Industry

ഇന്ത്യയുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്കു പ്രിയം; നൂറിലധികം രാജ്യങ്ങള്‍ വാങ്ങുന്നു

Babu Kadalikad

യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ കയറ്റുമതി ചെയ്തു തുടങ്ങി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരം ഏറ്റവും മികവാര്‍ന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിര്‍മ്മിക്കാന്‍ കഴിയുന്നതിനാലാണ് കയറ്റുമതി സാധ്യമായത്.

യു.എസ്, യു.കെ, ജര്‍മ്മനി എന്നിവയ്ക്കു പുറമേ 360 ഡിഗ്രി പരിരക്ഷ നല്‍കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിര്‍മ്മിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് ബജാജ് പറഞ്ഞു. വിവിധ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഗുണനിലവാര മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ദേശീയ സ്ഥാപനമാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ്.

നേരത്തെ, മാനദണ്ഡങ്ങളുടെ അഭാവത്തില്‍ ഗുണനിലവാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ലെന്ന് ബിഐഎസിലെ ശാസ്ത്രജ്ഞനും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനായി ദേശീയ മാനദണ്ഡങ്ങള്‍ നിര്‍മ്മിക്കുന്ന സമിതിയുടെ അംഗ സെക്രട്ടറിയുമായ ജെ. കെ ഗുപ്ത പറഞ്ഞു. സായുധ സേന ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നിതി ആയോഗില്‍ നിന്നുമുള്ള നിര്‍ദേശ പ്രകാരമാണ് 2018 ഡിസംബറില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനായി ദേശീയ നിലവാരം ബി.ഐ.എസ് തയ്യാറാക്കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT