Industry

ഐഡിബിഐ ബാങ്ക് ഓഹരി വില്‍പനയില്‍ സര്‍ക്കാരിന് പിഴച്ചു, വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങാന്‍ നീക്കം

കേന്ദ്ര സര്‍ക്കാരും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് ബാങ്കിന്റെ 60.72% ഓഹരികള്‍ വില്‍ക്കാനാണ് പദ്ധതി

Dhanam News Desk

ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവല്‍ക്കരണ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആദ്യം മുതല്‍ ആരംഭിച്ചേക്കും. നേരത്തെ ക്ഷണിച്ച ബിഡുകളില്‍ നിക്ഷേപകര്‍ വാഗ്ദാനം ചെയ്ത തുക സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വിലയേക്കാള്‍ (Reserve Price) താഴെപ്പോയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ബിഡുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍, നടപടിക്രമങ്ങള്‍ പുതുതായി തുടങ്ങാനാണ് കേന്ദ്രത്തിന്റെ നീക്കം.

ബാങ്കിന്റെ ഓഹരി വിലയെ അമിതമായി ആശ്രയിച്ച് റിസര്‍വ് വില നിശ്ചയിച്ചതാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. പബ്ലിക് ഫ്ളോട്ട് (പൊതുജനങ്ങള്‍ക്കിടയിലുള്ള ഓഹരികള്‍) വെറും 5 ശതമാനം മാത്രമായതിനാല്‍, ഓഹരി വിലയില്‍ കൃത്രിമമായ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന ആശങ്ക അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് ബാങ്കിന്റെ 60.72% ഓഹരികള്‍ വില്‍ക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവില്‍ ബാങ്കിന്റെ 45.48 ശതമാനം ഓഹരികള്‍ കേന്ദ്ര സര്‍ക്കാരിന്റെയും 49.24 ശതമാനം എല്‍.ഐ.സി.യുടെയും കൈവശമാണ്. ഈ ഇടപാടിലൂടെ ഐഡിബിഐ ബാങ്കിലെ 30.48% ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. നിലവിലെ വിപണി വിലയനുസരിച്ച് ഇതിന് ഏകദേശം 30,000 കോടി രൂപ മൂല്യമുണ്ട്.

നിക്ഷേപകര്‍ക്ക് ആശ്വാസം

2023 ജനുവരി 7-നാണ് ഓഹരി വില്‍പനയ്ക്കായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റിന് (DIPAM) താല്‍പ്പര്യപത്രങ്ങള്‍ (EOI) ലഭിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ പരിശോധനകള്‍ക്ക് ശേഷം നാല് ബിഡര്‍മാരെ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തിരുന്നു.

പ്രേം വത്സയുടെ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍, എമിറേറ്റ്സ് എന്‍.ബി.ഡി തുടങ്ങിയ പ്രമുഖരാണ് നേരത്തെ ബിഡുകള്‍ സമര്‍പ്പിച്ചിരുന്നത്. ഷോര്‍ട്ട് ലിസ്റ്റിലുണ്ടായിരുന്ന കോട്ടക് മഹീന്ദ്ര ബാങ്ക് ബിഡിംഗ് പ്രക്രിയയില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

നടപടികള്‍ പുതുതായി തുടങ്ങുമെങ്കിലും, നേരത്തെ ക്ലിയറന്‍സ് ലഭിച്ച നിക്ഷേപകര്‍ക്ക് വീണ്ടും ഏജന്‍സികളില്‍ നിന്ന് അനുമതി തേടേണ്ടി വരില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇത് നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കും.

നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഈ സാമ്പത്തിക വര്‍ഷം തന്നെ വില്‍പന പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി രൂപീകരിച്ച മന്ത്രിതല സമിതി ഉടന്‍ തന്നെ അന്തിമ തീരുമാനമെടുത്തേക്കും.

ഓഹരി വിപണിയിലെ തളര്‍ച്ച

സ്വകാര്യവല്‍ക്കരണം നീളുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഐഡിബിഐ ബാങ്ക് ഓഹരികളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഏകദേശം 19 ശതമാനത്തോളം ഇടിവ് ഓഹരി വിലയിലുണ്ടായി. അതേസമയം ഇന്ന് വില മെച്ചപ്പെട്ടു. ഓഹരിയൊന്നിന് രണ്ടര ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം.

അതേസമയം, ഓഹരി വിപണിയിലെ വിദഗ്ധര്‍ ഐഡിബിഐ ഓഹരികളില്‍ ഇപ്പോഴും ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ഓഹരിക്ക് 68-73 രൂപ നിലവാരത്തില്‍ ശക്തമായ പിന്തുണയും (Support), 78-82 രൂപ നിലവാരത്തില്‍ പ്രതിരോധവും (Resistance) ഉണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഓഹരി വില്‍പനയുടെ കാര്യത്തില്‍ വ്യക്തതയില്ലാത്തത് ഏറെക്കാലമായി ഈ ഓഹരിയെ ബാധിക്കുന്നുണ്ട്. മുന്‍പും പലതവണ ഓഹരി വില്‍പനയ്ക്കുള്ള സമയപരിധി ലംഘിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, നിലവിലുള്ള നിക്ഷേപകര്‍ക്ക് ഈ ഓഹരി കൈവശം വെക്കുന്നത് തുടരാവുന്നതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT