Image : Canva 
Industry

ഇന്ത്യൻ വ്യാവസായിക രംഗത്ത് മുന്നേറ്റം; ഐ.ഐ.പി വളര്‍ച്ച 16 മാസത്തെ ഉയരത്തില്‍

മാനുഫാക്ചറിംഗ്, ഖനന, വൈദ്യുതോത്പാദന മേഖലകളില്‍ വന്‍ വളര്‍ച്ച

Dhanam News Desk

ഇന്ത്യയുടെ സാമ്പത്തികരംഗത്ത് വന്‍ ഉണര്‍വ് പ്രകടമാണെന്ന് വ്യക്തമാക്കി ഒക്ടോബറില്‍ വ്യാവസായിക ഉത്പാദന സൂചികയുടെ (IIP) വളര്‍ച്ച 16 മാസത്തെ ഉയരത്തിലെത്തി. 2022 ഒക്ടോബറിലെ 4.1 ശതമാനത്തില്‍ നിന്ന് 11.7 ശതമാനത്തിലേക്കാണ് ഇക്കുറി ഐ.ഐ.പി വളര്‍ച്ച കുതിച്ചതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം വ്യക്തമാക്കി. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വളര്‍ച്ച 5.8 ശതമാനമായിരുന്നു.

രാജ്യത്തെ ഫാക്ടറി മേഖലകളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഉത്പാദനങ്ങളും നല്ല ഉഷാറിലാണെന്ന് വ്യക്തമാക്കുന്നതാണ് ഒക്ടോബറിലെ ശ്രദ്ധേയ വളര്‍ച്ച.

മാനുഫാക്ചറിംഗ് മുന്നേറ്റം

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്ന വിശേഷണമുള്ള മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച 5.8 ശതമാനത്തില്‍ നിന്ന് 10.4 ശതമാനത്തിലേക്ക് ഇക്കുറി ഒക്ടോബറില്‍ വളര്‍ന്നു. സെപ്റ്റംബറിലെ വളര്‍ച്ച 4.5 ശതമാനമായിരുന്നു.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലെ 2.6 ശതമാനത്തില്‍ നിന്ന് ഖനന മേഖലയുടെ വളര്‍ച്ച മെച്ചപ്പെട്ടത് 13.1 ശതമാനത്തിലേക്കാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിലെ 11.5 ശതമാനമെന്ന വളര്‍ച്ചയെയും ഒക്ടോബറില്‍ മറികടന്നു.

വൈദ്യുതോത്പാദനത്തിന്റെ വാര്‍ഷികാധിഷ്ഠിത വളര്‍ച്ച 1.2 ശതമാനത്തില്‍ നിന്ന് 20.4 ശതമാനത്തിലേക്കാണ്. ഉത്സവകാലത്തെ മികച്ച ഉപയോക്തൃ ഡിമാന്‍ഡിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി ഒക്ടോബറില്‍ ഐ.ഐ.പി വളര്‍ച്ച മെച്ചപ്പെട്ടതെന്നാണ് വിലയിരുത്തലുകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT