Industry

സംസ്ഥാനത്തെ ഏറ്റവും വലിയ കോവര്‍ക്കിംഗ് സ്ഥാപനമാകാനൊരുങ്ങി ഇന്‍ക്യുസ്പേസ്; ആദ്യ സെന്റര്‍ കൊച്ചിയില്‍ തുറന്നു

Dhanam News Desk

പ്രീമിയം കോവര്‍ക്കിംഗ് ബ്രാന്‍ഡായ ഇന്‍ക്യുസ്പേസിന്റെ കേരളത്തിലെ ആദ്യ സെന്റര്‍ എറണാകുളം ഒബ്രോണ്‍ മാളില്‍ തുറന്നു. 20,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഈ സെന്ററില്‍ 500ലേറെ സീറ്റുകള്‍, ക്യുബിക്കിളുകള്‍, മീറ്റിംഗ് റൂമുകള്‍ എന്നിവയും സജ്ജമാണ്. കേരളത്തില്‍ മൊത്തം 60,000 ചതുരശ്ര അടി വിസ്തൃതിയുള്ള സൗകര്യങ്ങള്‍ക്കാണ് കമ്പനി കരാറൊപ്പിട്ടു കഴിഞ്ഞിരിക്കുന്നത്. ഒബ്രോണ്‍ മാളിലും സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിലുമായി കൊച്ചിയില്‍ 40,000 ചതുരശ്ര അടിയും തിരുവനന്തപുരത്തെ 20,000 ചതുരശ്ര അടിയും ഉള്‍പ്പെടെയാണിത്. കൊച്ചിയിലെ രണ്ടാമത്തെ സെന്ററിന്റേയും തിരുവനന്തപുരത്തെ ആദ്യ സെന്ററിന്റേയും നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നു. ഇവ ജനുവരി 2020-ഓടെ തുറക്കാനാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. കേരളത്തില്‍ ഈ സെന്ററുകള്‍ കൂടി തുറക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ കോവര്‍ക്കിംഗ് സ്ഥാപനമാകാനാണ് ഇന്‍ക്യുസ്‌പേസ് ലക്ഷ്യമിട്ടിരിക്കുന്നത്.

രാജ്യമെങ്ങും സാന്നിധ്യമുള്ള ഇന്‍ക്യുസ്‌പേസ് ഹൈദ്രാബാദിലെ ഫെയര്‍ ഫീല്‍ഡ് ബൈ മാരിയറ്റുമായും കരാറിലൊപ്പിട്ടിരിക്കുകയാണ്. ഇതോടെ വന്‍വികസന പദ്ധതിക്കാണ് ദക്ഷിണേന്ത്യയില്‍ തുടക്കമിട്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ ഒന്നാം നിര, രണ്ടാം നിര നഗരങ്ങളില്‍ മികച്ച സ്വീകാര്യത നേടിയതിനെത്തുടര്‍ന്നാണ് ഇന്‍ക്യുസ്പേസ് ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളിലേയ്ക്ക് സാന്നിധ്യം വ്യാപിപ്പിക്കുന്നത്.

ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്നതുള്‍പ്പെടെ മൂന്നു വര്‍ഷം കൊണ്ട് മൊത്തം 3 ലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തൃതി വരുന്ന 14 സെന്ററുകളാണ് കമ്പനിക്കുള്ളത്.

നിലവില്‍ 2500-ലേറെ അംഗങ്ങളുള്ള ഇന്‍ക്യുസ്പേസിന്റെ ഇടപാടുകാരില്‍ ഫോണ്‍പേ, ഫ്ളിപ്കാര്‍ട്, ബൈജൂസ്, എന്‍ബിഎച്ച്സി തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളുള്‍പ്പെടുന്നു. ഇടപാടുകാരുടെ ബിസിനസ് വളര്‍ച്ചയിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കൊച്ചി സെന്ററിന്റെ ഉദ്ഘാടന വേളയില്‍ ഇന്‍ക്യുസ്പേസിന്റെ സ്ഥാപകനും സിഇഒയുമായ സഞ്ജയ് ചൗധരി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും ഡിമാന്‍ഡുള്ള കോവര്‍ക്കിംഗ് സ്പേസാവുകയാണ് ഞങ്ങളുടെ ലക്ഷ്യം. കൊച്ചിയിലെ ഈ പുതിയ സെന്റര്‍ ആ ലക്ഷ്യത്തിലേയ്ക്കുള്ള മാെരു ചുവടുവെയ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഒബ്രോണ്‍ മാള്‍ സെന്ററിന്റെ ഉദ്ഘാടനം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് നിര്‍വ്വഹിച്ചു. ഒബ്രോണ്‍ മാള്‍ ചെയര്‍മാന്‍ എം എ മുഹമ്മദ്, സിഎ ഇന്‍സ്റ്റിറ്റ്യൂട്ട് ദക്ഷിണേന്ത്യ റീജിയണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോമോന്‍ കെ. ജോര്‍ജ്, ഇന്‍ക്യുസ്പേസിന്റെ സ്ഥാപകനും സിഒയുമായ സഞ്ജയ് ചൗധരി, സ്ട്രാറ്റജിക് ഡയറക്ടര്‍ മാത്യു ആന്‍ഡ്രൂസ്, ഹെഡ് ന്യൂമാര്‍ക്കറ്റ് ഇന്ത്യ ആന്‍ഡ് മിഡ്ല്‍ ഈസ്റ്റ് അബ്ജോ ജോയ്, റീജിയണല്‍ ഹെഡ് അക്വസിഷന്‍ സിജോ ജോസ്, റീജിയണല്‍ ഹെഡ് ന്യൂ ബിസിനസ് ജെയിംസ് തോമസ് എന്നിവര്‍ പങ്കെടുത്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT