Industry

ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് 3.3 -3.6 ബില്യണ്‍ ഡോളര്‍ നഷ്ട സാധ്യതയെന്ന് സി എ പി എ

Dhanam News Desk

ജൂണ്‍ അവസാനം വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവരുന്ന പക്ഷം അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് 3.3-3.6 ബില്യണ്‍ യുഎസ് ഡോളര്‍ നഷ്ടമുണ്ടാകുമെന്ന് ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി സി എ പി എ (കാപ്പ) യുടെ നിരീക്ഷണം.

1.75 ബില്യണ്‍ യുഎസ് ഡോളര്‍ നഷ്ടമാകും വിമാനക്കമ്പനികള്‍ക്കുണ്ടാകുക. വിമാനത്താവളങ്ങള്‍ക്ക് 1.50-1.75 ബില്യണ്‍ ഡോളറും ഗ്രൗണ്ട് ഹാന്‍ഡ്ലറുകള്‍ക്ക് 80-90 ദശലക്ഷം ഡോളറും നഷ്ടം നേരിടേണ്ടിവരുമെന്നും കാപ്പ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസ് അണുബാധ പടരാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏപ്രില്‍ 15 വരെയാണ് വിമാന സര്‍വീസുകള്‍ ഇന്ത്യ നിര്‍ത്തിവച്ചിരിക്കുന്നത്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദം പരമ്പരാഗതമായി ഇന്ത്യന്‍ എയര്‍ലൈനുകളുടെ ഏറ്റവും തിരക്കും വരുമാനവുമുള്ള സമയമാണെന്ന്് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യോമയാന മേഖല നേരിടുന്ന പ്രതിസന്ധി നിരവധി അനുബന്ധ മേഖലകളുടേതു കൂടിയാണെന്നും ഇതെല്ലാം ചേര്‍ന്നുണ്ടാകുന്ന അതീവ ഗുരുതര പ്രശ്‌നങ്ങള്‍ 2021 സാമ്പത്തിക വര്‍ഷം കഴിഞ്ഞും നീണ്ടുപോയേക്കാമെന്നും കാപ്പ ഇന്ത്യ സി ഇ ഒ കപില്‍ കൗള്‍ പറഞ്ഞു.

ആഗോള വിമാന വ്യവസായത്തിന് 2020 ല്‍ 250 ബില്യണ്‍ ഡോളര്‍ വരുമാനനഷ്ടം ഉണ്ടാകുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ) കഴിഞ്ഞ ദിവസം കണക്കാക്കിയിരുന്നു. നേരത്തെ കണക്കാക്കിയിരുന്നത് 113 ബില്യണ്‍ ഡോളറാണ്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി രാജ്യങ്ങള്‍  അതിര്‍ത്തി അടയ്ക്കുകയും ആഗോള വിമാനക്കമ്പനികള്‍ സേവനം നിര്‍ത്തി വയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് കണക്കുകള്‍ പുതുക്കിയതെന്ന്  ആഗോള മാധ്യമ ടെലികോണ്‍ഫറന്‍സില്‍ ഐഎടിഎയുടെ ചീഫ് ഇക്കണോമിസ്റ്റ് ബ്രയാന്‍ പിയേഴ്‌സ് പറഞ്ഞു. നിലവിലെ പ്രതിസന്ധി ആഗോള സിവില്‍ ഏവിയേഷന്‍ നേരിട്ട ഏറ്റവും ഗുരുതരമായ അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വേഗത്തില്‍ വീണ്ടെടുക്കല്‍ സാധ്യമല്ലെന്ന് ഐഎടിഎ അധികൃതര്‍ പറഞ്ഞു.

മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഐഎടിഎ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഡയറക്ടര്‍ ജനറലുമായ അലക്‌സാണ്ടര്‍ ഡി ജൂനിയാക് വിമാനക്കമ്പനികളെ രക്ഷിക്കാന്‍ സഹായിക്കണമെന്ന് സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. പൂര്‍ണ്ണമായും വേഗതയുള്ള രക്ഷാ പാക്കേജുകള്‍ ആണ് ആവശ്യമെന്ന് ഡിജി പറഞ്ഞു.അതേസമയം, ഇന്ധന വില കുറഞ്ഞത് ആഗോള വ്യോമയാന വ്യവസായം നേരിടുന്ന വരുമാന ഇടിവിന് ആശ്വാസം നല്‍കുന്നതാണെന്ന് പിയേഴ്‌സ് പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT