Industry

30 ഐപിഒകള്‍, ഇന്ത്യന്‍ കമ്പനികള്‍ സമാഹരിച്ചത് 31,265 കോടി രൂപ

ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലാണ് കൂടുതലായും പ്രാഥമിക ഓഹരി വില്‍പ്പന നടന്നത്

Dhanam online

കോവിഡ് പ്രതിസന്ധിക്കിടെയും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) യിലൂടെ ഇന്ത്യന്‍ കമ്പനികള്‍ സമാഹരിച്ചത് 31,265 കോടി രൂപ. 30 പ്രാഥമിക ഓഹരി വില്‍പ്പനകളിലൂടെയാണ് ഇന്ത്യന്‍ കമ്പനികള്‍ ഇത്രയും തുക സമാഹരിച്ചത്.

2020 സാമ്പത്തിക വര്‍ഷം 13 ഐപിഒകളിലൂടെ സമാഹരിച്ച 20,350 കോടിയേക്കാള്‍ 53.63 ശതമാനം കൂടുതലാണിത്. എന്നാല്‍ 2019 സാമ്പത്തിക വര്‍ഷം സമാഹരിച്ച 14,716 കോടിയുടെ ഇരട്ടിയിലധികം വരുമിത്. അന്ന് 19 ഐപിഒകളിലൂടെയാണ് 14,716 കോടി രൂപയായിരുന്നു സമാഹരിച്ചത്.

ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (4,600 കോടി), കല്യാണ്‍ ജ്വല്ലേഴ്‌സ് (1,175 കോടി), ഹോം ഫസ്റ്റ് ഫിനാന്‍സ് കമ്പനി ഇന്ത്യ ലിമിറ്റഡ് (1,154 കോടി), ക്രാഫ്റ്റ്‌സ്മാന്‍ ഓട്ടോമേഷന്‍ (824 കോടി), ബാര്‍ബിക്യൂ-നേഷന്‍ ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് (453 കോടി) എന്നിവയാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ ഫ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ഫണ്ട് സ്വരൂപിച്ച പ്രധാന കമ്പനികള്‍.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 23 കമ്പനികള്‍ മൊത്തം 18,302 കോടി രൂപ സമാഹരിച്ചു. എസ്എംഇകളുടെ പ്രാഥമിക ഓഹരി വില്‍പ്പനയടക്കമാണിത്. മാര്‍ച്ച് മൂന്നാം ആഴ്ചയില്‍ അഞ്ച് കമ്പനികള്‍ 3,764 കോടി രൂപയാണ് സമാഹരിച്ചത്. വ്യാഴാഴ്ച ആരംഭിച്ച വി-മാര്‍ക്ക് ഇന്ത്യയുടെ 23 കോടി രൂപയുടെ ഐപിഒ മാര്‍ച്ച് 31ന് അവസാനിക്കും.

എല്‍ഐസി, എന്‍സിഡിഎക്‌സ്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയ കമ്പനികള്‍ അടുത്ത് സാമ്പത്തിക വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ഐപിഒ വഴിയുള്ള സമാഹരണം തുക ഈ വര്‍ഷത്തേക്കാള്‍ വളരെയധികം കൂടുതലായിരിക്കും.

എന്നാല്‍ ഇഷ്യു വിലയേക്കാള്‍ കുറഞ്ഞതലത്തിലാണ് കഴിഞ്ഞ ഏതാനും ഐപിഒകളുടെ ലിസ്റ്റിംഗ് വന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ അഞ്ച് ഐപിഒകളില്‍ നാലിനും അപേക്ഷകര്‍ കുറവായിരുന്നു. രണ്ടു മുതല്‍ആറുവരെ മടങ്ങ് അപേക്ഷകര്‍ മാത്രം. അവ ലിസ്റ്റ് ചെയ്തതും നഷ്ടത്തിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT