പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി കാണിച്ചതോടെ, ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ഹരിയാനയില്‍ 89 കിലോമീറ്റര്‍ വരുന്ന ജിന്ദ്-സോണിപത് റൂട്ടിലൂടെ ഓടുന്ന ഈ ട്രെയിന്‍ രാജ്യത്തിന്റെ ഹരിത ഗതാഗത രംഗത്തെ പുതിയ അധ്യായം എന്ന നിലയിലാണ് അവതരിപ്പിക്കപ്പെടുന്നത്. ഇതൊരു ഒരു റെയില്‍വേ വാര്‍ത്തയായി മാത്രം കാണുന്നത് വലിയ ചിത്രം കാണാതെ പോകുന്നതിന് തുല്യമാണ്. യഥാര്‍ഥ ചോദ്യം ഇതാണ്: ഇന്ത്യയ്ക്ക് ശരിക്കും ഹൈഡ്രജന്‍ ട്രെയിനുകള്‍ ആവശ്യമുണ്ടോ? ഉത്തരം കണ്ടെത്തുമ്പോഴാണ് ഈ പദ്ധതിയുടെ ലക്ഷ്യം വ്യക്തമാകുന്നത്.
ഇന്ത്യന്‍ റെയില്‍വേയുടെ ബ്രോഡ്‌ഗേജ് ശൃംഖലയുടെ 99 ശതമാനത്തിലേറെയും ഇതിനകം വൈദ്യുതീകരിച്ചുകഴിഞ്ഞു. ലോകത്ത് ഏറ്റവും വലിയ റെയില്‍വേ വൈദ്യുതീകരണ പദ്ധതികളിലൊന്നാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. അതായത്, രാജ്യത്തെ ഭൂരിഭാഗം ട്രെയിനുകളും ഇനി ഡീസലില്‍ അല്ല, വൈദ്യുതിയിലാണ് ഓടുന്നത്. അപ്പോള്‍ ഹൈഡ്രജന്‍ ട്രെയിന്‍ എന്തിനാണ്?
ഇതൊരു ട്രെയിന്‍ പദ്ധതി മാത്രമല്ല. ഇന്ത്യക്ക് ഹൈഡ്രജന്‍ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള പരീക്ഷണശാല കൂടിയാണ്. ട്രെയിനില്‍ ഉപയോഗിക്കുന്ന ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ, ഹൈഡ്രജന്‍ സുരക്ഷിതമായി സംഭരിക്കല്‍, റീഫ്യുവലിംഗ് സംവിധാനം, പ്രവര്‍ത്തന ചെലവ്, പരിപാലന സംവിധാനം -ഇവയെല്ലാം യഥാര്‍ഥ സാഹചര്യത്തില്‍ പരീക്ഷിക്കുകയാണ്. ഫലത്തില്‍ ഈ ട്രെയിന്‍ ഒരു ഗതാഗത പദ്ധതിയേക്കാള്‍ കൂടുതല്‍ സാങ്കേതിക വിദ്യയുടെ പ്രകടനമാണ്.
ലോകം ഇന്ന് ഗ്രീന്‍ ഹൈഡ്രജനില്‍ നിക്ഷേപിക്കുന്നത് ട്രെയിനുകള്‍ക്കു വേണ്ടിയല്ല. ഏറ്റവും കൂടുതല്‍ ഹൈഡ്രജന്‍ ആവശ്യമാകുന്നത് സ്റ്റീല്‍ വ്യവസായത്തില്‍, വളം നിര്‍മ്മാണത്തില്‍, റിഫൈനറികളില്‍, കെമിക്കല്‍ വ്യവസായത്തില്‍, ഹെവി ട്രക്കുകളിലും കപ്പലുകളിലുമെല്ലാമാണ്. ഈ മേഖലകളിലെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ ബാറ്ററി മാത്രം മതിയാകില്ല. അവിടെയാണ് ഹൈഡ്രജന്‍ പ്രധാന ബദലായി കണക്കാക്കപ്പെടുന്നത്.
