Industry

ഡിജിറ്റല്‍ ഡയഗ്നോസ്റ്റിക്‌സ് രംഗത്ത് മേധാവിത്വം ഉറപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

കഴിഞ്ഞ ദിവസം ഡിജിറ്റല്‍ ഡയഗ്നോസ്റ്റിക് പ്ലാറ്റ്‌ഫോമായ 5c നെറ്റ്‌വര്‍ക്കില്‍ ടാറ്റ 1എംജി നിക്ഷേപം നടത്തിയിരുന്നു

Dhanam News Desk

കഴിഞ്ഞ വര്‍ഷം 1എംജിയെ ഏറ്റെടുത്തതോടെയാണ് ഓണ്‍ലൈന്‍ മരുന്ന് വ്യാപാര രംഗത്തേക്ക് ടാറ്റ പ്രവേശിച്ചത്. ഇപ്പോള്‍ ഡിജിറ്റൽ ഡയഗ്നോസിറ്റിക് (രോഗനിര്‍ണയം) രംഗത്ത് ശക്തമായ സാന്നിധ്യമാവാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ (Tata). അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഡിജിറ്റല്‍ ഡയഗ്നോസ്റ്റിക് പ്ലാറ്റ്‌ഫോമായ 5C നെറ്റ്‌വര്‍ക്കില്‍ ടാറ്റ നിക്ഷേപം നടത്തിയിരുന്നു.

പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ടാറ്റ 1എംജിയുടെ ആദ്യ റെഫറന്‍സ് ലാബ് ഇന്നലെ ഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മണിക്കൂറില്‍ 4000 ടെസ്റ്റുകള്‍ വരെ നടത്താന്‍ ശേഷിയുള്ള ലാബാണിത്. താമസിയാതെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും ലാബുകള്‍ എത്തും. 2016ല്‍ തന്നെ ഡയഗ്നോസ്റ്റിക് സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങിയ 1എംജിയുടെ കീഴില്‍ ഏട്ട് ലാബുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വിശ്വസ്ഥമായ ഡയഗ്നോസ്റ്റിക് ബ്രാന്‍ഡ് ആവുകയാണ് ലക്ഷ്യമെന്ന് 1എംജിയുടെ സഹസ്ഥാപകനായ ഗൗരവ് അഗര്‍വാള്‍ പറഞ്ഞു.

നിലവില്‍ 1എംജിയുടെ ആകെ വരുമാനത്തിന്റെ 15 ശതമാനമാണ് രോഗനിര്‍ണയ സേവനങ്ങളിലൂടെ ലഭിക്കുന്നത്. ഭാവിയില്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ 20-25 ശതമാനവും ഈ മേഖല കേന്ദ്രീകരിച്ചായിരികക്കും എന്നും 1എംജി അറിയിച്ചിട്ടുണ്ട്. പൂര്‍ണമായും ടാറ്റ ഡിജിറ്റലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് 1 എംജി. 1.6 ട്രില്യണ്‍ രൂപയുടെ ആഭ്യന്തര മരുന്ന് വിപണിയുടെ മൂന്ന് ശതമാനം മാത്രമാണ് ഓണ്‍ലൈനിലൂടെ നടക്കുന്നത്. 40 ശതമാനത്തോളം വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ ഫാര്‍മസികള്‍ നേടിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT