Industry

ചാറ്റ് ജിപിറ്റിയെയും പിന്നിലാക്കി ഇന്ത്യന്‍ ഗ്യാസ് ബുക്കിംഗ് ആപ്പ്; ആപ്പ് സ്റ്റോറിലും ഗൂഗ്ള്‍ പ്ലേസ്റ്റോറിലും ഒന്നാമന്‍

കഴിഞ്ഞ 30 ദിവസത്തിനിടെ 'ഇന്ത്യന്‍ ഓയില്‍ വണ്‍' ആപ്പ് 40 ലക്ഷത്തിലധികം തവണയാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്

Dhanam News Desk

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ചാറ്റ് ജിപിറ്റിയെയും സോഷ്യല്‍ മീഡിയ ഭീമന്മാരെയും പിന്നിലാക്കി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഔദ്യോഗിക ആപ്പ് ഇന്ത്യന്‍ ഓയില്‍ വണ്‍ ആപ്പ് റെക്കോര്‍ഡ് നേട്ടത്തിലേക്ക്. ആപ്പിള്‍ ആപ്പ് സ്റ്റോറിലെ 'ടോപ്പ് ഫ്രീ ആപ്പ്' (Top Free App) വിഭാഗത്തിലാണ് ഇന്ത്യന്‍ ഓയില്‍ വണ്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പായി ഇത് മാറിയത് സാങ്കേതിക മേഖലയെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആപ്പ് സ്റ്റോറില്‍ ഒന്നാം സ്ഥാനത്തായിരുന്ന ചാറ്റ് ജിപിറ്റിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്‍ഡേന്‍ ഉപഭോക്താക്കളുടെ ഈ മുന്നേറ്റം. ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുക, പേയ്മെന്റുകള്‍ നടത്തുക, പുതിയ കണക്ഷന് അപേക്ഷിക്കുക തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന ആപ്പാണിത്. ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ ജനപ്രിയ ആപ്പുകളെല്ലാം ഇന്ത്യന്‍ ഓയില്‍ ആപ്പിന് പിന്നിലായി.

കഴിഞ്ഞ 30 ദിവസത്തിനിടെ 'ഇന്ത്യന്‍ ഓയില്‍ വണ്‍' ആപ്പ് 40 ലക്ഷത്തിലധികം തവണയാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത മറ്റ് ആപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ ഉയര്‍ന്ന കണക്കാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇതുവരെ ഒരു ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ മാത്രം രേഖപ്പെടുത്തിയിട്ടുള്ള 'ഇന്ത്യന്‍ ഓയില്‍ പി.എന്‍.ജി' (IndianOil PNG) ആപ്പിനേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇപ്പോള്‍ ഈ ആപ്പിന്റെ സ്ഥാനം.

ഗ്യാസ് സിലിണ്ടറുകള്‍ തീര്‍ന്നുപോകുമോ എന്ന ഭീതിയിലുള്ള 'പാനിക് ബുക്കിംഗ്' കാരണം ചില ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ സാങ്കേതിക തകരാറുകളും നേരിട്ടു. പഞ്ചാബില്‍ സാധാരണയേക്കാള്‍ 30 മുതല്‍ 40 ശതമാനം വരെ ബുക്കിംഗ് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് പ്രാദേശിക ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുകയും പുതിയ ബുക്കിംഗുകള്‍ സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തതായി ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

എൽ.പി.ജി ബുക്കിംഗ് ഉയര്‍ന്നു

കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ വിവിധ നഗരങ്ങളിലെ എൽ.പി.ജി വിതരണ കേന്ദ്രങ്ങളിൽ ഉപഭോക്താക്കളുടെ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്. പാചകവാതക വിതരണം പരിമിതപ്പെടുകയും വില കുത്തനെ ഉയരുകയും ചെയ്തതോടെ രാജ്യത്തുടനീളമുള്ള ഹോട്ടലുകളും ഭക്ഷണശാലകളും ഒന്നുകിൽ അടച്ചുപൂട്ടുകയോ അല്ലെങ്കിൽ ലഭ്യമായ വിഭവങ്ങളുടെ പട്ടിക (Menu) വെട്ടിച്ചുരുക്കുകയോ ചെയ്യുന്ന അവസ്ഥയിലാണ്.

പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ വീടുകളിലെ ശരാശരി എല്‍.പി.ജി ബുക്കിംഗ് 55.7 ലക്ഷം സിലിണ്ടറുകളായിരുന്നു. എന്നാല്‍ മാര്‍ച്ച് 12 വ്യാഴാഴ്ചവരെയുള്ള കാലയളവില്‍ ഈ സംഖ്യയില്‍ 35 ശതമാനത്തിലധികം വര്‍ധനവുണ്ടാവുകയും ബുക്കിംഗുകളുടെ എണ്ണം 75.7 ലക്ഷമായി ഉയരുകയും ചെയ്തു.

ഇതിനൊപ്പം തന്നെ എൽ.പി.ജി സിലിണ്ടറുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വർദ്ധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഗ്യാസിന് ബദലായി ഇൻഡക്ഷൻ കുക്ക് ടോപ്പുകൾക്കും മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾക്കുമായി ഉപഭോക്താക്കൾ ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലേക്ക് കൂട്ടത്തോടെ തിരിയുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT