ഇലക്ട്രിക് എയര്‍ ടാക്‌സികളുടെ യുഗത്തിലേക്ക് ഇന്ത്യയും ചുവടുവെക്കുന്നു. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ.ഐ.ടി മദ്രാസ് അധിഷ്ഠിത സ്റ്റാര്‍ട്ടപ്പായ 'ദി ഇ-പ്ലേന്‍ കമ്പനി' (The ePlane Company) ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് വിമാനമായ e200X-ന്റെ ഫുള്‍ സ്‌കെയില്‍ പ്രോട്ടോടൈപ്പ് (PT-01) ഔദ്യോഗികമായി പുറത്തിറക്കി.
ഐ.ഐ.ടി മദ്രാസിലെ പ്രൊഫസറായ സത്യ ചക്രവര്‍ത്തി സ്ഥാപിച്ച ഈ സ്ഥാപനം, ഇന്ത്യയില്‍ പൂര്‍ണമായും രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്ന ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (eVTOL) വിമാനങ്ങളാണ് വികസിപ്പിക്കുന്നത്.
2 കോടി ഡോളറിലധികം (ഏകദേശം 192 കോടി രൂപയിലധികം) ഫണ്ടിംഗ് സമാഹരിച്ച ഈ ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പിന് ഇതിനകം തന്നെ 100 കോടി ഡോളറിലധികം (9,645 കോടി രൂപ) മൂല്യം വരുന്ന പ്രീ-ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞു. 800-ലധികം വിമാനങ്ങള്‍ക്കായുള്ള ഓര്‍ഡറുകള്‍/താല്‍പ്പര്യങ്ങള്‍ ഇതിനകം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
തുടക്കത്തില്‍ എയര്‍ ആംബുലന്‍സ് സര്‍വീസുകള്‍ക്കാണ് കമ്പനി മുന്‍ഗണന നല്‍കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ രോഗികളെയും അവയവ മാറ്റശസ്ത്രക്രിയകള്‍ക്കുള്ള അവയവങ്ങളും ഗതാഗതക്കുരുക്കില്‍പ്പെടാതെ സമയബന്ധിതമായി ആശുപത്രികളില്‍ എത്തിക്കാന്‍ ഇത് സഹായകമാകും. തുടര്‍ന്ന് യാത്രാ ആവശ്യങ്ങള്‍ക്കുള്ള എയര്‍ ടാക്‌സിയായും ചരക്കുനീക്കത്തിനുള്ള കാര്‍ഗോ വിമാനമായും സര്‍വീസ് വിപുലീകരിക്കും.
വലിയ റണ്‍വേകള്‍ ആവശ്യമില്ലാതെ തന്നെ ഹെലിപാഡുകളിലും കെട്ടിടങ്ങളുടെ ടെറസുകളിലും ലാന്‍ഡ് ചെയ്യാനും ടേക്ക്-ഓഫ് ചെയ്യാനും സാധിക്കുമെന്നത് നഗരപ്രദേശങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ്. വന്‍കിട വിമാനത്താവളങ്ങളെയും ഐ.ടി പാര്‍ക്കുകളെയും ടൂറിസം കേന്ദ്രങ്ങളെയും തമ്മില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ബന്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും.
നിലവില്‍ പ്രോട്ടോടൈപ്പ് നിര്‍മ്മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (DGCA) അംഗീകാരങ്ങള്‍ക്കായി ഗ്രൗണ്ട്, ഫ്ൈളറ്റ് പരിശോധനകള്‍ ഉടന്‍ ആരംഭിക്കും. 2027-ഓടെ ആവശ്യമായ ടെസ്റ്റ് ഫ്ൈളറ്റുകള്‍ പൂര്‍ത്തിയാക്കി 2028-ല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഇലക്ട്രിക് എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
PT-01 ഒരു പരീക്ഷണാത്മക പ്രോട്ടോടൈപ്പായതിനാല്‍ പൈലറ്റ് ഉണ്ടാകില്ല. ആദ്യ പ്രോട്ടോടൈപ്പില്‍ തന്നെ ഒരു മനുഷ്യനെ വച്ച് അപകടസാധ്യത വരുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് പ്രൊഫ. സത്യ ചക്രവര്‍ത്തി പയുന്നത്.
ഇപ്പോഴത്തെ ഫ്‌ളൈ-ബൈ-വയര്‍ സാങ്കേതികവിദ്യ പൈലറ്റില്ലാതെ തന്നെ സുരക്ഷിതമായി പ്രാഥമിക പരീക്ഷണം നടത്താന്‍ പ്രാപ്തമാണ്. ഒരൊറ്റ പ്രൊപ്പല്‍ഷന്‍ യൂണിറ്റ് പരാജയപ്പെട്ടാലും വിമാനത്തിന് സുരക്ഷിതമായി പ്രവര്‍ത്തിക്കാനാകുമെന്ന് തെളിയിച്ച ശേഷമേ ആളുകളെ കയറ്റൂ എന്നതാണ് നിലപാട്.
e200X വിമാനം പൈലറ്റും 200 കിലോഗ്രാം പേലോഡും വഹിക്കാന്‍ തക്കവണ്ണമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൈലറ്റിന്റെ ഭാരം ഇതില്‍ ഉള്‍പ്പെടുന്നില്ല. എയര്‍ ആംബുലന്‍സുകളില്‍ ഒരു രോഗി, പാരമെഡിക്, ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളും.
IIT Madras-incubated startup The ePlane Company unveils full-scale prototype of e200X electric air taxi with over $1 billion in pre-orders.
Read DhanamOnline in English
Subscribe to Dhanam Magazine