പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ നീളുന്നതിനിടയില്‍ ഇന്ത്യയിലെ മദ്യ വ്യവസായികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാറുകളില്‍ സമ്മര്‍ദം. മദ്യത്തിന്റെ വില കൂട്ടണം. അസംസ്‌കൃത വസ്തുക്കളുടെയും പാക്കേജിങ് സാമഗ്രികളുടെയും ഗതാഗതച്ചെലവിന്റെയും കുതിച്ചുചാട്ടം കമ്പനികളെ പ്രയാസപ്പെടുത്തുന്നുവെന്നാണ് വ്യവസായ സംഘടനകളുടെ വാദം.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബവ്‌റിജസ് കമ്പനീസ് (CIABC), ബ്രൂവേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (BAI) തുടങ്ങിയ സംഘടനകളാണ് സംസ്ഥാനങ്ങളോട് മദ്യവില 15 മുതല്‍ 20 ശതമാനം വരെ ഉയര്‍ത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ചരക്കുകപ്പല്‍ ഗതാഗത ചെലവും ഇന്‍ഷുറന്‍സ് ചെലവും കൂടിയതും അവര്‍ ചൂണ്ടിക്കാട്ടി.
ബ്രൂവേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ വിനോദ് ഗിരി പറയുന്നതനുസരിച്ച് ഗ്ലാസ് ബോട്ടിലുകളുടെ വില ഏകദേശം 20 ശതമാനം വരെ ഉയര്‍ന്നു. കാര്‍ട്ടണ്‍ ബോക്സുകളുടെ ചെലവ് ഇരട്ടിയായി. പാക്കേജിങ്ങില്‍ ഉപയോഗിക്കുന്ന LDPE (Low-Density Polyethylene), BOPP (Biaxially Oriented Polypropylene) ഫിലിം, രാസവസ്തുക്കള്‍ എന്നിവയുടെ വില 20 മുതല്‍ 25 ശതമാനം വരെ ഉയര്‍ന്നതായും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയിലെ മദ്യ നിര്‍മാണ മേഖലയ്ക്ക് ആഘാതം ഉണ്ടാകുന്നത് ഇറക്കുമതി ചെയ്യുന്ന മദ്യങ്ങള്‍ മാത്രമല്ല. ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന ബിയര്‍, വിസ്‌കി, സ്പിരിറ്റ്‌സ് എന്നിവയ്ക്കും വിദേശ ആശ്രിതമായ നിരവധി പാക്കേജിങ്-പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ആവശ്യമാണ്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയുടെ വലിയൊരു വിഭാഗം ക്രൂഡ് ഓയില്‍ എത്തുന്നത്. അവിടെയുള്ള സംഘര്‍ഷ സാധ്യതകള്‍ ക്രൂഡ് ഓയില്‍ വില, കപ്പല്‍ ഗതാഗത നിരക്ക്, ഇന്‍ഷുറന്‍സ് ചെലവ് എന്നിവയെല്ലാം ഉയര്‍ത്തുകയാണ്. ഇതിന്റെ പ്രതിഫലനം ഊര്‍ജാധിഷ്ഠിത വ്യവസായങ്ങളിലൊക്കെയും പ്രകടമാണ്.
ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ആവശ്യകതയുടെ ഏകദേശം 88 ശതമാനവും ഇറക്കുമതിയിലാണ് ആശ്രയിക്കുന്നത്. ക്രൂഡ് ഓയില്‍ വില ഉയരുമ്പോള്‍ പ്ലാസ്റ്റിക് ഫിലിം, ലേബല്‍, ബോട്ടില്‍ ക്യാപ്, പാക്കേജിങ് ഷീറ്റ് തുടങ്ങിയ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ചെലവും കൂടും. മദ്യ വ്യവസായത്തിലെ പ്രധാന ചെലവുകളിലൊന്നാണിത്.
ഗ്ലാസ് നിര്‍മാണം വലിയ തോതില്‍ ഊര്‍ജം ആവശ്യപ്പെടുന്ന മേഖലയാണ്. സോഡ ആഷ്, നാചുറല്‍ ഗ്യാസ്, ഫര്‍ണസ് ഓയില്‍ എന്നിവയുടെ വില കൂടുന്നത് ബോട്ടില്‍ നിര്‍മാണ ചെലവ് വര്‍ധിപ്പിക്കുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ സോഡ ആഷിന്റെ ഒരു വിഹിതം ഇറക്കുമതിയിലൂടെയാണ് ലഭിക്കുന്നത്.
ബിയര്‍, റെഡി-ടു-ഡ്രിങ്ക് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന അലുമിനിയം കാനുകളുടെ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഒരു ഭാഗം ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ആഗോള ചരക്കുകപ്പല്‍ പ്രതിസന്ധി കാരണം കാന്‍ വിതരണത്തില്‍ നേരത്തെ തന്നെ തടസ്സം നേരിട്ടിരുന്നു. ചില സോഫ്റ്റ് ഡ്രിങ്കുകളുടെ വില വര്‍ധനയ്ക്കും ഇതേ പ്രശ്‌നം കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മദ്യ വ്യവസായത്തില്‍ ഉപയോഗിക്കുന്ന പ്രീമിയം കാര്‍ട്ടണ്‍ ബോക്സുകള്‍ക്കും പേപ്പര്‍ ബോര്‍ഡുകള്‍ക്കും ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്നു. ഇന്തോനേഷ്യ, ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് ഇപ്പോള്‍ ഗതാഗത ചെലവ് കൂടിയിരിക്കുകയാണ്.
ബ്രൂവറി മുതല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വരെ ഉല്‍പ്പന്നം എത്തിക്കുന്ന ചെലവില്‍ വലിയ വര്‍ധനയുണ്ടായെന്നാണ് കമ്പനികളുടെ വാദം.
ഇന്ത്യയില്‍ മദ്യവില നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളെ പോലെ കമ്പനികള്‍ക്ക് സ്വമേധയാ വില ഉയര്‍ത്താനാവില്ല. അതിനാല്‍ അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുയരുമ്പോള്‍ കമ്പനികളുടെ ലാഭവിഹിതം ചുരുങ്ങുന്നു. വില കൂട്ടാന്‍ അനുവദിക്കാത്ത പക്ഷം ഉല്‍പ്പാദനം കുറയ്‌ക്കേണ്ട സാഹചര്യമുണ്ടാകാമെന്നും പുതിയ നിക്ഷേപങ്ങള്‍ വൈകിപ്പിക്കേണ്ടി വരാമെന്നും വ്യവസായ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
പശ്ചിമേഷ്യയിലെ സാഹചര്യം ഇപ്പോഴും അനിശ്ചിതമാണ്. സംഘര്‍ഷം നീണ്ടുനില്‍ക്കുന്ന പക്ഷം ഇന്ത്യന്‍ മദ്യ വ്യവസായത്തിന് കൂടുതല്‍ സമ്മര്‍ദം നേരിടേണ്ടി വരാമെന്ന ആശങ്കയാണ് വിപണി പങ്കാളികള്‍ക്കിടയില്‍ ഉയരുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine