Industry

ഇന്തോനേഷ്യക്ക് വീണ്ടും ഇന്ത്യ പഞ്ചസാര നല്‍കും

Dhanam News Desk

വരള്‍ച്ച മൂലം തായ്‌ലന്റിലെ കരിമ്പുത്പാദനം കുറഞ്ഞതോടെ ഇന്തോനേഷ്യയിലേക്ക് ഇന്ത്യയില്‍ നിന്ന് പഞ്ചസാര കയറ്റുമതി ചെയ്യാന്‍ വഴിയൊരുങ്ങുന്നു. മാറിയ സാഹചര്യത്തില്‍ ഗുണമേന്മാ മാനദണ്ഡങ്ങള്‍ ഇളവു ചെയ്യാന്‍ ഇന്തോനേഷ്യ സന്നദ്ധമാകുന്നതും ഇന്ത്യയിലെ പഞ്ചസാര മില്ലുടമകളില്‍ പ്രതീക്ഷ പകരുന്നു.

ആഗോള വിപണിയില്‍ ബ്രസീലിനോട് മല്‍സരിക്കുന്ന ഇന്ത്യന്‍ പഞ്ചസാര ഉത്പ്പാദകര്‍ക്ക് ഇതോടെ ഇന്തോനേഷ്യയിലേക്ക് 2.50 - 3.00 ലക്ഷം ടണ്‍ അസംസ്‌കൃത പഞ്ചസാര കയറ്റി അയക്കാന്‍ സാധിക്കുമെന്നാണ് കണക്ക്. രാജ്യത്തെ പഞ്ചസാര ഗോഡൗണുകളില്‍ വന്‍ തോതില്‍ ചരക്ക് കെട്ടിക്കിടക്കുന്നുണ്ട് ഇപ്പോള്‍. ഒക്ടോബറില്‍ കരിമ്പിനു ബമ്പര്‍ വിളവെടുപ്പായിരുന്നു. 14 ദശലക്ഷം ടണ്‍ പഞ്ചസാരയുടെ റിസര്‍വാണ് ഗോഡൗണുകളിലുള്ളത്.

ഇന്തോനേഷ്യയിലേക്ക് ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റി അയച്ചിരുന്നത് തായ്‌ലന്റായിരുന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് തായ്ലന്‍ഡിലെ ഉല്‍പ്പാദനം കുറഞ്ഞു. ഇതാണ് ഇന്ത്യന്‍ കമ്പനികള്‍ക്കു മുന്നില്‍ വര്‍ഷങ്ങളായി അടയ്ക്കപ്പെട്ടിരുന്ന വാതില്‍ തുറക്കാന്‍ കാരണം.

തുറന്ന് കിട്ടിയ സുവര്‍ണ്ണാവസരം മുതലാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയില്‍ പഞ്ചസാര സംസ്‌കരിക്കുന്ന കമ്പനികള്‍. ഇന്തോനേഷ്യയിലേക്ക് പഞ്ചസാര കയറ്റുമതി ചെയ്യുന്നതിനുള്ള സുവര്‍ണ്ണാവസരമാണിതെന്ന് നിര്‍മാതാക്കളുടെ ഗ്രൂപ്പായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് കോപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പ്രകാശ് നായിക്‌നാവരെ പറഞ്ഞു.

പക്ഷേ, മില്ലുകള്‍ വെളുത്ത പഞ്ചസാരയുടെ ഉത്പാദനം നിര്‍ത്തി അസംസ്‌കൃത പഞ്ചസാര ഉത്പാദിപ്പിക്കേണ്ടതുണ്ടെന്ന് പ്രകാശ് നായിക്‌നാവരെ ചൂണ്ടിക്കാട്ടി. വെണ്മയേറിയ പഞ്ചസാരയല്ല, ഇളം തവിട്ടു നിറത്തിലുള്ള അസംസ്‌കൃത പഞ്ചസാരയാണ് ഇന്തോനേഷ്യക്കാവശ്യം. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി അനുവദിക്കുന്നതിനായി ഇന്തോനേഷ്യ അസംസ്‌കൃത പഞ്ചസാരയുടെ വര്‍ണ്ണ നിബന്ധനയില്‍ മാറ്റം വരുത്തിയതായി കൃഷി മന്ത്രാലയത്തിലെ എസ്റ്റേറ്റ് വിളകളുടെ ഡയറക്ടര്‍ ജനറല്‍ കാസ്ഡി സുബാഗിയോനോ പറഞ്ഞു.

കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് തായ്‌ലന്റിനെ ബാധിച്ചത്. ആഗോള കയറ്റുമതിയില്‍ രണ്ടാം സ്ഥാനക്കാരായ തായ്‌ലന്റിലെ ഉല്‍പാദനത്തകര്‍ച്ച മൂലം ഈ വര്‍ഷം അന്താരാഷ്ട്ര വില 10 ശതമാനം ഉയര്‍ന്നു. രാജ്യത്ത് നിന്നുള്ള പഞ്ചസാര കയറ്റുമതി 40% ( 6 ദശലക്ഷം ടണ്‍ )വരെ കുറയാനിടയുണ്ട്. ലോകത്തെ ഏറ്റവും വലിയ പഞ്ചസാര ഇറക്കുമതിക്കാരായ ഇന്തോനേഷ്യ 2019-20 ല്‍ 4.4 ദശലക്ഷം ടണ്‍ അസംസ്‌കൃത പഞ്ചസാര വാങ്ങുമെന്നാണ് യുഎസ് കാര്‍ഷിക വകുപ്പ് കണക്കാക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT