Image courtesy: Canva, facebook.com/DonaldTrump
Industry

കമ്പനികള്‍ക്ക് പൊടുന്നനെ 'സ്വദേശി' പ്രണയം, അമുലും ഡാബറും റെയ്മണ്ടുമൊക്കെ കളത്തില്‍, എന്താണ് കാരണം? തന്ത്രം ഫലിക്കുമോ?

സ്വാതന്ത്ര്യ സമര കാലത്താണ് സ്വദേശി മുദ്രാവാക്യം ശക്തമായി ഉയര്‍ന്നത്

Dhanam News Desk

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇരട്ട താരിഫ് ചുമത്തി പ്രതിസന്ധിയിലാക്കിയതോടെ ഇന്ത്യന്‍ കമ്പനികള്‍ മറ്റു വഴികള്‍ തേടുകയാണ്. യു.എസിന് പുറത്തുളള അന്താരാഷ്ട്ര വിപണിയില്‍ വ്യാപാരം മെച്ചപ്പെടുത്തുകയാണ് ഒരു മാര്‍ഗം. മറ്റൊരു വഴി ആഭ്യന്തര വിപണി കൂടുതല്‍ ശക്തമാക്കി ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതലായി വിറ്റഴിക്കുകയാണ്. ഇതിനായി വ്യത്യസ്തമായ രീതികളാണ് കമ്പനികള്‍ പിന്തുടരുന്നത്. ട്രംപിന്റെ താരിഫ് ദ്രോഹത്തില്‍ നിന്ന് കരകയറുന്നതിനായി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് ദേശസ്നേഹപരമായ പ്രവൃത്തിയായി കാണണമെന്ന് ആഹ്വാനം ചെയ്യുന്ന പരസ്യങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ വ്യാപകമായി ഉപയോഗിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്.

സ്വദേശി ആഹ്വാനം

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ കാലത്താണ് സ്വദേശി ആഹ്വാന മുദ്രാവാക്യം ശക്തമായി ഉയര്‍ന്നത്. ട്രംപിന്റെ താരിഫ് നീക്കത്തെ തിരിച്ചടിക്കാന്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കണമെന്ന് സമൂഹമാധ്യമങ്ങളില്‍ അടക്കം വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. "സ്വദേശി സ്വാദ്", "ഇന്ത്യയിൽ നിർമ്മിച്ചത്... ഇതിനെ അനുമോദിക്കൂ" തുടങ്ങിയ ക്യാമ്പയിനുകളുമായാണ് പ്രമുഖ പാല്‍ ഉല്‍പ്പന്ന കമ്പനിയായ അമുല്‍ കളം നിറയുന്നത്. "ഇന്ത്യക്കാർക്കായി നിർമ്മിച്ചത്" എന്ന പരസ്യവാചകവുമായാണ് ഹെർബൽ/ആയുർവേദ ഉൽപ്പന്നങ്ങള്‍ വിറ്റഴിക്കുന്ന ഡാബര്‍ ഉപഭോക്താക്കളുടെ സമീപം ചെല്ലുന്നത്.

"പ്രാദേശിക ആവശ്യങ്ങൾക്കായി ശബ്ദമുയർത്തുക, സ്വദേശി വാങ്ങുക" എന്ന് ആഹ്വാനവുമായി റെയ്മണ്ടിന്റെ ചെയർമാൻ ഗൗതം സിംഘാനിയയും രംഗത്തെത്തി. പ്രാദേശിക ഉൽ‌പ്പാദനത്തിലൂടെ ഉപഭോക്തൃ അഭിമാനം ശക്തിപ്പെടുത്തുന്ന തരത്തിലുളള പരസ്യങ്ങളുമായാണ് ഗോദ്‌റെജ് എന്റർപ്രൈസസ് ഉപഭോക്താക്കളെ സമീപിക്കുന്നത്. ഇന്ത്യയിൽ നിർമ്മിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുളള ഗൃഹോപകരണങ്ങളും ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സ് (IoT) പ്രാപ്തമാക്കിയ ലോക്കുകളുമാണ് ഇത്തരത്തില്‍ കമ്പനി വിപണിയിലെത്തിക്കുന്നത്. രാജ്യത്ത് ഉത്സവ സീസണിന്റെ ചുവടുപിടിച്ചാണ് ഈ ക്യാമ്പയിനുകള്‍ നടത്തുന്നത്.

വെല്ലുവിളി

അതേസമയം, ദേശസ്നേഹ സന്ദേശങ്ങൾ ഉണ്ടെങ്കില്‍ വിൽപ്പനയില്‍ വര്‍ധനവുണ്ടാകുമെന്ന് കരുതുന്നതിനെതിരെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബഹുരാഷ്ട്ര കമ്പനികൾക്ക് ബദലായി സ്വയം അവതരിപ്പിക്കാനുളള പതഞ്ജലിയുടെ ശ്രമങ്ങള്‍ ദീർഘകാല വിജയം നേടിയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള കോർപ്പറേറ്റ് കമ്പനികള്‍ സോഴ്‌സിംഗ് നെറ്റ്‌വർക്കുകൾ വികസിപ്പിച്ചും പ്രാദേശിക നിര്‍മ്മാണ സൗകര്യങ്ങൾ സ്ഥാപിച്ചും ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതും ഇന്ത്യന്‍ കമ്പനികള്‍ക്ക് വെല്ലുവിളിയാണ്.

Indian companies launch “Swadeshi campaigns” to counter Trump’s double tariff impact and boost domestic sales.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT