Image courtesy: horlicks/hul 
Industry

ബോണ്‍വിറ്റക്ക് പിന്നാലെ ഹോര്‍ലിക്സും; ഇനി മുതല്‍ ഹെല്‍ത്ത് ഡ്രിങ്കല്ല', പ്രഖ്യാപനവുമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

തെറ്റായ വാക്കുകളുടെ ഉപയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്ന് എഫ്.എസ്.എസ്.എ.ഐ

Dhanam News Desk

ഹോര്‍ലിക്സില്‍ നിന്ന് 'ഹെല്‍ത്ത്' ലേബല്‍ ഒഴിവാക്കി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. ഹോര്‍ലിക്സിനെ 'ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്സ്' (എഫ്.എന്‍.ഡി) എന്നായിരിക്കും ഇനി അവതരിപ്പിക്കുക. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്സ് വെബ്‌സൈറ്റുകളോട് 'ഹെല്‍ത്തി ഡ്രിങ്ക്സ്' വിഭാഗത്തില്‍ നിന്ന് പാനീയങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ഹെല്‍ത്ത് ഫുഡ് ഡ്രിങ്കുകളെ ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്സ് എന്ന് പുനര്‍നാമകരണം ചെയ്തത്. 

നിര്‍വചനത്തില്‍ വ്യക്തതയില്ല

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് നിയമ പ്രകാരം ഹെല്‍ത്ത് ഡ്രിങ്ക്സിന്റെ നിര്‍വചനത്തില്‍ വ്യക്തതയില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പാല്‍, ധാന്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ 'ഹെല്‍ത്ത് ഡ്രിങ്ക്സ്' അല്ലെങ്കില്‍ 'എനര്‍ജി ഡ്രിങ്ക്സ്' വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യരുതെന്ന് എഫ്.എസ്.എസ്.എ.ഐ ഈ മാസം ആദ്യം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തെറ്റായ വാക്കുകളുടെ ഉപയോഗം ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്ന് എഫ്.എസ്.എസ്.എ.ഐ അഭിപ്രായപ്പെട്ടു. ഉയര്‍ന്ന പഞ്ചസാരയുടെ അളവ് സംബന്ധിച്ച ആശങ്കകളെ തുടര്‍ന്നാണ് തീരുമാനം. വ്യവസായ, വിപണി ഗവേഷണ-ഉപദേശക സ്ഥാപനമായ ടെക്നാവിയോ പറയുന്നതനുസരിച്ച്, ഇന്ത്യയിലെ ഹെല്‍ത്തി ഡ്രിങ്ക്സ് വിപണി വിഹിതം 2021 മുതല്‍ 2026 വരെ 3.84 ബില്യണ്‍ ഡോളര്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഓഹരികളുടെ വില 1.13 ശതമാനം ഇടിഞ്ഞ് 2,234.60 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT