Industry

ഹോട്ടലുകള്‍ക്കും ബേക്കറികൾക്കുമായി ഇതാ ഒരു ഷോപ്പിംഗ് സെന്റർ 

Dhanam News Desk

ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കഫെകള്‍, കാറ്ററേഴ്‌സ്, ബേക്കറികള്‍ എന്നിവയ്ക്കാവശ്യമുള്ളതെല്ലാം ഒരിടത്തു ലഭ്യമാക്കുന്ന കേരളത്തിലെ ആദ്യത്തെ സംയോജിത ബി2ബി സ്റ്റോറായ ഹോസ്റ്റ് കൊച്ചിയില്‍ തുറന്നു.

24,000 ച അടി വരുന്ന ഇരുനില സ്റ്റോര്‍ വൈറ്റില എന്‍എച്ച് ബൈപ്പാസിലാണ്. സെലിബ്രിറ്റി ഷെഫും ഒ ബി ഹോസ്പിറ്റാലിറ്റീസ് ഉടമയുമായ ഹേമന്ത് ഒബ്‌റോയ് ആണ് സ്റ്റോര്‍ ഉഘാടനം ചെയ്തത്. Hotel/Restaurant/Cafe എന്നിവയുടെ ചുരുക്കപ്പേരാണ് HoReCa (ഹോറെക).

ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി മേഖലയ്ക്കാവശ്യമായ ഉല്‍പ്പന്നങ്ങളുടെ വിതരണരംഗത്ത് കഴിഞ്ഞ 33 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളായ കൊച്ചിന്‍ ട്രേഡ് ലിങ്ക്‌സ്, ചോയ്‌സ് സ്‌പെഷ്യാലിറ്റി ഫുഡ് പ്രൊഡക്റ്റ്‌സ് എന്നിവയാണ് ഹോസ്റ്റിന്റെ പ്രൊമോട്ടര്‍മാര്‍.

സംസ്ഥാനത്തെ കുതിച്ചു വളരുന്ന എഫ് ആന്‍ഡ് ബി മേഖലയെ ലക്ഷ്യമിടുന്ന ഹോസ്റ്റ് ആദ്യവര്‍ഷത്തില്‍ത്തന്നെ 125 കോടി രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്നതായി പ്രൊമോട്ടിംഗ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടര്‍ പി. ടി. ആന്റണി പറഞ്ഞു.

കേരളത്തിലെ ആദ്യ ഹോറെക സ്റ്റോര്‍ എന്നതിലുപരി പാശ്ചാത്യരാജ്യങ്ങളില്‍ നിലവിലുള്ള സ്ഥാപനവില്‍പ്പനാ രംഗത്തെ ക്യാഷ്-ആന്‍ഡ്-ക്യാരി എന്ന നൂതനാശയം ഇതാദ്യമായി കേരളത്തില്‍ നടപ്പാക്കുക കൂടിയാണ് ഹോസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഫ്റ്റീരിയകള്‍, ഹോം ബേക്കറികള്‍, ഹോസ്റ്റലുകള്‍, കാന്റീനുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, റെസ്റ്റോറന്റുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍ തുടങ്ങി ഈ മേഖലയിലെ വലുതും ചെറുതുമായ എല്ലാ സ്ഥാപനങ്ങളേയും തങ്ങള്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT