Image courtesy: Canva
Industry

സെമികണ്ടക്ടർ രംഗത്ത് ഇന്ത്യയുടെ വൻ കുതിപ്പ്; ₹1.25 ലക്ഷം കോടിയുടെ മിഷൻ 2.0 പദ്ധതിയുമായി കേന്ദ്ര സർക്കാർ

സ്മാർട്ട്‌ഫോണുകൾ മുതൽ വാഹനങ്ങൾ വരെയുള്ള വിവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിൽ ഇന്ത്യയെ നിർണായക ശക്തിയാക്കി മാറ്റുന്ന പദ്ധതി

Dhanam News Desk

ഇന്ത്യയെ ആഗോള സെമികണ്ടക്ടർ നിർമ്മാണ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കത്തിന് വേഗത പകര്‍ന്ന് കേന്ദ്രം. ഇതിന്റെ ഭാഗമായി 'ഇന്ത്യ സെമികണ്ടക്ടർ മിഷൻ' (ISM) 2.0-ന് 1.25 ലക്ഷം കോടി രൂപയാണ് അനുവദിക്കുക. പദ്ധതിക്ക് എക്സ്പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റി (EFC) അംഗീകാരം നല്‍കിയതായി സിഎന്‍ബിസി ടിവി18 റിപ്പോര്‍ട്ട് ചെയ്യുന്നു. പദ്ധതി അന്തിമ അനുമതിക്കായി താമസിയാതെ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തും.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി അനുവദിച്ചിരിക്കുന്ന തുക ആദ്യ ഘട്ടത്തേക്കാൾ വളരെ കൂടുതലാണ് എന്നത് ശ്രദ്ധേയമാണ്. മിഷന്റെ ആദ്യ ഘട്ടത്തിൽ 76,000 കോടി രൂപയായിരുന്നു പദ്ധതി വിഹിതം. ചിപ്പ് രൂപകൽപ്പന (Chip design), നിർമ്മാണം (Fabrication), പാക്കേജിംഗ് എന്നിങ്ങനെ സെമികണ്ടക്ടർ മൂല്യശൃംഖലയിലെ മുഴുവൻ പ്രക്രിയകളെയും ഉൾക്കൊള്ളുന്ന രീതിയിലാണ് ISM 2.0 വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടെ കൂടുതൽ വിപുലമായ രീതിയിൽ രാജ്യത്തെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ വികസിപ്പിക്കാൻ സർക്കാരിന് സാധിക്കും.

രാജ്യത്തിനകത്ത് തന്നെ സെമികണ്ടക്ടർ നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുന്നതിലൂടെ ആഗോള വിപണിയിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തരമായി ചിപ്പുകൾ ഉൽപ്പാദിപ്പിക്കാനും ഈ വലിയ നിക്ഷേപം വഴിയൊരുക്കും. സ്മാർട്ട്‌ഫോണുകൾ മുതൽ വാഹനങ്ങൾ വരെയുള്ള വിവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിൽ ഈ നീക്കം ഇന്ത്യയെ ഒരു നിർണായക ശക്തിയാക്കി മാറ്റുമെന്നാണ് കരുതുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT