ലോകത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോക്തൃ കേന്ദ്രങ്ങളിലൊന്നായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയ്ക്ക് ശേഷം ഓപ്പൺ എ.ഐയുടെ ചാറ്റ് ജിപിടി (ChatGPT), ആന്ത്രോപിക് പിബിസിയുടെ ക്ലോഡ് (Claude) എന്നിവ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. ഏകദേശം നൂറു കോടിയോളം ആളുകൾ ഓൺലൈനിലുള്ള ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ (Data) അടിത്തറകളില്‍ ഒന്നാണ് സൃഷ്ടിക്കുന്നത്.
എന്നാൽ ഈ വളർച്ചയ്‌ക്കൊപ്പം ചില വലിയ വെല്ലുവിളികളും ഇന്ത്യ നേരിടുന്നുണ്ട്. സിലിക്കൺ വാലിയിലെ വമ്പൻ കമ്പനികൾ ഇന്ത്യയിലെ ഡാറ്റ ഉപയോഗിച്ച് അവരുടെ എ.ഐ സംവിധാനങ്ങളെ സൗജന്യമായി പരിശീലിപ്പിക്കുന്നു. ഇന്ത്യയുടെ ഭാഷാപരമായ വൈവിധ്യം, ശബ്ദങ്ങൾ, പെരുമാറ്റരീതികൾ എന്നിവ സിലിക്കൺ വാലിയിലെ കമ്പനികൾക്ക് അവരുടെ മോഡലുകളെ മികച്ചതാക്കാന്‍ സഹായിക്കുന്നു. എന്നാൽ ഇതിന് പകരമായി തുച്ഛമായ വരുമാനം മാത്രമേ ഇന്ത്യയിലേക്ക് ലഭിക്കുന്നുള്ളൂ. ഇത് രാജ്യത്തിന്റെ അമൂല്യമായ വിവരങ്ങൾ സൗജന്യമായി കയറ്റുമതി ചെയ്യുന്നതിന് തുല്യമാണ്.
ഒരു എ.ഐ സൂപ്പർ പവർ ആകണമെങ്കിൽ ഇന്ത്യ സ്വന്തം ഡാറ്റകളെ തന്ത്രപരമായ ആസ്തിയായി (Strategic asset) പരിഗണിക്കേണ്ടതുണ്ട്. വെറും ഉപയോക്താക്കൾ എന്നതിലുപരി എ.ഐ നിർമ്മാണത്തിൽ പങ്കാളികളാകാൻ ഇന്ത്യ ഗവേഷണങ്ങളിലും ഉയർന്ന നിലവാരമുള്ള പ്രോസസറുകളിലും (Compute) നിക്ഷേപം നടത്തേണ്ടതുണ്ട്. ഇന്ത്യയിലെ 20 ലധികം ഔദ്യോഗിക ഭാഷകളിലെ സൂക്ഷ്മമായ വ്യത്യാസങ്ങൾ ഉൾക്കൊള്ളുന്ന എ.ഐ മോഡലുകൾ വികസിപ്പിക്കുന്നത് കർഷകർക്കും ചെറുകിട വ്യാപാരികൾക്കും എ.ഐയുടെ ഗുണങ്ങൾ ലഭ്യമാക്കാൻ അനിവാര്യമാണ്.
ഡാറ്റകള്‍ പുറത്തേക്ക് കയറ്റുമതി ചെയ്യുകയും പിന്നീട് അത് മോഡലുകളായി വലിയ വിലയ്ക്ക് ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന പഴയ രീതി മാറ്റിയാൽ മാത്രമേ ഇന്ത്യയ്ക്ക് ഈ രംഗത്ത് യഥാർത്ഥ നേതൃത്വം നേടാനാകുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിദേശ കമ്പനികൾക്ക് ഡാറ്റകള്‍ വിട്ടുനൽകുന്നതിന് പകരം, ഹൈ-എൻഡ് ചിപ്പുകൾ ലഭ്യമാക്കുന്നതിനും പ്രാദേശിക എ.ഐ ഇക്കോസിസ്റ്റം വളർത്തുന്നതിനും സർക്കാരും സ്റ്റാർട്ടപ്പുകളും ശ്രദ്ധിക്കേണ്ടതുണ്ട്.
India emerges as a massive AI data hub but faces strategic challenges in building its own AI ecosystem and reducing dependence on global tech giants.
Read DhanamOnline in English
Subscribe to Dhanam Magazine