Image courtesy: Canva
Industry

ഷര്‍ട്ട് ഫിറ്റായില്ല, കാശു കളഞ്ഞു! ആ പരാതി തീരുകയാണ്, വസ്ത്ര വിപണിയില്‍ വലിയ മാറ്റം; എസ്-എം-എല്‍ ഇനി എവിടെയും ഒരേ അളവ്

ഉല്‍പാദനച്ചെലവ് നിയന്ത്രിക്കാനും സൈസ് സംബന്ധമായ പരാതികളും റിട്ടേണുകളും കുറയ്ക്കാനും പുതിയ ചട്ടക്കൂട് സഹായിക്കുമെന്നാണ് പ്രതീക്ഷ

Dhanam News Desk

ഷോപ്പിംഗ് നടത്തുമ്പോള്‍ പല വസ്ത്ര ബ്രാന്‍ഡുകള്‍ക്കും പല സൈസ് എന്നത് ഉപയോക്താക്കളെ സംബന്ധിച്ച് സ്ഥിരം തലവേദനയാണ്. എന്നാല്‍ ഈ ആശയക്കുഴപ്പത്തിന് അറുതി വരുത്താന്‍ തയാറെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ റെഡിമെയ്ഡ് വസ്ത്ര വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ഏകീകൃത ദേശീയ വസ്ത്ര അളവ് രൂപരേഖ (National Apparel Sizing Framework) അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട അന്തിമഘട്ട ചര്‍ച്ചകളിലാണ് അധികൃതര്‍.

പുതിയ സംവിധാനത്തിലൂടെ എസ് (ട), എം (M), എല്‍ (L) തുടങ്ങിയ സൈസ് ലേബലുകള്‍ക്ക് രാജ്യത്തുടനീളം ഏകീകൃത മാനദണ്ഡം നിലവില്‍ വരും.

ഒരേ സൈസ് മാനദണ്ഡം

നിലവില്‍ ഓരോ ബ്രാന്‍ഡും സ്വന്തമായ സൈസ് ചാര്‍ട്ടുകളാണ് പിന്തുടരുന്നത്. അതിനാല്‍ ഒരു കമ്പനിയിലെ 'മീഡിയം' സൈസ് മറ്റൊരു കമ്പനിയില്‍ 'ലാര്‍ജ്' അല്ലെങ്കില്‍ 'സ്‌മോള്‍' ആയിരിക്കാം. പുതിയ ചട്ടക്കൂട് പ്രാബല്യത്തില്‍ വന്നാല്‍ ഈ വ്യത്യാസം ഒഴിവാകും. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പിന്തുടരുന്നതിന് സമാനമായ ഏകീകൃത ആല്‍ഫബെറ്റിക്കല്‍ സൈസിംഗ് സംവിധാനം ഇന്ത്യയിലും നടപ്പാക്കും.

ഇന്ത്യന്‍ ജനതയുടെ ശരീരഘടനയ്ക്ക് അനുയോജ്യമായ ദേശീയ സൈസ് മാനദണ്ഡം രൂപപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഇന്ത്യസൈസ് (INDIAsize) പദ്ധതിയുടെ കണ്ടെത്തലുകളാണ് പുതിയ ചട്ടക്കൂടിന്റെ അടിസ്ഥാനം.

നിര്‍മാതാക്കള്‍ക്കും നേട്ടം

പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഓണ്‍ലൈന്‍ പര്‍ച്ചേസിംഗില്‍ തെറ്റായ സൈസ് തിരഞ്ഞെടുക്കാനുള്ള സാധ്യത കുറയും. സൈസ് പൊരുത്തക്കേടിനെ തുടര്‍ന്നുള്ള റിട്ടേണുകളും എക്സ്ചേഞ്ചുകളും കുറയുകയും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ വാങ്ങല്‍ നടത്താനാകുകയും ചെയ്യും. ട്രയല്‍ റൂമുകളിലെ സമയനഷ്ടവും ഇതിലൂടെ കുറയുമെന്നാണ് വിലയിരുത്തല്‍.

വസ്ത്ര നിര്‍മാതാക്കള്‍ക്കും റീട്ടെയില്‍ വ്യാപാരികള്‍ക്കും ഏകീകൃത സൈസിംഗ് സംവിധാനം ഉല്‍പാദനത്തിലും വിതരണത്തിലും കൂടുതല്‍ കാര്യക്ഷമത കൈവരിക്കാന്‍ സഹായിക്കും. ഉല്‍പാദനച്ചെലവ് നിയന്ത്രിക്കാനും സൈസ് സംബന്ധമായ പരാതികളും റിട്ടേണുകളും കുറയ്ക്കാനും പുതിയ ചട്ടക്കൂട് സഹായിക്കുമെന്നാണ് പ്രതീക്ഷ.

രാജ്യത്തെ റെഡിമെയ്ഡ് വസ്ത്ര വിപണിയില്‍ കൂടുതല്‍ സുതാര്യതയും ഏകീകരണവും ഉറപ്പാക്കുന്ന ഈ ദേശീയ സൈസിംഗ് ചട്ടക്കൂട് ഉടന്‍ ഔദ്യോഗികമായി വിജ്ഞാപനം ചെയ്യുമെന്നാണ് സൂചന.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT