ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വ്യാജ ഉള്ളടക്കങ്ങള്‍ക്കും ഡീപ്പ് ഫേക്കുകള്‍ക്കുമെതിരെ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ അധികൃതരോ കോടതികളോ ചൂണ്ടിക്കാട്ടുന്ന ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഇനി മുതല്‍ വെറും മൂന്ന് മണിക്കൂര്‍ മാത്രമേ സമയം ലഭിക്കൂ. നിലവിലുണ്ടായിരുന്ന 36 മണിക്കൂര്‍ സമയപരിധിയാണ് കുത്തനെ കുറച്ചത്. ഡിജിറ്റല്‍ ഇടങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനുമാണ് ഐടി നിയമത്തിലെ (IT Rules 2021) ഈ പുതിയ ഭേദഗതികള്‍. ഫെബ്രുവരി 20 മുതല്‍ ഈ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.
നിയമവിരുദ്ധമായ എഐ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ 3 മണിക്കൂര്‍ സമയമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ സ്വകാര്യതയെ ബാധിക്കുന്ന നഗ്‌നചിത്രങ്ങളോ മറ്റോ ആണെങ്കില്‍ 2 മണിക്കൂറിനുള്ളില്‍ തന്നെ നീക്കം ചെയ്യണം.
സാധാരണ രീതിയിലുള്ള ഫോട്ടോ എഡിറ്റിംഗ്, കളര്‍ കറക്ഷന്‍, ട്രാന്‍സ്ലേഷന്‍ എന്നിവയെ ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോകള്‍ എന്നിവയില്‍ അവ എഐ നിര്‍മ്മിതമാണെന്ന് വ്യക്തമാക്കുന്ന ലേബലുകള്‍ പ്ലാറ്റ്ഫോമുകള്‍ നിര്‍ബന്ധമായും നല്‍കണം. ഇവ നീക്കം ചെയ്യാനോ മറയ്ക്കാനോ അനുവദിക്കില്ല. ഉപഭോക്താക്കള്‍ ഇത്തരം ഉള്ളടക്കം അപ്‌ലോഡ് ചെയ്യുമ്പോള്‍ തന്നെ അത് എ.ഐ നിര്‍മിതമാണോ എന്ന് പ്ലാറ്റ്‌ഫോമുകളെ അറിയിക്കണം. ഇത് മറച്ചു വെക്കാന്‍ ശ്രമിച്ചാല്‍ പോസ്റ്റ് നീക്കം ചെയ്യുക മാത്രമല്ല, അക്കൗണ്ട് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് സൂചന.
നിയമവിരുദ്ധമായ എഐ ഉള്ളടക്കങ്ങള്‍ - പ്രത്യേകിച്ച് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍, സമ്മതമില്ലാതെയുള്ള സ്വകാര്യ ദൃശ്യങ്ങള്‍, അശ്ലീല പോസ്റ്റുകള്‍ അല്ലെങ്കില്‍ വ്യാജ ആള്‍മാറാട്ടം എന്നിവ കണ്ടെത്തുന്നതിന് സോഷ്യല്‍ മീഡിയ കമ്പനികള്‍ ഇനി മുതല്‍ ഓട്ടോമേറ്റഡ് ടൂളുകളും ഫില്‍ട്ടറുകളും ഏര്‍പ്പെടുത്തണ്. ഐടി നിയമങ്ങള്‍ ലംഘിച്ചാല്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പ്ലാറ്റ്ഫോമുകള്‍ ഓരോ മൂന്ന് മാസത്തിലും ഉപയോക്താക്കളെ അറിയിക്കണമെന്നും പുതിയ ഭേദഗതിയില്‍ പറയുന്നു.
ആള്‍മാറാട്ടം തടയുന്നതിനാണ് ഇപ്പോള്‍ വലിയ പ്രാധാന്യം നല്‍കുന്നത്. ഡീപ്പ് ഫേക്കുകള്‍ വെറും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല, മറ്റുള്ളവരെ പറ്റിക്കാനായി യഥാര്‍ത്ഥ വ്യക്തികളുടെ മുഖവും ശബ്ദവും വ്യക്തിത്വവും അനുകരിക്കാനും ഇവ ഉപയോഗിക്കുന്നു. പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഇത്തരം ഉള്ളടക്കങ്ങളില്‍ പ്ലാറ്റ്ഫോമുകള്‍ വേഗത്തില്‍ നടപടിയെടുക്കണം. പരാതി നല്‍കുന്ന ഇരകള്‍ക്ക് അനുകൂലമായ കടുത്ത നടപടികളും ഉണ്ടാകും.
നിയമങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്ക് ഐടി നിയമപ്രകാരം ലഭിക്കുന്ന 'സേഫ് ഹാര്‍ബര്‍' (Safe Harbour) പരിരക്ഷ നഷ്ടമാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതോടെ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം പ്ലാറ്റ്ഫോമുകള്‍ക്കും ഏറ്റെടുക്കേണ്ടി വരും.
Read DhanamOnline in English
Subscribe to Dhanam Magazine