ഇന്ത്യ എന്തുകൊണ്ടാണ് ഇതില്‍ ഇത്രത്തോളം നിക്ഷേപിക്കുന്നത്? 2023-ല്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ പ്രഖ്യാപിച്ചു. ഏകദേശം 19,744 കോടി രൂപ ചെലവുള്ള ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ ഇവയാണ്:
2030-ഓടെ വര്‍ഷം അഞ്ച് ദശലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുക.
ഇന്ത്യയെ ഗ്രീന്‍ ഹൈഡ്രജന്‍ കയറ്റുമതി കേന്ദ്രമാക്കുക.
ഇറക്കുമതി ചെയ്യുന്ന ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്നത് കുറ്ക്കുക.
പുതിയ വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുക.
അതിനാല്‍ ഹൈഡ്രജന്‍ ട്രെയിന്‍ ആ വലിയ പദ്ധതിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്.
ജര്‍മ്മനി ലോകത്തിലെ ആദ്യ വാണിജ്യ ഹൈഡ്രജന്‍ ട്രെയിനുകള്‍ അവതരിപ്പിച്ച രാജ്യമാണ്. ഫ്രാന്‍സ്, ചൈന, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളും പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഒരു പ്രധാന കാര്യം ശ്രദ്ധിക്കണം. യൂറോപ്പില്‍ പോലും ഹൈഡ്രജന്‍ ട്രെയിനുകള്‍ എല്ലായിടത്തും എത്തിയിട്ടില്ല. കാരണം, വൈദ്യുതീകരണം സാധ്യമായ ഇടങ്ങളില്‍ ഇലക്ട്രിക് ട്രെയിനുകളാണ് കൂടുതല്‍ കാര്യക്ഷമവും ചെലവ് കുറഞ്ഞതും. വൈദ്യുതീകരിക്കാന്‍ പ്രയാസമുള്ള റൂട്ടുകള്‍ക്കാണ് ഹൈഡ്രജന്‍ അനുയോജ്യമെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയും വിലയിരുത്തുന്നു. ചില യൂറോപ്യന്‍ പദ്ധതികള്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ വെല്ലുവിളികളും നേരിട്ടിട്ടുണ്ട്.
ഇന്ത്യയുടെ സ്ഥിതി യൂറോപ്പില്‍ നിന്ന് വ്യത്യസ്തമാണ്. ഇതിനകം തന്നെ ഭൂരിഭാഗം റെയില്‍ ശൃംഖലയും വൈദ്യുതീകരിച്ചു കഴിഞ്ഞ ഇന്ത്യക്ക് നൂറുകണക്കിന് ഹൈഡ്രജന്‍ ട്രെയിനുകള്‍ വാങ്ങുക എന്നതല്ല അടുത്ത ഘട്ടം. ഹൈഡ്രജന്‍ ഉല്‍പാദനം, സംഭരണം, വിതരണം, ഫ്യൂവല്‍ സെല്‍ നിര്‍മ്മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായ ശൃംഖല വികസിപ്പിക്കുകയാണ് വലിയ ലക്ഷ്യം.
ഈ മാറ്റം വിജയിച്ചാല്‍ പുതിയ നിക്ഷേപങ്ങള്‍ വരാന്‍ സാധ്യതയുള്ള മേഖലകള്‍:
ഇലക്ട്രോളൈസര്‍ നിര്‍മ്മാണം
ഗ്രീന്‍ അമോണിയ
എഞ്ചിനീയറിംഗ് കമ്പനികള്‍
ഇന്‍ഡസ്ട്രിയല്‍ ഗ്യാസ്
നവീകരണ ഊര്‍ജ മേഖല
തുറമുഖ അടിസ്ഥാനസൗകര്യങ്ങള്‍
ഹൈഡ്രജന്‍ സംഭരണ സാങ്കേതികവിദ്യ
അതായത്, ഇത് റെയില്‍വേയുടെ മാത്രം കഥയല്ല. അടുത്ത പത്ത് വര്‍ഷത്തെ പുതിയ വ്യവസായ അവസരങ്ങളുടെ കഥ കൂടിയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine