Industry

പുരപ്പുറത്തു നിന്ന് സോളാര്‍ പാനല്‍ ഓളപ്പരപ്പിലേക്ക്! ഡാമിലെ വെള്ളത്തിനു മുകളിലും വൈദ്യുതി ഉല്‍പാദനം, വമ്പന്‍ നീക്കവുമായി ഇന്ത്യ, എന്താണ് പുതിയ പദ്ധതി?

ഡാമുകള്‍, റിസര്‍വോയറുകള്‍ തുടങ്ങിയ ജലാശയങ്ങള്‍ക്ക് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് വഴി ഭൂമി പാഴാകുന്നത് ഒഴിവാക്കാം എന്ന് മാത്രമല്ല, ജലബാഷ്പീകരണം കുറയ്ക്കാനും സാധിക്കും

Dhanam News Desk

രാജ്യത്തെ പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി ഫ്‌ളോട്ടിംഗ്‌ സോളാര്‍ പാനലുകള്‍ (Floating Solar Panels) സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ ഇന്‍സെന്റീവ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഭൂലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജലാശയങ്ങള്‍ക്ക് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന രീതിക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

രാജ്യത്തെ പുനരുപയോഗ ഊര്‍ജ്ജ ശേഷി ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങാതെ രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഫ്‌ളോട്ടിംഗ് സോളാര്‍ പാനലുകള്‍ സഹായിക്കുമെന്ന് ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി സെക്രട്ടറി സന്തോഷ് സാരംഗി സി.ഐ.ഐ (CII) വാര്‍ഷിക ബിസിനസ് ഉച്ചകോടിയില്‍ പറഞ്ഞിരുന്നു.

നയപരമായ തീരുമാനങ്ങള്‍ ലളിതമായി നിലനിര്‍ത്തുന്നതും, പുനരുപയോഗ ഊര്‍ജ്ജത്തെ വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യുന്നതുമായിരിക്കും ഇനി മുന്നോട്ടുള്ള വഴിയെന്ന് അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന പുനരുപയോഗ ഊര്‍ജ്ജ ഇന്‍സ്റ്റാളേഷനുകള്‍ വികേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പി.എല്‍.ഐ ആനുകൂല്യങ്ങള്‍

നിലവില്‍ ഭൂമിയില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകളെ അപേക്ഷിച്ച് ഫ്‌ളോട്ടിംഗ് സോളാര്‍ പാനലുകള്‍ക്ക് ചെലവ് കൂടുതലാണ് എന്ന വെല്ലുവിളി നിലനില്‍ക്കുന്നുണ്ട്.

ഈ അധിക സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) മാതൃകയിലുള്ള ആനുകൂല്യങ്ങളോ സാമ്പത്തിക സഹായമോ നല്‍കാനാണ് കേന്ദ്ര പവര്‍ - പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയങ്ങള്‍ ലക്ഷ്യമിടുന്നത്. ഡാമുകള്‍, റിസര്‍വോയറുകള്‍ തുടങ്ങിയ ജലാശയങ്ങള്‍ക്ക് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് വഴി ഭൂമി പാഴാകുന്നത് ഒഴിവാക്കാം എന്ന് മാത്രമല്ല, ജലബാഷ്പീകരണം കുറയ്ക്കാനും സാധിക്കുമെന്നത് ഈ പദ്ധതിയുടെ വലിയ മെച്ചമാണ്.

കനാലുകളും പരിഗണിക്കും

കനാലുകള്‍ക്ക് മുകളിലും മറ്റും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതികള്‍ക്കും സമാനമായ പ്രോത്സാഹനം നല്‍കാന്‍ ആലോചനയുണ്ട്. രാജ്യത്തെ താപനിലയങ്ങളിലെ ജലസംഭരണികള്‍ ഉപയോഗപ്പെടുത്തി ഊര്‍ജ്ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള സാധ്യതകളും സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുന്നു. ഇതിനായി പ്രത്യേക പോളിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കിയേക്കും. സൗരോര്‍ജ്ജ ഉല്‍പാദനത്തില്‍ ലോകനേതാവാകാനുള്ള ഇന്ത്യയുടെ യാത്രയില്‍ ഫ്‌ളോട്ടിങ്സോളാര്‍ പദ്ധതികള്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വലിയ തോതിലുള്ള മൂലധന നിക്ഷേപം ആവശ്യമായി വരുന്ന ഈ മേഖലയിലേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന പുതിയ ആനുകൂല്യങ്ങള്‍ സഹായിക്കും.

India plans major incentives for floating solar projects over dams, reservoirs, and canals to expand renewable energy production nationwide.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT