ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ കടന്നുവരവ് ഇന്ത്യൻ ഐടി കമ്പനികൾക്ക് പുതിയ ബിസിനസ് അവസരങ്ങൾ തുറന്നുനൽകുന്നുണ്ടെങ്കിലും കമ്പനികളുടെ വരുമാനത്തിലും ലാഭത്തിലും അത് പ്രതിഫലിക്കാൻ വൈകുകയാണ്. എഐ സേവനങ്ങൾക്കുള്ള ആവശ്യകതയും അതുവഴി വലിയ കരാറുകൾ ലഭിക്കുന്നതും വർധിക്കുന്നുണ്ട്.
എന്നാൽ ക്ലയന്റുകൾ (ഉപഭോക്താക്കൾ) ആകട്ടെ, എഐ മുഖേന ഉൽപ്പാദനക്ഷമത വർധിപ്പിച്ചതിലൂടെ കമ്പനികൾക്ക് കിട്ടുന്ന സാമ്പത്തിക നേട്ടത്തിന്റെ വലിയൊരു പങ്ക്, കുറഞ്ഞ നിരക്കുകളിലൂടെ തങ്ങൾക്കും ലഭിക്കണമെന്ന് ആവശ്യപ്പെടുന്നു. പരമ്പരാഗത ഐടി സേവനങ്ങളുടെ നിരക്കിൽ ഇത് വലിയ സമ്മർദം ചെലുത്തുകയാണ്. ഈയൊരു പശ്ചാത്തലത്തിൽ, ഐടി കമ്പനികൾക്ക് എഐ പുതിയൊരു വരുമാന സ്രോതസ്സായി മാറുമോ, അതോ നിലവിലുള്ള ബിസിനസിന്റെ വരുമാനം ചോർത്തിക്കളയുമോ എന്നതാണ് ഐടി സെക്ടറിൽ ഇപ്പോൾ ഉയരുന്ന ഏറ്റവും നിർണായകമായ ചോദ്യം.
അതേസമയം ആറു വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രതിമാസ മുന്നേറ്റമായ 17 ശതമാനത്തിലധികം നേട്ടമാണ് ഒക്ടോബറിൽ നിഫ്റ്റി ഐടി സൂചിക രേഖപ്പെടുത്തിയത്. നവംബർ 13-ന് അവസാനിച്ച ആഴ്ചയിൽ 3.2 ശതമാനം തിരുത്തൽ നേരിട്ടതോടെ തുടർച്ചയായ ആറാഴ്ചത്തെ മുന്നേറ്റത്തിനും വിരാമമായി. നിലവിൽ ഈമാസം ഇതുവരെ രണ്ട് ശതമാനത്തോളം നഷ്ടത്തിലാണ് സൂചികയുള്ളത്. ഐടി കമ്പനികളുടെ ഭാവിയെന്ത്? വിശദമായി നോക്കാം.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസിന്റെ ആകെ വരുമാനത്തിൽ എഐയുമായി ബന്ധപ്പെട്ട ബിസിനസിന്റെ പങ്ക് രണ്ടാം പാദത്തിൽ (Q2 FY27) 10.5 ശതമാനമായി ഉയർന്നിട്ടുണ്ട്. ഒന്നാം പാദത്തിൽ (Q1) ഇത് 8.2 ശതമാനമായിരുന്നു. പാദാടിസ്ഥാനത്തിൽ (Quarter-on-quarter) എഐ വരുമാനം 29 ശതമാനം വളർന്നു. എന്നാൽ ഈ മുന്നേറ്റം മൊത്തം വരുമാന വളർച്ചയിൽ ഇതുവരെ വലിയ മാറ്റമുണ്ടാക്കിയിട്ടില്ല. ഡാറ്റ എൻജിനീയറിങ്, ആപ്ലിക്കേഷൻ നവീകരണം, ക്ലൗഡ് മൈഗ്രേഷൻ, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങളുണ്ടെങ്കിലും പരമ്പരാഗത സേവനങ്ങളിലെ നിരക്കുകൾക്ക് നേരിടുന്ന സമ്മർദത്തെ പൂർണമായി മറികടക്കാനുമായിട്ടില്ല.
വൻകിട കരാറുകൾ നേടിയാലും അതിന്റെ മുഴുവൻ വരുമാനം കമ്പനികളിലേക്ക് ഉടൻ എത്തിച്ചേരണമെന്നില്ല. പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പാക്കുന്നതും ക്ലയന്റുകളുടെ തീരുമാനമെടുക്കൽ വൈകുന്നതും കരാറുകളിൽ നിന്നും വരുമാനത്തിലേക്കുള്ള മാറ്റം മന്ദഗതിയിലാക്കുന്നു. ഇൻഫോസിസ് രണ്ടാം പാദത്തിൽ 520 കോടി ഡോളറിന്റെ വൻകിട കരാറുകൾ നേടിയിട്ടും നടപ്പ് സാമ്പത്തിക വർഷത്തെ (FY27) കോൺസ്റ്റന്റ് കറൻസി അടിസ്ഥാനത്തിലുള്ള വരുമാന (Constant currency revenue) വളർച്ചാ പ്രവചനം 1–3 ശതമാനത്തിൽനിന്ന് 1–2 ശതമാനമായി കുറച്ചത് ഇതിന്റെ സൂചനയാണ്.
എഐ വഴി ഐടി കമ്പനികൾക്ക് ലഭിക്കുന്ന ഉൽപ്പാദനക്ഷമതാ നേട്ടം കരാർ പുതുക്കുമ്പോൾ കുറഞ്ഞ നിരക്കുകളായി നൽകണമെന്ന് ക്ലയന്റുകൾ ആവശ്യപ്പെടുന്നത് തിരിച്ചടിയാണ്. കൊട്ടക് സെക്യൂരിറ്റീസിന്റെ കണക്കനുസരിച്ച്, മൊത്തം വിലനിർണയത്തിലുണ്ടാകുന്ന ഇടിവ് ഏകദേശം ഏഴ് ശതമാനവും, ഫലത്തിലുള്ള ആഘാതം (Net impact) 3.5 ശതമാനം വരെയുമാകാം. അതായത് പുതിയ എഐ അധിഷ്ഠിത കരാറുകൾ ലഭിക്കുമ്പോഴും പരമ്പരാഗത ഐടി സേവനങ്ങളുടെ ബില്ലിങ് നിരക്കിൽ ശക്തമായ സമ്മർദം നേരിടുകയാണ്. ഈ സാഹചര്യത്തിൽ ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, വിപ്രോ തുടങ്ങിയ വൻകിട കമ്പനികൾക്ക്, സേവന നിരക്കുകൾ എത്രത്തോളം സംരക്ഷിക്കാനാകും എന്നതാണ് ഭാവിയിൽ ലാഭക്ഷമത നിർണയിക്കുന്ന മുഖ്യഘടകം.
ബാങ്കിങ്, ധനകാര്യ സേവന, ഇൻഷുറൻസ് (BFSI), റീട്ടെയിൽ, ഹൈ-ടെക്, നിർമാണം തുടങ്ങിയ മേഖലകളിൽ ക്ലയന്റ് ചെലവുകൾ പുനഃക്രമീകരിക്കുന്ന രീതി, ഐടി കമ്പനികളുടെ വളർച്ചയെ വ്യത്യസ്ത തോതിലായിരിക്കും ബാധിക്കുക. എന്നാൽ എഐ മൂലം സേവന നിരക്കിലുണ്ടാകുന്ന ഇടിവിന്റെ യഥാർത്ഥ ആഘാതം എത്രയാണെന്ന് വ്യക്തമാക്കുന്ന കൃത്യമായ കണക്കുകൾ നിലവിൽ ലഭ്യമല്ല.
ടയർ-1 ഐടി കമ്പനികളുടെ പാദാടിസ്ഥാനത്തിലുള്ള വരുമാന വളർച്ച രണ്ട് ശതമാനത്തിന് മുകളിലെത്തുക, സേവന നിരക്കുകൾ സ്ഥിരത നേടുക, എഐ വഴിയുള്ള വരുമാനത്തിന്റെ പങ്ക് 15–20 ശതമാനത്തിലേക്ക് ഉയരുക, നിരക്ക് സമ്മർദത്തിനിടയിലും മാർജിൻ മെച്ചപ്പെടുക എന്നിവയാണ് സെക്ടറിന്റെ തിരിച്ചുവരവിന്റെ പ്രധാന സൂചനകളായി കണക്കാക്കപ്പെടുന്നത്. കൂടാതെ, ക്ലയന്റുകളുടെ വിവേചനാധികാരത്തിലുള്ള ചെലവിടൽ (Discretionary spending) വർധിക്കേണ്ടതും അനിവാര്യമാണ്. എഐ സാങ്കേതികവിദ്യ പുതിയ ബിസിനസ് സൃഷ്ടിക്കുന്നുണ്ടെന്നത് വ്യക്തമാണ്; എന്നാൽ പരമ്പരാഗത സേവനങ്ങളിലെ വരുമാനത്തിലുണ്ടാകുന്ന നഷ്ടം നികത്താൻ അതിന് കഴിയുന്നുണ്ടെന്ന് തെളിയിക്കേണ്ട വലിയ ഉത്തരവാദിത്തമാണ് ഇനി ഐടി കമ്പനികളുടെ മുന്നിലുള്ളത്.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ സെക്ടറിനേയും കമ്പനികളേയും കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
AI-related business is growing for Indian IT companies, but pricing pressure from clients and delays in converting large deals into revenue are limiting the impact on overall growth and profitability.
Read DhanamOnline in English
Subscribe to Dhanam Magazine