Image courtesy: Canva
Industry

ബേബി മെമ്മോറിയൽ മുതൽ നാരായണ ഹൃദയാലയ വരെ; ഹെൽത്ത് കെയർ സെക്ടറിൽ ₹10,000 കോടിയുടെ വമ്പൻ ബിസിനസ് മുന്നേറ്റം

ഈ മേഖലയിലെ വൻകിട ശൃംഖലകൾക്ക് അടുത്ത 5 വർഷത്തിനുള്ളിൽ 18,000 ത്തിലധികം പുതിയ ബെഡുകൾ അധികമായി സജ്ജീകരിക്കാന്‍ പദ്ധതി

Dhanam News Desk

2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ (Q2 FY26) ഇന്ത്യൻ ആരോഗ്യ സംരക്ഷണ മേഖലയിൽ ലയനങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും (M&A) 10,000 കോടി രൂപയിലധികം മൂല്യമുള്ള ഇടപാടുകൾ നടന്നതായി ഇ.വൈ-പാർഥെനോണിന്റെ (EY-Parthenon) റിപ്പോർട്ട്. ആശുപത്രി ശൃംഖലകളുടെ വിപുലീകരണവും ഡയഗ്നോസ്റ്റിക്സ് കേന്ദ്രങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയുമാണ് ഈ നേട്ടത്തിന് പ്രധാന കാരണമായത്.

പ്രധാന നിക്ഷേപങ്ങളും വിപുലീകരണവും

ഈ മേഖലയിലെ വൻകിട ശൃംഖലകൾ അടുത്ത 3 മുതൽ 5 വർഷത്തിനുള്ളിൽ 18,000 ത്തിലധികം പുതിയ ബെഡുകൾ അധികമായി സജ്ജീകരിക്കാനാണ് പദ്ധതിയിടുന്നത്. അപ്പോളോ ഹോസ്പിറ്റൽസ്, മാക്സ്, ആസ്റ്റർ, നാരായണ ഹൃദയാലയ, കിംസ് തുടങ്ങിയ പ്രമുഖ ഗ്രൂപ്പുകൾ വരുമാനത്തിൽ ഇരട്ടഅക്ക വളർച്ച രേഖപ്പെടുത്തി. ചികിത്സാ രംഗത്തെ നൂതന സാങ്കേതിക മാറ്റങ്ങളും ഡിജിറ്റൽ സൗകര്യങ്ങളിലൂടെയുള്ള വരുമാനം (25-30%) വർദ്ധിച്ചതും ഈ മേഖലയ്ക്ക് കരുത്തേകി. ഡയഗ്നോസ്റ്റിക്സ് മേഖലയിൽ 10 മുതൽ 22 ശതമാനം വരെ വരുമാന വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ഓങ്കോളജി, കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രോഎൻട്രോളജി തുടങ്ങിയ ക്ലിനിക്കൽ സ്പെഷ്യാലിറ്റികൾ മേഖലയിലുടനീളം വളര്‍ച്ച പ്രകടമായി. വലിയ ആശുപത്രി ശൃംഖലകളുടെ കിടക്കയിൽ നിന്നുമുള്ള ശരാശരി വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10–16 ശതമാനം വർധനയാണ് രേഖപ്പെടുത്തുന്നത്. ടയർ-3, ടയർ-4 നഗരങ്ങളെ കേന്ദ്രീകരിച്ച് കൂടുതല്‍ സേവനങ്ങള്‍ നല്‍കാനായതും ആശുപത്രികള്‍ക്ക് ഗുണകരമായി.

നിർണായകമായ ഇടപാടുകൾ

ഈ കാലയളവിൽ നടന്ന പ്രധാന ഏറ്റെടുക്കലുകൾ താഴെ പറയുന്നവയാണ്:

• മണിപ്പാൽ ഹോസ്പിറ്റൽസ്: സഹ്യാദ്രി ഹോസ്പിറ്റൽസിനെ 5,300 കോടി രൂപയ്ക്ക് പൂർണമായും ഏറ്റെടുത്തു.

• ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ: മെയ്ത്ര ഹോസ്പിറ്റലിൽ 1,000 - 1,200 കോടി രൂപ മുടക്കി ഭൂരിഭാഗം ഓഹരികൾ സ്വന്തമാക്കി.

• ഫോർട്ടിസ് ഹെൽത്ത് കെയർ: പഞ്ചാബിലെ ശ്രീമാൻ ഹോസ്പിറ്റൽസിനെ 470 കോടി രൂപയ്ക്ക് ഏറ്റെടുത്തു.

• നാരായണ ഹൃദയാലയ: യുകെയിലെ പ്രാക്ടീസ് പ്ലസ് ഗ്രൂപ്പിനെ ഏകദേശം 183 ദശലക്ഷം പൗണ്ടിന് ഏറ്റെടുത്ത് വിദേശ വിപണിയിൽ സാന്നിധ്യമുറപ്പിച്ചു.

ആരോഗ്യ സംരക്ഷണ ആസ്തികൾക്ക് നിലവിൽ വിപണിയിൽ ഉയർന്ന മൂല്യം (Premium valuation) ലഭിക്കുന്നുണ്ടെന്ന് ഇ.വൈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വർദ്ധിച്ചുവരുന്ന ഇൻഷുറൻസ് പരിരക്ഷയും നൂതന പരിശോധനാ സൗകര്യങ്ങൾക്കായുള്ള ആവശ്യകതയും വരും വർഷങ്ങളിലും ഈ മേഖലയിലെ നിക്ഷേപ താത്പര്യം നിലനിർത്തുമെന്നാണ് കരുതുന്നത്. ഇന്ത്യൻ ആരോഗ്യ മേഖലയുടെ കരുത്ത് തെളിയിക്കുന്നതാണ് രണ്ടാം പാദത്തില്‍ ആശുപത്രികള്‍ കാഴ്ചവെച്ച മികച്ച പ്രകടനം.

India’s healthcare sector witnessed over ₹10,000 crore in M&A deals in Q2 FY26, led by hospital chains and diagnostics expansion.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT