Industry

വമ്പന്‍ നിയമനങ്ങളുമായി ഐറ്റി മേഖല; അഞ്ച് കമ്പനികള്‍ 96000 പേരെ നിയമിക്കുന്നു

30 ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നാസ്‌കോമിന്റെ വെളിപ്പെടുത്തല്‍

Dhanam News Desk

അഞ്ച് മുന്‍നിര ഐറ്റി കമ്പനികളില്‍ ഈ വര്‍ഷം 96000 പേര്‍ക്ക് പുതുതായി ജോലി നല്‍കുമെന്ന് ഐറ്റി മേഖലയിലെ സംഘടനയായ നാസ്‌കോം. രാജ്യത്തെ സോഫ്റ്റ് വെയര്‍ കമ്പനികള്‍ 30 ലക്ഷം തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചേക്കാമെന്ന ബാങ്ക് ഓഫ് അമേരിക്കയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പുതിയ വാര്‍ത്ത. തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക വഴി 100 ശതകോടി ഡോളര്‍ ലാഭിക്കാനാവുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ കണ്ടെത്തല്‍.

സാങ്കേതിക വിദ്യയിലെ മാറ്റം ഐറ്റി മേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആകെ നിയമനങ്ങളുടെ എണ്ണം 1.38 ലക്ഷമായി ഇതോടെ മാറുമെന്നും നാസ്‌കോം പ്രസ്താവിക്കുന്നു. ഇതില്‍ 96000 എണ്ണവും അഞ്ച് കമ്പനികളിലാണ്.

2025 ഓടെ 300-350 ശതകോടി ഡോളര്‍ വരുമാനം നേടാനുള്ള ലക്ഷ്യവുമായാണ് ഇന്ത്യന്‍ ഐറ്റി മേഖലയുടെ കുതിപ്പ്.

ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് മേഖലയിലാണ് കൂടുതല്‍ വളര്‍ച്ച പ്രകടമാകുന്നത്. ഏകദേശം 14 ലക്ഷം പേര്‍ രാജ്യത്ത് ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഓട്ടോമേഷന്‍, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ എന്നീ മേഖലയിലാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും നാസ്‌കോം പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT