നിള-3 വിക്ഷേപണ ദൗത്യത്തിനായുള്ള സഹകരണം പ്രഖ്യാപിക്കുന്ന വേളയില്‍ സ്‌കൈറൂട്ട് എയ്റോസ്പേസ് ബിസിനസ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ബാലാജി കാമിനേനി, ഓംസ്പേസ് സ്ഥാപകനും സിഇഒയുമായ ഡോ. ഫെഡറിക്കോ റോമെയ്, എക്സോലോഞ്ച് സിഇഒ ഡോ. റോബര്‍ട്ട് ഡബ്ല്യു. സ്‌പ്രോള്‍സ്, ഹെക്സ്20 സഹസ്ഥാപകനും സിജിഒയുമായ ലോയ്ഡ് ജേക്കബ് ലോപ്പസ് എന്നിവര്‍. 
Industry

ബഹിരാകാശത്തേക്ക് വീണ്ടും കേരളത്തിന്റെ കയ്യൊപ്പ്! അടുത്ത വർഷം 'നിള-3' വിക്ഷേപിക്കാനൊരുങ്ങി ടെക്നോപാർക്ക് സ്റ്റാർട്ടപ്പ് ഹെക്സ്20

ഇന്ത്യന്‍ ബഹിരാകാശ ആവാസവ്യവസ്ഥയുടെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന നിമിഷമെന്ന് ഹെക്സ്20 സഹസ്ഥാപകനും സിഇഒയുമായ അമല്‍ ചന്ദ്രന്‍

Dhanam News Desk

സ്വകാര്യ മേഖലയില്‍ ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ പെലോഡ്-ഹോസ്റ്റിങ് ഉപഗ്രഹം നിര്‍മ്മിച്ച ടെക്നോപാര്‍ക്ക് ആസ്ഥാനമായ സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 നിള പരമ്പരയിലെ മൂന്നാമത്തെ ബഹിരാകാശ പേടകമായ 'നിള-3' അടുത്ത വര്‍ഷം വിക്ഷേപിക്കും. സ്കൈറൂട്ട് എയ്റോസ്പേസിന്റെ 'വിക്രം-1' വിക്ഷേപണ ട്രാന്‍സ്പോര്‍ട്ടറിലായിരിക്കും ഇത് വിക്ഷേപിക്കുക.

ഈ ബഹിരാകാശ ദൗത്യത്തിനായി ഹെക്സ്20 ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട് എയ്റോസ്പേസ്, ജര്‍മ്മനിയിലെ എക്സോലോഞ്ച്, യുകെ ആസ്ഥാനമായ ഓംസ്പേസ് എന്നിവയുമായി സഹകരിക്കും. സ്വകാര്യ മേഖലയില്‍ വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഓര്‍ബിറ്റല്‍-ക്ലാസ് റോക്കറ്റായ 'വിക്രം-1' ഈ വര്‍ഷം ജൂലൈയില്‍ സ്കൈറൂട്ട് എയ്റോസ്പേസ് വിജയകരമായി വിക്ഷേപിച്ചിരുന്നു.

ഹെക്സ്20 നിര്‍മ്മിച്ച ബഹിരാകാശ പേടകം സ്കൈറൂട്ട് എയ്റോസ്പേസിന്റെ വിക്ഷേപണ ട്രാന്‍സ്പോര്‍ട്ടറില്‍ ഒരു അന്താരാഷ്ട്ര ഉപഭോക്താവിനായി വിക്ഷേപിക്കുന്നത് ബഹിരാകാശ മേഖലയിലെ മേക്ക് ഇന്‍ ഇന്ത്യ എന്ന ആശയത്തോട് ചേരുന്നതാണ്. നിള-3 എക്സോലോഞ്ച് വഴി സ്പേസ് എക്സ് ട്രാന്‍സ്പോര്‍ട്ടറില്‍ വിക്ഷേപിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെന്ന് ഹെക്സ്20 സഹസ്ഥാപകനും സിഇഒയുമായ അമല്‍ ചന്ദ്രന്‍ പറഞ്ഞു. അത് സ്കൈറൂട്ട് എയ്റോസ്പേസിന്റെ വിക്ഷേപണ ട്രാന്‍സ്പോര്‍ട്ടറിലേക്ക് മാറ്റുന്നത് ഇന്ത്യന്‍ ബഹിരാകാശ ആവാസവ്യവസ്ഥയുടെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ മേഖലയെ കൂടുതല്‍ പ്രാപ്യമാക്കാന്‍ ശക്തമായ പങ്കാളിത്തം ആവശ്യമാണെന്ന് സ്കൈറൂട്ട് എയ്റോസ്പേസ് സഹസ്ഥാപകനും സിഇഒയുമായ പവന്‍ കുമാര്‍ ചന്ദന പറഞ്ഞു. പ്രാരംഭ ചര്‍ച്ചകളില്‍ നിന്ന് രണ്ട് മാസത്തിനുള്ളില്‍ ഉണ്ടായ പുരോഗതി വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന വിക്ഷേപണ സാഹചര്യങ്ങളില്‍ കമ്പനികളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയുള്ള നേട്ടത്തെ അടയാളപ്പെടുത്തുന്നുവെന്ന് എക്സോലോഞ്ച് ചീഫ് റവന്യൂ ഓഫീസര്‍ മിസ്റ്റര്‍ കിയര്‍ ഫോര്‍ട്ടിയര്‍ പറഞ്ഞു.

ഈ യൂറോപ്യന്‍-ഇന്ത്യന്‍ പങ്കാളിത്തത്തിന്‍റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് ഓംസ്പേസ് സ്ഥാപകനും സിഇഒയുമായ ഡോ. ഫെഡറിക്കോ റോമെയ് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT