Image courtesy: Canva
Industry

₹15,000 കോടിയുടെ ചോക്ലേറ്റ് വിപണിയിൽ ഡാർക്ക് ചോക്ലേറ്റ് തരംഗം; ഡിമാൻഡിൽ വൻ വർദ്ധന, കാരണമിതാണ്

സാധാരണ ചോക്ലേറ്റ് വിഭാഗത്തേക്കാൾ 3.8 ഇരട്ടി വേഗത്തിലാണ് ഡാർക്ക് ചോക്ലേറ്റ് മേഖല വളരുന്നത്

Dhanam News Desk

ഇന്ത്യയിൽ ഏകദേശം ₹15,000 കോടി മൂല്യമുള്ള ചോക്ലേറ്റ് വിപണിയിൽ 50 ശതമാനത്തിലധികം കൊക്കോ അടങ്ങിയ 'ഡാർക്ക് ചോക്ലേറ്റി'ന് ആവശ്യക്കാർ അതിവേഗം വർദ്ധിച്ചുവരുന്നു. ഡാർക്ക് ചോക്ലേറ്റ് വാങ്ങുന്ന കുടുംബങ്ങളുടെ എണ്ണത്തിൽ 45 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി ഉപഭോക്തൃ പെരുമാറ്റങ്ങളെക്കുറിച്ച് വിപണിയില്‍ ഗവേഷണം നടത്തുന്ന ബഹുരാഷ്ട്ര കമ്പനിയായ വേൾഡ് പാനൽ ബൈ ന്യൂമറേറ്ററിന്റെ ഡാറ്റ വ്യക്തമാക്കുന്നു. 2024-ൽ 28.2 ശതമാനവും 2025-ൽ 11.3 ശതമാനവും വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. നിലവിൽ സാധാരണ ചോക്ലേറ്റ് വിഭാഗത്തേക്കാൾ 3.8 ഇരട്ടി വേഗത്തിലാണ് ഡാർക്ക് ചോക്ലേറ്റ് മേഖല വളരുന്നത്.

പ്രധാന കാരണങ്ങൾ

വർദ്ധിച്ചുവരുന്ന വ്യക്തിഗത വരുമാനം, ആരോഗ്യ അവബോധം, പ്രീമിയം ഉൽപ്പന്നങ്ങളോടുള്ള താല്പര്യം എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിൽ. പ്രാദേശിക കടകളിൽ എളുപ്പത്തിൽ ലഭിക്കാത്ത പ്രീമിയം ഉൽപ്പന്നങ്ങൾ ക്വിക്ക് കോമേഴ്‌സ് (Quick-commerce) പ്ലാറ്റ്‌ഫോമുകൾ വഴി വേഗത്തിൽ ലഭ്യമാകുന്നതും ഉപഭോഗം വർദ്ധിപ്പിച്ചു. കൂടാതെ, കുടുംബങ്ങള്‍ പുറമെ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന പ്രവണതയില്‍ (Out-of-home purchases) 19 ശതമാനത്തിന്റെ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.

നഗര കേന്ദ്രീകൃത വിപണിയും സാധ്യതകളും

ഡാർക്ക് ചോക്ലേറ്റിന്റെ ഗാർഹിക ഉപഭോഗത്തിൽ 8.5 ശതമാനമാണ് വിപണി വ്യാപനം (household penetration) നേടിയിട്ടുള്ളത്, ഇതിൽ 87 ശതമാനം വാങ്ങലുകളും നഗരങ്ങളിലാണ് നടക്കുന്നത്. 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിലാണ് പ്രധാനമായും വിൽപന നടക്കുന്നത്. ഉയർന്ന വിലയും വിതരണ തടസങ്ങളും ഗ്രാമീണ മേഖലകളിൽ വിപണി വിപുലീകരിക്കുന്നതിന് തടസമായി നിൽക്കുന്നു.

ഇന്ത്യയിൽ പ്രതിവർഷ ആളോഹരി ചോക്ലേറ്റ് ഉപഭോഗം ഏകദേശം 200 ഗ്രാം മാത്രമാണ്. യുകെയിലെ 10 കിലോഗ്രാമുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണെങ്കിലും, ഇന്ത്യയിലെ ഡാർക്ക് ചോക്ലേറ്റ് വിപണിക്ക് വൻ വളർച്ചാ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT