഹാൽദിറാംസിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്നതാണ്.
Haldiram's now enters the sandwich world: Will bring Jimmy John's to India.
Read DhanamOnline in English
Subscribe to Dhanam Magazine